| Tuesday, 6th June 2023, 11:59 pm

ആ കഥാപാത്രത്തെ കണ്ടിട്ട് എങ്ങനെയാണ് ഒരാൾക്ക് ഇത്രയും വെറുപ്പിക്കാൻ ആവുക എന്ന് റഹ്മാനോട് ചോദിച്ചു: രജിഷ വിജയൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടെലിവിഷൻ അവതാരകയായി പ്രേക്ഷകരിലേക്ക് എത്തിയ നടിയാണ് രജിഷ വിജയൻ. ഇന്ന് ബിഗ് സ്‌ക്രീനിലൂടെ കൂടുതൽ പ്രേക്ഷകരിലേക്ക് അടുത്ത്കൊണ്ടിരിക്കുകയുമാണ് താരം. താൻ ചെയ്തിട്ടുള്ള കഥാപാത്രങ്ങളെപ്പറ്റിയും അവയുടെ പ്രത്യേകതകളെപറ്റിയും സംസാരിക്കുകയാണ് രജിഷ.

അനുരാഗ കരിക്കിൻവെള്ളം എന്ന ചിത്രത്തിലെ കഥാപാത്രം പോലെ മറ്റൊന്ന് ഇപ്പോൾ പ്രേക്ഷകർ ചോദിക്കാറില്ലെന്ന് രജിഷ പറഞ്ഞു. ആ കഥാപാത്രം ആളുകൾ സ്വീകരിക്കുമെന്ന് താൻ പ്രതീക്ഷിച്ചില്ലെന്നും താരം കൂട്ടിച്ചേർത്തു. ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രജിഷ.

”എലി’ എന്ന കഥാപാത്രത്തെ ആളുകൾക്ക് ഇഷ്ടമാണെന്ന് പറഞ്ഞിട്ടുണ്ട്. അതിന് പ്രധാന കാരണം ഞാൻ പെർഫോം ചെയ്‌തതുകൊണ്ടല്ല. ആ കഥാപാത്രത്തെ വളരെ ഭംഗിയിൽ തിരക്കഥയിൽ എഴുതി വെച്ചിട്ടുള്ളത്‌കൊണ്ടാണ് അത് സ്വീകരിക്കപ്പെട്ടത്. ആ കഥാപാത്രം എനിക്ക് ഒട്ടും റിലേറ്റ് ചെയ്യാൻ കഴിയുന്ന ഒന്നായിരുന്നില്ല. ആ കഥാപാത്രത്തിന് ഒട്ടും സെല്ഫ് റെസ്‌പെക്ട് ഇല്ല.

എങ്ങനെയാണ് ഒരാൾക്ക് ഇത്രയും വെറുപ്പിക്കാൻ പറ്റുക എന്ന് ഞാൻ ഖാലിദ് റഹ്മാനോട് എപ്പോഴും ചോദിക്കും. ഇത് നീയല്ല, ഇത് കഥാപാത്രമാണ്. അതങ്ങോട്ട് ചെയ്താൽ മതിയെന്ന് റഹ്‌മാൻ പറയും.

ഓരോ അഭിനേതാക്കളെക്കൊണ്ടും വേണ്ടതെന്താണെന്ന് ഒപ്പിയെടുക്കാൻ നന്നായിട്ട് അറിയാവുന്ന ഒരു സംവിധായകനാണ് ഖാലിദ് റഹ്മാൻ,’ രജിഷ പറഞ്ഞു.

എലി എന്ന കഥാപാത്രത്തിന് കിട്ടിയ സ്വീകാര്യത തനിക്ക് ഒരു അത്ഭുതമായിരുന്നെന്നും അതുപോലൊരു കഥാപാത്രം ഇനിയും വേണമെന്ന് ആരും തന്നോട് പറഞ്ഞിട്ടില്ലെന്നും താരം പറഞ്ഞു.

‘എനിക്ക് വലിയൊരു അത്ഭുതമായിരുന്നു എലി എന്ന കഥാപാത്രം. അതിന്കിട്ടിയ സ്വീകാര്യത എനിക്ക് അത്ഭുതമാണ്. ഇതുവരെ ആരും എന്നോട് എലിയെപോലെ ഒരു കഥാപാത്രം ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. എനിക്ക് തോന്നുന്നു പ്രേക്ഷകർക്ക് കണ്ടതൊക്കെ തന്നെ വീണ്ടും കാണാൻ ആഗ്രഹമില്ലെന്ന്. ചെയ്യുന്ന നമുക്കും താല്പര്യമില്ല,’ രജിഷ പറഞ്ഞു.

Content Highlights: Rajisha Vijayan on Anuraga Karikkinvellam

We use cookies to give you the best possible experience. Learn more