| Sunday, 29th November 2020, 1:13 pm

നിര്‍ണായക പ്രഖ്യാപനത്തിന് രജനികാന്ത് ?; തിങ്കളാഴ്ച ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരെ വിളിച്ച് ചേര്‍ത്ത് യോഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് നിര്‍ണായക നീക്കത്തിനൊരുങ്ങി രജനികാന്ത്. ഇതിന് മുന്നോടിയായി തിങ്കളാഴ്ച തന്റെ ആരാധകരുടെ സംഘടനയായ രജനി മക്കള്‍ മണ്‍ട്രം പ്രവര്‍ത്തകരുടെ യോഗം താരം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

നിര്‍ണായകമായ പ്രഖ്യാപനം യോഗത്തില്‍ ഉണ്ടാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമോ, ആര്‍ക്കാണ് പിന്തുണ നല്‍കേണ്ടത് എന്നിവ സംബന്ധിച്ച് തിങ്കളാഴ്ച നിലപാട് അറിയിക്കുമെന്നാണ് സൂചന.

നേരത്തെ രജനികാന്തിനെ കൂടെ ചേര്‍ക്കാന്‍ ബി.ജെ.പി ശ്രമിച്ചിരുന്നു. ഇതിന് മുന്നോടിയായി കഴിഞ്ഞയാഴ്ച ചെന്നൈയില്‍ എത്തിയ അമിത് ഷാ രജനീകാന്തുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

എന്നാല്‍ ഉടന്‍ രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനീകാന്ത് ബി.ജെ.പി നേതൃത്വത്തെ അറിയിച്ചു. ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വന്‍ പ്രതീക്ഷയോടെ എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സന്ദര്‍ശനം അവസാനിപ്പിച്ച് മടങ്ങി.

എസ്.ഗുരുമൂര്‍ത്തി വഴിയായിരുന്നു അമിത് ഷാ രജനീകാന്തിനെ സമീപിച്ചത്. നടന്‍ ബി.ജെ.പിയില്‍ ചേരുമെന്ന് അഭ്യൂഹങ്ങളും നിലനിന്നിരുന്നു. തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിനോട് കുടുംബത്തിന് വലിയ യോജിപ്പില്ലെന്നും രജനീകാന്ത് അറിയിച്ചു.

അതേസമയം രജനീകാന്തിനോട് ഉടന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കണമെന്ന് ഫാന്‍സ് അസോസിയേഷനായ രജനീ മക്കള്‍ മണ്‍ട്രം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമുന്നയിച്ചുകൊണ്ട് വിവിധ ജില്ലകളില്‍ ആരാധകര്‍ പോസ്റ്ററുകള്‍ പതിച്ചിരുന്നു.

രജനീകാന്തിന്റെ പാര്‍ട്ടി പ്രഖ്യാപനത്തിനായി കാതോര്‍ത്തിരിക്കുകയാണെന്നും ഇനിയും കാത്തിരിക്കാന്‍ വയ്യെന്നും പോസ്റ്ററില്‍ പറഞ്ഞത്.

രജനീകാന്ത് അഭിനയ ജീവിതത്തിന്റൈ 45ാം വര്‍ഷം പൂര്‍ത്തിയാക്കിയ ആഗസ്റ്റില്‍ രജനിയുടെ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനമുണ്ടാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. അന്ന് താരത്തിനെ ഭാവി മുഖ്യമന്ത്രിയെന്ന് വിശേഷിപ്പിച്ച് മധുരയിലും കാഞ്ചീപുരത്തും ആരാധകര്‍ പോസ്റ്ററും കട്ടൗട്ടുകളും സ്ഥാപിച്ചിരുന്നു.

കഴിഞ്ഞ രണ്ട് ദശകങ്ങളായി രജനീകാന്ത് തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് സൂചിപ്പിക്കാറുള്ളതാണ്. 2017ല്‍ 2021ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരണം നടത്തുമെന്നും പ്രഖ്യാപിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Rajinikanth to make crucial announcement ?; Meeting with Fans Association activists on Monday

We use cookies to give you the best possible experience. Learn more