രജിഷ വിജയന്‍, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ പകലും പാതിരാവും തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ഇടുക്കിയിലെ ഒരു ദരിദ്ര കുടുംബത്തെ കേന്ദ്രീകരിച്ച് നടക്കുന്ന ത്രില്ലറാണ് ചിത്രം.
Spoiler Alert
അത്യാഗ്രഹവും ആര്‍ത്തിയുമാണ് മനുഷ്യരുടെ സകല പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് പറഞ്ഞായിരുന്നു ആദ്യം പുറത്ത് വന്ന സിനിമയുടെ ടീസര്‍ ആരംഭിക്കുന്നത്. അത് തന്നെയാണ് സിനിമയുടെ ക്യാപ്ഷനെന്നും പറയാം. മനുഷ്യന്റെ ആര്‍ത്തിയും അത്യാഗ്രഹവും അവരുടെ ജീവിതത്തേയും ഒപ്പം മറ്റുള്ളവരുടെ ജീവിതത്തേയും എങ്ങനെ ബാധിക്കുന്നു എന്നതാണ് ഈ ചിത്രത്തില്‍ കാണിക്കുന്നത്. ചില സമയത്ത് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ചില കുറ്റകൃത്യങ്ങള്‍ നാട്ടിന്‍പുറത്ത് നിന്നും വാര്‍ത്തകളാവാറുണ്ട്. ഈ സിനിമ കണ്ട് കഴിയുമ്പോള്‍ അതൊക്കെ ആവാം പ്രേക്ഷകരുടെ മനസിലേക്ക് വരുന്നത്.
ടീസറിലും ട്രെയ്‌ലറിലും കുഞ്ചാക്കോ ബോബനാണ് നിറഞ്ഞ് നില്‍കുന്നതെങ്കിലും സിനിമ കാണുമ്പോള്‍ സ്ഥിതി മാറും, കേന്ദ്രബിന്ദു രജിഷയാണ്. സിനിമയില്‍ ഏറ്റവുമധികം സ്‌ക്രീന്‍ സ്‌പേസുള്ള കഥാപാത്രവും രജിഷ തന്നെ. ചിത്രത്തില്‍ ഏറ്റവും മികച്ച, ഏറ്റവും കണ്‍വിന്‍സിങ്ങായ ക്യാരക്ടര്‍ ആര്‍ക്ക് ഉള്ളത് രജിഷക്കാണ്. മുമ്പ് മലയാള സിനിമയിലെ മലയോര ഗ്രാമങ്ങളില്‍ കാണാറുള്ള നിഷ്‌കളങ്കയായ പാവം പിടിച്ച പെണ്ണല്ല രജിഷയുടെ മേഴ്‌സി. വീട്ടില്‍ വന്ന് ഭീഷണി മുഴക്കുന്ന ക്രൂരനായ പലിശക്കാരന്‍ മുതലാളിയോട് ‘കുരക്കാതിരിക്കെടാ പട്ടി’ എന്ന് പറയാനുള്ള ഉശിര് മേഴ്‌സിക്കുണ്ട്.