അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടു വെയ്ക്കുകയും, ആദ്യ സിനിമയില്‍ തന്നെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കുകയും ചെയ്ത താരമാണ് രജിഷ വിജയന്‍. തന്റെ ആദ്യ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് താരമിപ്പോള്‍.
ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ്സു തുറക്കുന്നത്.
ഒരു സാധാരണക്കാരിയില്‍ നിന്നും തന്നെ ഒരു നടിയെന്ന നിലയിലേക്ക് വളര്‍ത്തിയെടുത്തത് അനുരാഗ കരിക്കിന്‍ വെള്ളത്തിന്റെ സംവിധായകനും അണിയറ പ്രവര്‍ത്തകരും ചേര്‍ന്നാണെന്നാണ് രജിഷ പറയുന്നത്.
‘എനിക്ക് സിനിമയെ കുറിച്ച് ഒരു ധാരണയുമില്ലായിരുന്നു. അങ്ങനെയുള്ള ഒരാളെക്കൊണ്ട് ഇതൊക്കെ ചെയ്യിച്ചതിന്റെ ഫുള്‍ ക്രെഡിറ്റ് സിനിമയുടെ സംവിധായകനാണ്.
സാധാരണ പറയും പോലെ നീ ജീവിച്ചാല്‍ മതി എന്നൊന്നും എന്നോട് പറഞ്ഞിട്ടില്ല. ഞാന്‍ എന്താണ് ചെയ്യേണ്ടതെന്ന് കൃത്യമായ നിര്‍ദേശങ്ങള്‍ അവരെനിക്ക് തന്നിരുന്നു.
എനിക്ക് കൃത്യമായ വര്‍ക്ക്‌ഷോപ്പ്, ട്രെയിനിംഗ് തന്നിരുന്നു. എന്നെ ഒരു നോര്‍മല്‍ പേഴ്‌സണ്‍ എന്ന നിലയില്‍ നിന്നും ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയിലേക്ക് മാറ്റിയെടുത്തത് ആ ടീമാണ്.
ആ സിനിമയുടെ കാസ്റ്റ് ആന്‍ഡ് ക്രൂ, അവരുടെ സപ്പോര്‍ട്ട് കൊണ്ട് മാത്രമാണ് അഭിനയത്തെ കുറിച്ച് ഞാന്‍ എന്തെങ്കിലും അറിഞ്ഞത്. എന്നെക്കൊണ്ട് ഒരു ആക്ടര്‍ ആവാന്‍ സാധിക്കുമെന്ന് ഞാന്‍ മനസ്സിലാക്കിയതും അതേ സപ്പോര്‍ട്ട് കൊണ്ടാണ്,’ രജിഷ പറയുന്നു.
ഒരുപിടി മികച്ച സിനിമകളാണ് ഇനി രജിഷയുടേതായി പുറത്ത് വരാനുള്ളത്. ജ്ഞാനവേലിന്റെ സംവിധാനത്തിലൊരുങ്ങുന്ന ‘ജയ് ഭീമാ’ണ് ഇക്കൂട്ടത്തില്‍ ആരാധകര്‍ ഏറെ കാത്തിരിക്കുന്നത്. ആസിഫ് അലി നായകനാവുന്ന ‘എല്ലാം ശരിയാവും’, കാര്‍ത്തി നായകനാവുന്ന തമിഴ് ചിത്രം ‘സര്‍ദാര്‍’ ശ്രീലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്റെ ബയോപിക് ആയ ‘800’ എന്നിവയാണ് രജിഷയുടെ പുതിയ പ്രൊജക്ടുകള്‍.