കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യമുള്ള സിനിമകള്‍ മാത്രമാണ് താന്‍ തെരഞ്ഞെടുക്കുന്നതെന്ന് നടി രജിഷ വിജയന്‍. സിനിമയില്‍ മുഴുനീളം തന്റെ മുഖം തന്നെ കാണിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും അതുകൊണ്ടാണ് മലയന്‍കുഞ്ഞ് പോലെയുള്ള സിനിമകള്‍ ചെയ്തതെന്നും താരം പറഞ്ഞു.
കൂടെ അഭിനയിക്കുന്നത് ആരാണെന്ന് നോക്കിയിട്ടല്ല സിനിമകള്‍ ചെയ്യുന്നതെന്നും തിരക്കഥക്കും കഥാപാത്രത്തിനുമാണ് താന്‍ പ്രാധാന്യം നല്‍കുന്നതെന്നും മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ രജിഷ വിജയന്‍ പറഞ്ഞു.
‘എന്റെ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യമുള്ള സിനിമകള്‍ മാത്രമാണ് ഞാന്‍ ചെയ്യുന്നത്. പക്ഷെ സിനിമയില്‍ മുഴുവന്‍ എന്റെ മുഖം കാണണമെന്ന് ഞാന്‍ പറയുന്നില്ല. അഞ്ച് മിനിട്ട് മാത്രമുള്ള മലയന്‍കുഞ്ഞും ചെയ്യുന്നുണ്ട് കുറച്ച് നേരം മാത്രം വന്നുപോകുന്ന ജെബിനും ചെയ്യുന്നുണ്ട്. അതിന്റെ കൂടെ തന്നെ ഫുള്‍ ടൈം കഥാപാത്രങ്ങളും ചെയ്യുന്നുണ്ട്.
കൂടെ അഭിനയിക്കുന്നത് ആരാണെന്ന് നോക്കിയല്ല ഞാന്‍ സിനിമ ചെയ്യുന്നത്. തിരക്കഥയും കഥാപാത്രവും നോക്കിയാണ് സിനിമ തെരഞ്ഞെടുക്കുന്നത്,’ രജിഷ വിജയന്‍ പറഞ്ഞു.
മലയാള സിനിമയിലെ പഴയ തലമുറ നടിമാരെ കുറിച്ചും ഇന്നത്തെ തലമുറയിലെ താരങ്ങളും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ചും രജിഷ സംസാരിച്ചു. പഴയ തലമുറയിലെ നടിമാരൊക്കെ ചെറിയ പ്രായത്തില്‍ തന്നെ ഭാര്യയായും അമ്മയായുമൊക്കെ അഭിനയിച്ചിട്ടുണ്ടെന്നും എന്നാല്‍ ഈ തലമുറയില്‍പ്പെട്ടവര്‍ക്ക് അതിന് കഴിയില്ലെന്നും രജിഷ പറഞ്ഞു.
‘അന്നത്തെ നടിമാരൊക്കെ ചെറിയ പ്രായത്തില്‍ തന്നെ ഭാര്യയായും മറ്റും അഭിനയിച്ചിട്ടുണ്ട്. ഉര്‍വശി മാമാണെങ്കിലും ശോഭന മാമാണെങ്കിലും, ആ കാലഘട്ടത്തില്‍ വന്ന മറ്റ് നടിമാരാണെങ്കിലും പതിനഞ്ച് പതിനാറ് വയസില്‍ ഭാര്യയായും അമ്മയായുമൊക്കെ അഭിനയിച്ചിട്ടുണ്ട്.
പക്ഷെ മൊത്തത്തില്‍ നമ്മുടെ ഈ തലമുറയെ നോക്കുകയാണെങ്കില്‍ ഫിസിക്കലി പക്വതയുണ്ടാകുന്നത് വളരെ പതുക്കെയാണ്. എന്നാല്‍ നമ്മുടെ മാതാപിതാക്കളുടെയൊക്കെ തലമുറ അങ്ങനെയല്ല. ഇപ്പോള്‍ മുപ്പത് വയസുള്ളവരെ കണ്ടാല്‍ 20 വയസാണെന്ന് പറയും 20 വയസുള്ളവരെ കണ്ടാല്‍ കൗമാരക്കാരാണെന്ന് പറയും,’ രജിഷ പറഞ്ഞു.
content highlight: rajisha vijayan about how she choose movies