മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരജോഡികളാണ് ആസിഫ് അലിയും രജിഷ വിജയനും. അനുരാഗ കരിക്കിന്‍ വെള്ളം എന്ന സിനിമയില്‍ ഒന്നിച്ചഭിനയിച്ച് തുടങ്ങിയ താരങ്ങളുടെ പുതിയ ചിത്രം എല്ലാം ശരിയാവും വിജയകരമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.
ചിത്രീകരണസമയത്തെ രസകരമായ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ആസിഫും രജിഷയും. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും മനസുതുറക്കുന്നത്.
എല്ലാം ശരിയാവും സിനിമയില്‍ താനേറ്റവും ആസ്വദിച്ച് ചെയ്ത ഭാഗം ആസിഫിനെ ചവിട്ടുന്നതാണെന്നാണ് രജിഷ പറയുന്നത്.
‘ശരിക്കും ക്യാമറ റോള്‍ ചെയ്ത് കഴിഞ്ഞ് അഞ്ച് സെക്കന്റിന് ശേഷം ഞാന്‍ ഉറങ്ങുന്നത് എസ്റ്റാബ്ലിഷ് ആയതിന് ശേഷമാണ് ഇവള്‍ എന്നെ ചവിട്ടേണ്ടത്. ഈ അഞ്ച് സെക്കന്റില്‍ എനിക്ക് കേള്‍ക്കാം ഇവളുടെ മനസും എന്നെ ചവിട്ടാനുള്ള പ്രിപ്പറേഷനും.
അതിങ്ങനെ ഇപ്പോ തരാടാ ഇപ്പോ തരാടാ എന്നിങ്ങനെ വലുതായി വലുതായി എന്നെ ഒറ്റ ചവിട്ടായിരുന്നു. ഞാന്‍ കട്ടില്‍ നിന്ന് താഴെ വീണു, തിരിച്ച് എഴുന്നേറ്റ് വന്ന് ഡയലോഗും പറഞ്ഞ് ഫസ്റ്റ് ടേക്ക് തന്നെ ഓ.കെ ആയി.
എന്നാല്‍ രജിഷയ്ക്ക് അത് വിശ്വാസം വരുന്നില്ല. അത് പറ്റില്ല, എനിക്ക് ഒന്നുകൂടെ ചെയ്യണമെന്ന് പറഞ്ഞ് രണ്ടാമതും ഷൂട്ട് ചെയ്യിച്ച് രണ്ടാമതും എന്നെ ചവിട്ടി,’ ആസിഫ് പറയുന്നു.
ഇതുപോലെയായിരുന്നു അനുരാഗ കരിക്കില്‍ വെള്ളത്തിന്റെ സെറ്റില്‍ വെച്ച് ആസിഫിന്റെ മുഖത്തടിക്കുന്ന രംഗമെന്നും രജിഷ പറയുന്നു.
‘ആ ഒരു സീനിന് വേണ്ടി വെയിറ്റ് ചെയ്തിരിക്കുകയായിരുന്നു. ആ സീനിന്റെ ആക്ച്വല്‍ ടേക്കിന് മുന്നേ ഒരു റിഹേഴ്‌സല്‍ പോയി. ഡയലോഗൊക്കെ പറഞ്ഞ് അടിക്കാന്‍ വേണ്ടി കൈ ഉയര്‍ത്തിയതും റഹ്‌മാന്‍ കട്ട് പറഞ്ഞു. ഞാനത് കേട്ടു, പക്ഷേ അടിക്കാന്‍ പകുതി വരെ വന്നിട്ട് കട്ട് പറഞ്ഞതല്ലേ, ഞാന്‍ കൈ പിന്നോട്ട് വലിച്ചതായിരുന്നു, ചെന്ന് കൊണ്ടത് ആസിഫിന്റെ ചെവിയിലും. ചെവിയൊന്നായി ചുവന്ന് തുടുത്തു.
ഒക്കെ തീര്‍ന്നെന്ന് കരുതിയ അവസരത്തില്‍ ആസിഫ് വന്ന് സമാധാനിപ്പിച്ചു. അടുത്തതായി ടേക്കിന് പോയപ്പോഴും ശരിക്കും തല്ലണമെന്നായിരുന്നു ആസിഫ് പറഞ്ഞത്. അങ്ങനെ രണ്ടാമതും അടിച്ചു,’ രജിഷ പറയുന്നു.
രജിഷയെയും ആസിഫിനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജിബു ജേക്കബാണ് എല്ലാം ശരിയാവും ഒരുക്കിയിരിക്കുന്നത്. ഇവര്‍ക്ക് പുറമെ സിദ്ദിഖ്, ഇന്ദ്രന്‍സ്, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഷാരിസ് മുഹമ്മദാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. കണ്ണൂരിലേയും മധ്യ തിരുവിതാംകൂറിലേയും രാഷ്ട്രിയ സാഹചര്യങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോവുന്നത്.