രജനികാന്തിന്റെ ഏറെ ചര്‍ച്ചയായ ചിത്രമാണ് “കൊച്ചടൈയാന്‍”. രജനിയെ സംബന്ധിച്ച് മകള്‍ സൗന്ദര്യ ആദ്യമായി സംവിധാനം ചെയ്ത ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. എന്നാല്‍ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഈ ചിത്രം പ്രദര്‍ശിപ്പിച്ചപ്പോള്‍ കാണാന്‍ രജനികാന്ത് ഉണ്ടായില്ല.
ഐ.എഫ്.എഫ്.ഐയില്‍ സെന്റിനറി അവാര്‍ഡ് നല്‍കിയ ആദരിക്കപ്പെട്ട രജനി ഉദ്ഘാടന ചടങ്ങിലെ നിറ സാന്നിധ്യമായിരുന്നു. മേളയില്‍ വെള്ളിയാഴ്ച പ്രദര്‍ശിപ്പിക്കുന്ന “കൊച്ചടൈയാന്‍” കണ്ടശേഷമേ രജനി മടങ്ങൂവെന്നാണ് റിപ്പോര്‍ട്ടുണ്ടായിരുന്നത്. എന്നാല്‍ പ്രദര്‍ശനം കാണാതെ താരം മടങ്ങുകയായിരുന്നു.
ഐ.എഫ്.എഫ്.ഐ വേദിയായ കലാ അക്കാദമിയിലായിരുന്നു ചിത്രത്തിന്റെ പ്രദര്‍ശനം നടന്നത്. ബംഗളുരുവില്‍ പെട്ടെന്ന് എത്തേണ്ട ആവശ്യം വന്നതിനാലാണ് രജനിക്ക് സ്‌ക്രീനിങ് കാണാനാവാതെ വന്നത്.
അതേസമയം ചിത്രത്തിന്റെ സംവിധായക സൗന്ദര്യയും രജനിയുടെ ഭാര്യ ലതയും സ്‌ക്രീനിങ്ങില്‍ പങ്കെടുത്തത്. രജനികാന്തിനെ വളരെയധികം മിസ് ചെയ്യുന്നുവെന്ന് സൗന്ദര്യ പറഞ്ഞു. മോഷന്‍ കാപ്ചര്‍ ടെക്‌നോളജി ഇന്ത്യയിലേക്ക് കൊണ്ടുവന്നതിന് പിതാവിന് നന്ദി രേഖപ്പെടുത്താനും സൗന്ദര്യ മറന്നില്ല.
ഐ.എഫ്.എഫ്.ഐയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഇത് വലിയ അംഗീകാരമായി കരുതുന്നുവെന്നും സൗന്ദര്യ പറഞ്ഞു. രജനിക്ക് പുറമേ ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണിന്റെയും ജാക്കി ഷ്രഫിന്റെയും സാന്നിധ്യം കൊണ്ടും ഈ ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.