|

ഇനിയും വേണോ, ഈ ചോദ്യം മാറ്റിപിടിക്കാനുള്ള സമയമായി; അഭിമുഖത്തില്‍ രജിഷ വിജയന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രിയ വാര്യര്‍ക്കെതിരായ ട്രോളുകളെ പറ്റിയുള്ള ചോദ്യങ്ങള്‍ ഇനിയും ചോദിക്കണോയെന്ന് രജിഷ വിജയന്‍. പുതിയ ചിത്രത്തിന്റെ ഭാഗമായി പങ്കെടുത്ത അഭിമുഖങ്ങളിലെല്ലാം ഈ ചോദ്യം പ്രിയ നേരിടുകയാണെന്നും ഇപ്പോള്‍ അത്തരം അറ്റാക്കുകള്‍ നടക്കുന്നില്ലല്ലോ എന്നും ഒബ്‌സ്‌ക്യൂറ മോഷന്‍ പിക്‌ച്ചേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ രജിഷ ചോദിച്ചു.

‘പത്തിരുപത് അഭിമുഖം കൊടുത്തതില്‍ എല്ലാവരും പ്രിയയോട് ചോദിക്കുന്ന ചോദ്യമിതാണ്. എല്ലായിടത്തും പ്രിയ അതിന് മറുപടി നല്‍കുന്നുണ്ട്. ആ ഒരു ഫേസ് കഴിഞ്ഞു. അഡാര്‍ ലവിന്റെ സമയത്താണ് ഈ ഇന്റര്‍നെറ്റ് സെന്‍സേഷനുണ്ടായതും കണ്ണിറുക്കല്‍ വൈറലാവുന്നതും പ്രിയ വാര്യര്‍ എന്ന ആള്‍ വൈറലാവുന്നതും.

അത് കഴിഞ്ഞ് നാല് വര്‍ഷമായി, മൂന്ന് സിനിമകള്‍ ചെയ്തു. ഇപ്പോള്‍ ട്രോള്‍ രൂപത്തില്‍ പ്രിയ അറ്റാക്ക് ചെയ്യപ്പെടുന്നുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. പോസ്റ്റീവ് ട്രോളാണെങ്കിലും നെഗറ്റീവ് ട്രോളാണെങ്കിലും ഞാനൊന്നും കണ്ടില്ല. ഈ ചോദ്യം മാറ്റിപിടിക്കാനുള്ള സമയമായി എന്ന് എനിക്ക് തോന്നുന്നു.

ഇതേ ചോദ്യം തന്നെ പ്രിയയോട് ഇത്രയും കാലം ചോദിച്ചുകൊണ്ടിരിക്കുകയാണ്. ഇനിയും അതിന് സ്‌പേസ് കൊടുക്കണമെന്ന് തോന്നുന്നില്ല. അത് കഴിഞ്ഞല്ലോ,’ രജിഷ പറഞ്ഞു.

കൊള്ളയാണ് ഒടുവില്‍ പുറത്തിറങ്ങിയ ഇരുവരുടെയും ചിത്രം. ബോബി- സഞ്ജയ് കഥയെഴുതിയ ചിത്രം സംവിധാനം ചെയ്തത് സൂരജ് വര്‍മയാണ്. രജീഷ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി. രജീഷാണ് ചിത്രം നിര്‍മിച്ചത്.

വിനയ് ഫോര്‍ട്ട്, അലന്‍സിയര്‍, പ്രശാന്ത് അലക്സാണ്ടര്‍, ജിയോ ബേബി, ഷെബിന്‍ ബെന്‍സന്‍, പ്രേം പ്രകാശ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജൂണ്‍ ഒമ്പതിനാണ് കൊള്ള റിലീസ് ചെയ്തത്.

Content Highlight: Rajisha Vijayan about the questions of Trolls Against Priya Warrier