| Saturday, 21st October 2023, 4:30 pm

എന്നെക്കാള്‍ പ്രതിഫലം ഫഹദും ആസിഫും വാങ്ങിയിട്ടുണ്ട്; നായകന്മാരേക്കാള്‍ കൂടുതല്‍ പ്രതിഫലം എനിക്ക് കിട്ടിയ സമയവുമുണ്ട്: രജിഷ വിജയന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയിലെ പ്രതിഫലം സീനിയോറിറ്റിയെയോ ആണ്‍-പെണ്‍ ഭേദത്തെയോ അടിസ്ഥാനമാക്കിയല്ല നിശ്ചയിക്കുന്നതെന്ന് നടി രജിഷ വിജയന്‍. സാധാരണ ഓഫീസ് സിസ്റ്റത്തിലെ വേതനവ്യവസ്ഥയോട് അതിനെ താരതമ്യം ചെയ്യാന്‍ പാടില്ലെന്നും താരം പറഞ്ഞു. ഗൃഹലക്ഷ്മിയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രജിഷ.

മുമ്പ് അഭിനയിച്ച സിനിമയുടെ വിജയം, സാറ്റലൈറ്റ് റേറ്റ്, ഒ.ടി.ടി റേറ്റ് എന്നീ കാര്യങ്ങളാണ് പ്രതിഫലം തീരുമാനിക്കുന്നതെന്നും പുതിയ നായകന്മാര്‍ക്കൊപ്പം അഭിനയിച്ചപ്പോള്‍ തനിക്ക് അവരേക്കാള്‍ ഉയര്‍ന്ന പ്രതിഫലം കിട്ടിയിട്ടുണ്ടെന്നും രജിഷ പറയുന്നു.

എന്നാല്‍ ഫഹദ് ഫാസിലിന്റെയും ആസിഫ് അലിയുടെയും കൂടെ അഭിനയിച്ചപ്പോള്‍ അങ്ങനെയായിരുന്നില്ലെന്നും സിനിമ ബിസിനസുകൂടിയാണെന്നും താരം കൂട്ടിചേര്‍ത്തു.

‘ഒരു പ്രത്യേക ഭാഷയില്‍ മാത്രം ഫോക്കസ് ചെയ്ത് അഭിനയിക്കാനുള്ള മോഹമൊന്നും എനിക്കില്ല. ഭാഷ ഏതായാലും കഥാപാത്രം നല്ലതാണെന്ന് തോന്നിയാല്‍ അഭിനയിക്കും.

എനിക്ക് ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങള്‍ കൂടുതലും വരുന്നത് മലയാള സിനിമയില്‍ നിന്നായതിനാല്‍ ഇവിടെ ശ്രദ്ധ നല്‍കുന്നു. ഭാഷയുടെ മുകളിലുള്ള കണ്‍ട്രോള്‍ അഭിനയത്തിന് ഗുണം ചെയ്യും. മറ്റുള്ള ഏത് ഭാഷയേക്കാളും ഞാന്‍ വര്‍ക്ക് ചെയ്യാനാഗ്രഹിക്കുന്നത് മലയാളസിനിമയിലാണ്.

ഒരു സിനിമ തെരഞ്ഞെടുക്കുമ്പോള്‍ അതില്‍ നായികയായിരിക്കണം, മുഴുനീള കഥാപാത്രമായിരിക്കണമെന്നൊക്കെയുള്ള നിര്‍ബന്ധങ്ങളൊന്നും എനിക്കില്ല. ആ കഥാപാത്രം ചിത്രത്തിന്റെ കഥയ്ക്ക് എന്തെങ്കിലും സംഭാവന ചെയ്യുന്നതായിരിക്കണം.

ആ തീരുമാനങ്ങള്‍ക്കൊപ്പം വലിയ സംവിധായകരുടെയും നടന്മാരുടെയും നല്ല പ്രൊഡക്ഷന്‍ ഹൗസിന്റെയും സിനിമ വരുന്നത് മറ്റൊരു ഭാഗ്യമാണ്.

ഞാന്‍ കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതിനേക്കാള്‍ കഥാപാത്രങ്ങള്‍ എന്നെത്തേടി വരാറാണുള്ളത്. മുന്‍പരിചയത്തിന്റെ പേരില്‍ തേടിയെത്തുന്നതല്ല. മുമ്പ് ചെയ്ത സിനിമയിലെ കഥാപാത്രങ്ങളാണ് എനിക്കുവേണ്ടി സംസാരിക്കുന്നത്.

സംസ്ഥാന അവാര്‍ഡ് എനിക്ക് കിട്ടിയ ലൈഫ്‌ടൈം അംഗീകാരമാണ്. അഭിനയവുമായി മുന്നോട്ട് പോകാന്‍ കഴിയുമോയെന്ന് സംശയിച്ചു നില്‍ക്കുന്ന കാലത്ത്, വലിയ ആത്മവിശ്വാസമാണ് ആ അവാര്‍ഡ് സമ്മാനിച്ചത്.

സിനിമയിലെ പ്രതിഫലം സീനിയോറിറ്റിയെയോ ആണ്‍-പെണ്‍ ഭേദത്തെയോ അടിസ്ഥാനമാക്കിയല്ല നിശ്ചയിക്കുന്നത്. സാധാരണ ഓഫീസ് സിസ്റ്റത്തിലെ വേതനവ്യവസ്ഥയോട് അതിനെ താരതമ്യം ചെയ്യാനും പാടില്ല.

മുമ്പ് അഭിനയിച്ച സിനിമയുടെ വിജയം, സാറ്റലൈറ്റ് റേറ്റ്, ഒ.ടി.ടി റേറ്റ് എന്നീ കാര്യങ്ങളാണ് പ്രതിഫലം തീരുമാനിക്കുന്നത്. പുതിയ നായകന്മാര്‍ക്കൊപ്പം അഭിനയിച്ചപ്പോള്‍, അവരേക്കാള്‍ ഉയര്‍ന്ന പ്രതിഫലം കിട്ടിയിട്ടുണ്ട്.

എന്നാല്‍ ഫഹദിക്കയുടെയും ആസിഫിക്കയുടെയും കൂടെ അഭിനയിച്ചപ്പോള്‍ അങ്ങനെയായിരുന്നില്ല. സിനിമ ബിസിനസുകൂടിയാണ്,’ രജിഷ പറയുന്നു.

Content Highlight: Rajisha Vijayan About Malayalam Movies

We use cookies to give you the best possible experience. Learn more