നിങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ല, സുഖം പ്രാപിച്ചു കഴിഞ്ഞാല്‍ ദയവായി കുടുംബാംഗങ്ങള്‍ക്കൊപ്പം എന്റെ വീട്ടിലേക്ക് വരണം; കൊവിഡ് ബാധിതനായ ആരാധകന് ശബ്ദസന്ദേശമയച്ച് രജനീകാന്ത്
Entertainment
നിങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ല, സുഖം പ്രാപിച്ചു കഴിഞ്ഞാല്‍ ദയവായി കുടുംബാംഗങ്ങള്‍ക്കൊപ്പം എന്റെ വീട്ടിലേക്ക് വരണം; കൊവിഡ് ബാധിതനായ ആരാധകന് ശബ്ദസന്ദേശമയച്ച് രജനീകാന്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 18th September 2020, 12:42 pm

ചെന്നൈ: കൊവിഡ് ബാധിതനായ തന്റെ ആരാധകന് രോഗമുക്തി ആംശസിച്ച് തമിഴ്‌നടന്‍ രജനികാന്ത്. ധൈര്യമായിരിക്കണമെന്നും ഒന്നും സംഭവിക്കില്ലെന്നും പറഞ്ഞുകൊണ്ട് മുരളി എന്ന ആരാധകന് ശബ്ദസന്ദേശമയക്കുകയായിരുന്നു രജനികാന്ത്. കൊവിഡിന് പുറമെ വൃക്കരോഗികൂടിയാണിയാള്‍.

ശബ്ദസന്ദേശത്തില്‍ ആരാധകന് വേഗം സുഖമാകട്ടെയെന്നും രജനികാന്ത് ആശംസിക്കുന്നുണ്ട്. സുഖം പ്രാപിച്ചതിന് ശേഷം കുടുംബത്തോടൊപ്പം തന്നെ വന്നു കാണണമെന്നും ശബ്ദ സന്ദേശത്തില്‍ താരം വ്യകത്മാക്കുന്നുണ്ട്. നീണ്ടകാലം ജീവിക്കുന്നതിന് തന്റെ പ്രാര്‍ത്ഥന ഒപ്പമുണ്ടാകുമെന്നും പറയുന്നുണ്ട്.

‘മുരളി, ഞാന്‍ രജനീകാന്താണ് സംസാരിക്കുന്നത്. നിങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ല. ആത്മവിശ്വാസത്തോടെയിരിക്കുക. ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കും. നിങ്ങള്‍ വേഗം സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങും. നിങ്ങള്‍ സുഖം പ്രാപിച്ചു കഴിഞ്ഞാല്‍ ദയവായി നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം എന്റെ വീട് സന്ദര്‍ശിക്കുക. ഞാന്‍ നിങ്ങളെ കാണുകയും നിങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യും. ആത്മവിശ്വാസത്തോടെയിരിക്കുക’. രജനികാന്ത് ശബ്ദസന്ദേശത്തില്‍ പറയുന്നു.

ആരാധകന്റെ സോഷ്യല്‍മീഡിയ പോസ്റ്റ് കണ്ടതിനെത്തുടര്‍ന്നാണ് രജനികാന്ത് ശബ്ദസന്ദേശമയച്ചത്. രോഗത്തില്‍ നിന്ന് സുഖം പ്രാപിക്കുന്നതിനെക്കുറിച്ചും രജനീകാന്ത് ഒരു രാഷ്ട്രീയപാര്‍ട്ടി ആരംഭിക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിനായി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന ആശങ്കയുമാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരാധകന്‍ പങ്കുവെച്ചത്.

രജനികാന്തിന്റെ സന്ദേശത്തിന് മുരളി നന്ദി അറിയിക്കുകയും ചെയ്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content highlight: rajinikanth wishes quick  COVID19 recovery to his fan through audio message