കരണ്‍ ജോഹറിന്റെ സിനിമയില്‍ കാണുന്ന പോലുള്ള കോളേജിലാണ് പഠിച്ചത്; അവിടെ മൂന്ന് നേരം ഭക്ഷണം കഴിക്കാതിരുന്ന ദിവസങ്ങള്‍ ഉണ്ടായിട്ടുണ്ട്: രജിഷ വിജയന്‍
Entertainment
കരണ്‍ ജോഹറിന്റെ സിനിമയില്‍ കാണുന്ന പോലുള്ള കോളേജിലാണ് പഠിച്ചത്; അവിടെ മൂന്ന് നേരം ഭക്ഷണം കഴിക്കാതിരുന്ന ദിവസങ്ങള്‍ ഉണ്ടായിട്ടുണ്ട്: രജിഷ വിജയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 21st June 2023, 11:01 pm

ആദ്യ സാലറി കൊണ്ട് വീട്ടിലെ എല്ലാവര്‍ക്കും എന്തെങ്കിലും വാങ്ങിച്ച് കൊടുക്കണമെന്ന് തന്റെ ആഗ്രഹമായിരുന്നുവെന്ന് നടി രജിഷ വിജയന്‍. തന്റെ ആദ്യത്തെ ഇന്റേണ്‍ഷിപ്പ് പൈസ് 6500 രൂപയായിരുന്നുവെന്നും അത് വെച്ച് വീട്ടിലെ എല്ലാവര്‍ക്കും ഡ്രസ് വാങ്ങി നല്‍കിയെന്നും രജിഷ പറഞ്ഞു. ജിന്‍ഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നടി ഇക്കാര്യം പറഞ്ഞത്.

‘എനിക്ക് ആദ്യത്തെ ഇന്റേണ്‍ഷിപ്പിന് കിട്ടിയത് 6500 രൂപയായിരുന്നു. അതുവെച്ച് ഞാന്‍ പോയി വീട്ടിലെ എല്ലാവര്‍ക്കും ഡ്രസ് വാങ്ങിച്ചു. അത് വാങ്ങിയപ്പോള്‍ തന്നെ എന്റെ പൈസ തീര്‍ന്നു. 6500 അല്ലേ ഉണ്ടായിരുന്നുള്ളൂ. പത്ത് പേര്‍ക്ക് വാങ്ങിയപ്പോയേക്കും അത് തീര്‍ന്നുപോയി. എന്റെ ആദ്യ സാലറി കൊണ്ട് വീട്ടിലെ എല്ലാവര്‍ക്കും എന്തെങ്കിലും വാങ്ങിച്ച് കൊടുക്കണമെന്ന് എന്റെ ആഗ്രഹമായിരുന്നു. അതായിരുന്നു ആദ്യ സാലറി കിട്ടിയപ്പോള്‍ ഞാന്‍ ചെയ്തത്,’ രജിഷ പറഞ്ഞു.

താന്‍ പഠിച്ചത് വളരെ എക്‌പെന്‍സീവായ കോളേജിലായിരുന്നൊന്നും അത് കൊണ്ട് അവിടത്തെ സ്‌കോളര്‍ഷിപ്പ് നേടുകയായിരുന്നു അവിടെ ചേര്‍ന്നപ്പോഴുള്ള ആഗ്രഹമെന്നും രജിഷ പറഞ്ഞു.

‘ഞാന്‍ പഠിച്ചത് അമിറ്റിയില്‍ ആയിരുന്നു. അത് വളരെ എക്‌സ്‌പെന്‍സീവായ കോളേജാണ്. ആദ്യം മെഡിസിന്‍ ചേരാമെന്നൊക്കെ പറഞ്ഞിട്ട് പിന്നീട് ഉള്ള സീറ്റൊക്കെ വേണ്ടാന്ന് വെച്ചിട്ടാണ് ഞാന്‍ അവിടെ പോയി ചേരുന്നത്. എനിക്ക് ജേര്‍ണലിസം ആന്‍ഡ് മാസ്‌കോം പഠിക്കണമെന്ന് വീട്ടില്‍ പറഞ്ഞു. അച്ഛനും അമ്മയും വേണ്ട എന്നൊന്നും പറയാതെയാണ് എന്നെ ചേര്‍ത്തത്. എന്നാല്‍ അവിടെ ഭയങ്കര ഫീസാണ്. ദല്‍ഹിയില്‍ ആ സമയത്ത് പഠിക്കുകയെന്ന് പറയുന്നത് ഭയങ്കര എക്‌സ്‌പെന്‍സീവ് ആണ്. ലോണ്‍ പോലും എടുക്കാതെയായിരുന്നു അവര്‍ എന്നെ വിട്ടത്. ഞാനാദ്യദിനം തന്നെ അവിടെ കാലുകുത്തിയപ്പോല്‍ അള്‍ട്രാ ലക്ഷ്വറി ആണ്. കരണ്‍ ജോഹറിന്റെ സിനിമകളില്‍ കാണുന്ന കോളേജില്ലേ, അതുപോലെ. പിള്ളേരൊക്കെ ഫുള്‍ റിച്ച്. ഫസ്റ്റ് എക്‌സാം പാസാകുവാണെങ്കില്‍ അവിടെ സ്‌കോളര്‍ഷിപ്പ് ഉണ്ട്. അന്ന് ആ പൈസ ഒക്കെ ഓര്‍ത്തപ്പോള്‍ എന്റെ ആഗ്രഹം എങ്ങനെയെങ്കിലും ആ സ്‌കോളര്‍ഷിപ്പ് നേടിയെടുക്കുക എന്നായിരുന്നു. ഫീസൊന്ന് കുറക്കുക, അച്ഛനേയും അമ്മയെയും എങ്ങനെയെങ്കിലും ഒന്ന് സഹായിക്കുക എന്നായിരുന്നു,’ രജിഷ പറഞ്ഞു.

ഹോസ്റ്റലില്‍ പഠിക്കുന്ന സമയത്ത് മൂന്ന് നേരം ഭക്ഷണം കഴിക്കാത്ത ദിവസങ്ങളൊക്കെ ഉണ്ടായിട്ടുണ്ടെന്നും അപ്പോഴൊക്കെ അമ്മയുടെ ഭക്ഷണം കഴിക്കാന്‍ ആഗ്രഹിച്ചിട്ടുണ്ടെന്നും നടി പറഞ്ഞു.

‘ഹോസ്റ്റലില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ വീട്ടിലെ അമ്മയുടെ ഭക്ഷണം കഴിക്കാന്‍ തോന്നുമായിരുന്നു. നോര്‍ത്ത് ഇന്ത്യന്‍ ഫുഡ് ഇഷ്ടമാണ്. പക്ഷെ ഭയങ്കരമായി ഹോസ്റ്റല്‍ ഫുഡ് കഴിക്കുമ്പോള്‍ അമ്മയുടെ ഫുഡ് കിട്ടാന്‍ തോന്നിപോകും. ഭയങ്കര പട്ടിണിയായിരുന്നു. മാസം കിട്ടുന്ന പൈസ ഹോസ്റ്റല്‍ ഫീസും വണ്ടി പൈസയുമൊക്കെ കഴിഞ്ഞ് കുറച്ചേ കയ്യില്‍ കാണൂ. ബ്രഡും ജാമുമോ മാഗിയോ ഒക്കെ കഴിച്ച് പോയിട്ടുണ്ട്. മൂന്ന് നേരം ഫുഡ് കഴിക്കാന്‍ പറ്റാത്ത ദിവസങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. ആ സമയത്ത് ആഗ്രഹിച്ചത് വീട്ടില്‍ നിന്ന് നല്ല ഭക്ഷണം കിട്ടിയിരുന്നെങ്കിലെന്നായിരുന്നു,’ രജിഷ പറഞ്ഞു.

മധുര മനോഹര മോഹമായിരുന്നു അവസാനമായി റിലീസ് ചെയ്ത രജിഷയുടെ ചിത്രം. രജിഷക്ക് പുറമേ ഷറഫുദ്ദീന്‍, ബിന്ദു പണിക്കര്‍, സൈജു കുറുപ്പ്, ആര്‍ഷ ബൈജു തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

 

Content Highlight: Rajisha vijayan about her college days