|

സ്‌ക്രിപ്റ്റ് വായിച്ചുകേള്‍പ്പിക്കുമ്പോള്‍ ഞാന്‍ എന്റെ അമ്മയുടെ മുഖമാണ് നോക്കിയത്; എല്ലാം ശരിയാകും സിനിമയെ കുറിച്ച് രജിഷ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

‘അനുരാഗ കരിക്കിന്‍വെള്ളം’ എന്ന സിനിമയിലൂടെ മലയാളികളുടെ മനസിലിടം പിടിച്ച നായികയാണ് രജിഷ വിജയന്‍. ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷക പിന്തുണനേടാന്‍ താരത്തിനായിട്ടുണ്ട്.

ആദ്യ സിനിമയില്‍ തന്നെ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള അവാര്‍ഡ് നേടാനായ ചുരുക്കം ചിലരില്‍ ഒരാളാണ് രജിഷ. ടെലിവിഷന്‍ പരിപാടികളില്‍ അവതാരകയായതിന് ശേഷമാണ് രജിഷ സിനിമയിലേക്ക് എത്തുന്നത്.

‘എല്ലാം ശരിയാകും’ എന്ന തന്റെ പുതിയ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരമിപ്പോള്‍. ഇന്ത്യാഗ്ലിറ്റ്സിന് നല്‍കിയ അഭിമുഖത്തിലാണ് സിനിമയെ കുറിച്ച് രജിഷ സംസാരിക്കുന്നത്.

‘എല്ലാം ശരിയാകും’ എന്ന സിനിമയുടെ കഥ അമ്മക്ക് ഇഷ്ടപ്പെട്ടോ എന്നാണ് താന്‍ ആദ്യം നോക്കിയതെന്ന് രജിഷ പറയുന്നു. ‘ജൂണ്‍ റിലീസായതിനു ശേഷമാണ് ഞാന്‍ എല്ലാം ശരിയാകാം സിനിമയുടെ കഥ കേള്‍ക്കാന്‍ പോവുന്നത്. അമ്മയും ഉണ്ടായിരുന്നു കൂടെ. കഥ കേള്‍ക്കുമ്പോള്‍ ഞാന്‍ അമ്മയെ നോക്കുകയായിരുന്നു. ഇതൊരു കുടുംബ ചിത്രമാണ്. അമ്മ എങ്ങനെയാണ് ആ കഥയെ എടുക്കുന്നത് എന്നായിരുന്നു ഞാന്‍ നോക്കിയത്. കഥ കേള്‍ക്കുമ്പോള്‍ അമ്മ ചിരിക്കുകയും ആസ്വാദിക്കുകയും ചെയ്യുന്നുണ്ട്. അവസാനം അമ്മയുടെ കണ്ണ് നനഞ്ഞു. അത് കണ്ടപ്പോള്‍ എനിക്ക് മനസിലായി ഫാമിലി പ്രേക്ഷകര്‍ക്ക് ഈ സ്‌ക്രിപ്റ്റ് ക്ലിക്കാവുമെന്ന്,’ രജിഷ പറയുന്നു.

ചിത്രത്തില്‍ ആന്‍സി എന്ന കഥാപാത്രത്തെയാണ് രജിഷ അവതരിപ്പിക്കുന്നത്. എല്ലാ കാര്യങ്ങളും മുഖത്തടിച്ച പോലെ പറയുന്ന കഥാപാത്രമാണ് ആന്‍സിയുടേതെന്നും ഇതുവരെ ചെയ്യാത്ത കഥാപാത്രമായതുകൊണ്ടാണ് ചിത്രം തെരഞ്ഞെടുത്തതെന്നും രജിഷ പറയുന്നു.

ഷാരിസ് മുഹമ്മദ് തിരക്കഥയില്‍ ജിബു ജേക്കബ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, ജോണി ആന്റണി, ജെയിംസ് ഏല്യ, ജോര്‍ഡി പൂഞ്ഞാര്‍, സേതുലക്ഷ്മി, മഹാനദി ഫെയിം തുളസി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തോമസ്സ് തിരുവല്ല ഫിലിംസ്, ഡോക്ടര്‍ പോള്‍സ് എന്റര്‍ടെയിന്‍മെന്റ് എന്നിവയുടെ ബാനറില്‍ തോമസ് തിരുവല്ല, ഡോക്ടര്‍ പോള്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീജിത്ത് നായര്‍ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

ബി കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് ഔസേപ്പച്ചനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഔസേപ്പച്ചന്‍ സംഗീതം പകരുന്ന ഇരുനൂറാമത്തെ ചിത്രമാണ് ‘എല്ലാം ശരിയാകും’ എന്ന പ്രത്യേകത കൂടെ ഈ ചിത്രത്തിനുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Latest Stories