ബെംഗളൂരു: രജനീകാന്തിന്റെ പുതിയ ചിത്രം “കാല” കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന കന്നഡ സംഘടനകളുടെ തീരുമാനത്തെ വിമര്‍ശിച്ച് നടന്‍ പ്രകാശ് രാജ്. കാല എങ്ങനെ കാവേരി പ്രശ്‌നത്തിന്റെ ഭാഗമാവുമെന്നും കര്‍ണാടകയിലെ ജനങ്ങളുടെ തെരഞ്ഞെടുപ്പിനെ വിലക്കാന്‍ ഇവര്‍ ആരാണെന്നുമാണ് പ്രകാശ് രാജ് ചോദിച്ചത്. ട്വിറ്ററിലൂടെയാണ് താരം തന്റെ പ്രതികരണം അറിയിച്ചത്.
“മനുഷ്യനും നദികളുമായി ആഴത്തിലുള്ള ബന്ധമുണ്ട്. അത് കൊണ്ട് കാവേരിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ നമ്മള്‍ വികാരാധീനരാവും. ഇത് കര്‍ണാടകയിലെയും തമിഴ്‌നാട്ടിലെയും ജനങ്ങള്‍ക്ക് ഒരു പോലാണ്. ജലം പങ്ക് വെയ്ക്കുന്ന കാര്യം വരുമ്പോള്‍ തമിഴ്‌നാടിന്റെ വികാരം കൂടുതലാവുകയും ചെയ്യും. പക്ഷേ വികാരം കൊള്ളുന്നത് പ്രശ്‌നപരിഹാരത്തിന് സഹായിക്കില്ല, ആ കാര്യത്തില്‍ നമ്മള്‍ കാര്യക്ഷമമായി തീരുമാനമെടുക്കണം.” – പ്രകാശ് രാജ് കുറിച്ചു.
ഇരു സംസ്ഥാനങ്ങളുടെ പ്രതിനിധികളും കേന്ദ്രവും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്ന വിദഗ്ധരും അടങ്ങുന്നവര്‍ ഒന്നിച്ചിരുന്ന് പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തണമെന്നും അവര്‍ക്കതിന് പറ്റിയില്ലെങ്കില്‍ അതിനെയാണ് ചോദ്യം ചെയ്യേണ്ടതെന്നും നമ്മുടെ തന്നെ വികാരങ്ങള്‍ക്ക് നമ്മെ ഇരയാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“രജനീകാന്തിന്റെ പ്രസ്താവന വളരെ ദുഃഖമുണ്ടാക്കുന്നതാണ്. പക്ഷേ അതില്‍ പ്രതിഷേധിക്കാന്‍ സിനിമ നിരോധിക്കുകയാണ് ചെയ്തത്. അതാണോ കന്നഡികര്‍ക്ക് വേണ്ടത്? ചിത്രം റിലീസ് ചെയ്തിട്ട് ജനങ്ങള്‍ അത് കാണില്ല എന്ന് തീരുമാനിക്കുമ്പോഴല്ലേ അത് പ്രതിഷേധമാവൂ? കന്നഡികര്‍ക്ക് എന്താണ് വേണ്ടതെന്ന് പറയാന്‍ ഇവര്‍ ആരാണ്?- താരം ചോദിച്ചു.
ഈ ആക്രമി സംഘങ്ങള്‍ നമ്മുടെ വികാരങ്ങളെ ചൂഷണം ചെയ്ത ശേഷം അപ്രത്യക്ഷരാവുമെന്നും പിന്നീട് മറ്റൊരു അവസരത്തില്‍ വീണ്ടും മുതലെടുക്കാന്‍ വരുമെന്നും പ്രകാശ് രാജ് മുന്നറിയിപ്പ് നല്‍കി.