കൊച്ചി: സ്ത്രീകള്‍ക്കെതിരായ അക്രമണങ്ങളോട് പ്രതികരിക്കാന്‍ സ്ത്രീകള്‍ക്ക് തന്നെ കഴിയണമെന്ന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവ് രജിഷാ വിജയന്‍. തന്നെ ശല്ല്യം ചെയ്ത യുവാവിന്റെ മുഖത്തടിച്ചിട്ടുണ്ടെന്നും താരം ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഒരാള്‍ പരിധി വിടുകയാണെങ്കില്‍ അത് മനസിലാക്കാനുള്ള ബോധം സ്ത്രീകള്‍ക്കുണ്ട് അത്തരം സന്ദര്‍ഭങ്ങളില്‍ തന്നെ പ്രതികരിക്കുകയാണ് വേണ്ടത്. പ്രതികരിച്ചാല്‍ നാളെ മറ്റൊരു സ്ത്രീയുടെ ജീവിതം രക്ഷിക്കല്‍ കൂടിയാകും അതെന്നും ആദ്യ സിനിമയിലെ അഭിനയത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയ താരം പറഞ്ഞു.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് സംസാരിച്ചപ്പോഴായിരുന്നു താരം തനിക്കുണ്ടായ അനുഭവത്തെക്കുറിച്ച് പറയുന്നത് “ഞാന്‍ ഒരാളെ അടിച്ചിട്ടുണ്ട്. ശരിക്കും മുഖത്ത് നോക്കി പൊട്ടിച്ചു. തന്റെ സമ്മതമില്ലാതെ ശരീരത്തില്‍ ഒരു വിരല്‍ വയ്ക്കാന്‍ പോലും നിങ്ങള്‍ക്ക് അധികാരമില്ലെന്നും താന്‍ പറഞ്ഞു.” താരം വ്യക്തമാക്കി. നമ്മളെ ഒരാള്‍ തുറിച്ച് നോക്കുമ്പോഴും ആവശ്യമില്ലാതെ പിന്തുടരുകയാണെങ്കിലും അപ്പോള്‍ തന്നെ പ്രതികരിക്കണമെന്നും താരം കൂട്ടിച്ചേര്‍ത്തു.
തെറ്റു ചെയ്യുന്നവര്‍ ഒരിക്കലും ബലാത്സംഗത്തോടെയല്ല അതിക്രമങ്ങള്‍ തുടങ്ങുന്നതെന്ന് പറഞ്ഞ താരം ഒരു സ്ത്രീയെ നോക്കി തുടങ്ങുന്നയാള്‍ പിന്നെ തോണ്ടുകയും കമന്റടിക്കുകയും ചെയ്യുമെന്നും അത് തെറി വിളിയിലേക്ക് കടക്കുമെന്നും പറഞ്ഞു. പേടിയോടെ ആയിരിക്കും അവര്‍ ഇതൊക്ക തുടങ്ങിവയ്ക്കുന്നതെന്നും ഈ സമയത്ത് തന്നെ ഒരു സ്ത്രീ പ്രതികരിച്ചാല്‍ അന്നവരുടെ ധൈര്യം ചോര്‍ന്നുപോകുമെന്നും പറയുന്നു.
സ്ത്രീകള്‍ക്കു നേരെ അതിക്രമങ്ങള്‍ കൂടാന്‍ കാരണം കര്‍ശനശിക്ഷയില്ലാത്തതാണെന്ന് പറഞ്ഞ താരം കാശുണ്ടെങ്കില്‍ ഏതു കേസില്‍നിന്നും ഊരിപ്പോരാമെന്നും കേസ് വര്‍ഷങ്ങളോളം നീണ്ടാല്‍ മരിക്കും വരെ വിധി വരില്ലെന്ന വിശ്വാസവുമാണ് പലര്‍ക്കുമെന്നും കുറ്റപ്പെടുത്തി. ഒരാളെ മര്യാദയ്ക്ക് ശിക്ഷിച്ചാല്‍ അടുത്ത തവണ അത് ചെയ്യാന്‍ പോകുന്നവന്റെ ഉള്ളിന്റെ ഉള്ളില്‍ ഒരു പേടിയുണ്ടാവുമെന്നും പക്ഷേ ഇപ്പോള്‍ ആ പേടി ആര്‍ക്കുമില്ലെന്നും താരം പറയുന്നു.