ഒടുവില്‍ കാലാവതാരത്തിനുള്ള സമയം കുറിച്ചു. സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ പുതിയ ചിത്രം കാലാ ജൂണ്‍ 7ന് റിലീസ് ചെയ്യും. ഏപ്രില്‍ 27ന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം തീയേറ്റര്‍ സമരം കാരണം റിലീസ് നീണ്ടുപോവുകയായിരുന്നു.
നടനും ചിത്രത്തിന്റെ നിര്‍മാതാവുമായ ധനുഷാണ് ട്വിറ്ററിലൂടെ ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചത്. “സൂപ്പര്‍ സ്റ്റാറിന്റെ കാല ജൂണ്‍ 7ന് വേള്‍ഡ് വൈഡ് ആയി റിലീസ് ചെയ്യപ്പെടുന്നു.” എന്നാണ് ധനുഷ് കുറിച്ചത്. “തലൈവര്‍”, “രാജാവിന് വഴിയൊരുക്കൂ” എന്നീ ഹാഷ്ടാഗ് ഉള്‍പ്പടെയാണ് ധനുഷിന്റെ ട്വീറ്റ്.
തിരുനല്‍വേലിയില്‍ നിന്ന് മുംബൈയിലെത്തി അധോലോകനായകനാവുന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ രജനി അവതരിപ്പിക്കുന്നത്. അധോലോക നേതാവ് ഹാജിമസ്താന്റെ കഥയാണെന്ന് ആരോപണമുയര്‍ന്നിരുന്നെങ്കിലും അണിയറപ്രവര്‍ത്തകര്‍ നിഷേധിച്ചു.
Read | വീണ്ടും ചരിത്രം രചിക്കാന്‍ മമ്മൂട്ടി; മാമാങ്കത്തിന്റെ തീപാറുന്ന ടൈറ്റില്‍ ടീസര്‍ പുറത്ത്
കബാലിക്ക് ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കാല ഇതിനകം തന്നെ ശ്രദ്ധനേടിയിട്ടുണ്ട്. ചിത്രത്തിന്റെ പ്രമേയവും രാഷ്ട്രീയവും വ്യക്തമാക്കുന്ന ടീസറും പുറത്ത് വന്നിരുന്നു.
അംബേദ്കറിന്റെ വാചകമായ “പഠിക്കുക, പോരാടുക” എന്നാണ് ടീസര്‍ അവസാനിക്കുമ്പോള്‍ പിന്നണിയില്‍ കേള്‍ക്കുന്നത്.
“കാല, എന്ത് പേരാണത്” എന്ന നാനാപാട്കറുടെ കഥാപാത്രത്തിന്റെ സംഭാഷണത്തോടെയാണ് ടീസര്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് രജനീകാന്തിന്റെ സൂപ്പര്‍ ലുക്കും ചില ആക്ഷന്‍ രംഗങ്ങളും കാണിച്ച് “കാല” എന്താണെന്ന് വിശദീകരിക്കുന്നു. കാല എന്നാല്‍ കറുപ്പ്, യമകാലന്‍ രക്ഷിക്കാനായി യുദ്ധം ചെയ്യുന്നവന്‍. ചിത്രത്തിന്റെ ദ്രാവിഡ രാഷ്ട്രീയം വ്യക്തമാക്കുന്നതാണ് ഈ ഡയലോഗ്.
“സംഘടിക്കുക, പഠിക്കുക, പോരാടുക” എന്ന അംബേദ്കര്‍ മുദ്രാവാക്യം ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആയി ഉപയോഗിച്ചിട്ടുണ്ട്.
ഹുമാ ഖുറേഷിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷാണ് ചിത്രം നിര്‍മ്മിക്കുന്നത്. സന്തോഷ് നാരായണന്‍ ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നു. ശ്രീകര്‍ പ്രസാദാണ് എഡിറ്റര്‍.