| Tuesday, 29th December 2020, 5:45 pm

'അദ്ദേഹം ഹിന്ദുമത വിശ്വാസിയാണ്, എന്നുവെച്ച് ഒരിക്കലും ബി.ജെ.പിയെ പിന്തുണയ്ക്കില്ല'; രജനികാന്തിന്റെ രാഷ്ട്രീയപിന്മാറ്റത്തില്‍ പി.ചിദംബരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: പാര്‍ട്ടിപ്രഖ്യാപനത്തില്‍ നിന്ന് നടന്‍ രജനീകാന്ത് പിന്തിരിഞ്ഞതില്‍ പ്രതികരണവുമായി മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം. രാഷ്ട്രീയത്തിലേക്ക് വന്നാലും അദ്ദേഹം ഒരിക്കലും ബി.ജെ.പിയെ പിന്തുണയ്ക്കില്ലെന്നായിരുന്നു ചിദംബരം പറഞ്ഞത്.

‘രജനീകാന്തിന്റെ ഈ തീരുമാനത്തില്‍ എനിക്ക് സന്തോഷമുണ്ട്. വര്‍ഷങ്ങളുടെ പഴക്കമുണ്ട് ഞങ്ങളുടെ സുഹൃദ് ബന്ധത്തിന്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങരുതെന്ന് മുമ്പ് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്’, ചിദംബരം പറഞ്ഞു.

അതേസമയം അദ്ദേഹം ഒരിക്കലും ബി.ജെ.പിയെ പിന്തുണയ്ക്കില്ലെന്നും ബി.ജെ.പിയുടെ പ്രത്യയശാസ്ത്രത്തിന് എതിരെ നില്‍ക്കുന്ന പാര്‍ട്ടി തത്വങ്ങളില്‍ വിശ്വസിക്കുന്നയാളാണ് അദ്ദേഹമെന്നും ചിദംബരം പറഞ്ഞു.

‘രജനി ഒരു ഹിന്ദുമത വിശ്വാസിയാണ്. അദ്ദേഹത്തിന്റെ ആരാധകരില്‍ ഭൂരിഭാഗം പേരും ദളിത്, ഒ.ബി.സി,ന്യൂനപക്ഷവിഭാഗങ്ങളില്‍പ്പെടുന്നവരാണ്. ഇന്ത്യയിലെ പിന്നാക്കവിഭാഗങ്ങളുടെ സ്ഥിതി നന്നായി അറിയുന്നയാളാണ് അദ്ദേഹം’, ചിദംബരം പറഞ്ഞു.

അതേസമയം രാഷ്ട്രീയത്തിലേക്കില്ലെന്ന രജനീകാന്തിന്റെ തീരുമാനത്തില്‍ പ്രതികരണവുമായി നടന്‍ കമല്‍ഹാസനും രംഗത്തെത്തിയിരുന്നു.
രജനിയുടെ തീരുമാനത്തില്‍ നിരാശയുണ്ടെന്നാണ് മക്കള്‍ നീതി മയ്യം അധ്യക്ഷന്‍ കൂടിയായ കമല്‍ ഹാസന്‍ പറഞ്ഞത്.

ചൊവ്വാഴ്ചയാണ് പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് രജനീകാന്ത് പിന്മാറുന്നത്. ആരോഗ്യ പ്രശ്നങ്ങളാണ് തീരുമാനത്തിന് പിന്നിലെന്നാണ് വിശദീകരണം.

ഡിസംബര്‍ 31 ന് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്തുമെന്നായിരുന്നു രജനീകാന്ത് നേരത്തെ അറിയിച്ചിരുന്നത്. ജനുവരിയില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും രജനീകാന്ത് പറഞ്ഞിരുന്നു.

രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമാകുന്നതിനിടയിലാണ് രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനം നേരിട്ടതിനെ തുടര്‍ന്ന് രജനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. മെഡിക്കല്‍ റിപ്പോര്‍ട്ടുകളില്‍ ആശങ്കപ്പെടുന്ന രീതിയില്‍ ഒന്നും തന്നെയില്ലെന്നും അദ്ദേഹം പൂര്‍ണ്ണ ആരോഗ്യവാനാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Rajinikanth Won’t Use His Influence To Back BJP Says P Chidambaram

We use cookies to give you the best possible experience. Learn more