വിക്രം, ഐശ്വര്യ റായ്, തൃഷ, ജയം രവി, കാര്‍ത്തി, ജയറാം എന്നിങ്ങനെ വമ്പന്‍ താരനിരയെ അണിനിരത്തി മണിരത്‌നം സംവിധാനം ചെയ്യുന്ന മള്‍ട്ടി സ്റ്റാര്‍ ബിഗ് ബജറ്റ് ചിത്രം പൊന്നിയിന്‍ സെല്‍വന്‍ സെപ്റ്റംബര്‍ 30ന് റിലീസ് ചെയ്യുകയാണ്.
രജനീകാന്ത്, കമല്‍ ഹാസന്‍ ഉള്‍പ്പെടെ വമ്പന്‍ താരങ്ങള്‍ പങ്കെടുത്തുകൊണ്ട് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു.
മണിരത്‌നത്തിന്റെ സംവിധാനത്തിലൊരുങ്ങിയ ദളപതിയില്‍ അഭിനയിച്ച സമയത്ത് മണി രത്‌നത്തെ ‘പറ്റിച്ച’തിന്റെ ഒരനുഭവം രജനീകാന്ത് പങ്കുവെച്ചിരിക്കുകയാണ്. കമല്‍ ഹാസനൊപ്പം ചേര്‍ന്ന് സംവിധായകനെ പറ്റിച്ച കഥയാണ് രജനീകാന്ത് പറയുന്നത്. M3DB Cafe എന്ന വെബ്‌സൈറ്റാണ് രജനീകാന്തിന്റെ സംസാരത്തിന്റെ ടെക്‌സ്റ്റ് രൂപം പബ്ലിഷ് ചെയ്തിരിക്കുന്നത്.
”ദളപതിയുടെ ആദ്യ ദിവസത്തെ ഷൂട്ടിങ് മൈസൂരില്‍ നടക്കുകയായിരുന്നു. ഒരു ദിവസം രാവിലെ എന്റെ കോസ്റ്റ്യൂംസ് കൊണ്ടുവന്നു. ലൂസ് ഷര്‍ട്ടും ലൂസ് പാന്റ്‌സും. അതൊന്ന് ടൈറ്റ് ചെയ്ത് കൊണ്ടുവരാന്‍ ഞാന്‍ ആവശ്യപ്പെട്ടു. ഇങ്ങനെയാണ് പറഞ്ഞിരിക്കുന്നതെന്ന് അവരും. അവസാനം നിര്‍ബന്ധിച്ച ശേഷം ടൈറ്റ് ചെയ്ത് കൊണ്ടുവന്നു. പിന്നെ കുറെ സാധാരണ ചെരുപ്പുകള്‍ നിരത്തി വെച്ചിട്ടുണ്ട്.
‘ഞാന്‍ ദളപതിയാ… ഷൂ കൊണ്ടുവരൂ’ എന്ന് പറഞ്ഞപ്പോള്‍ വാക്കിങ് ഷൂ കൊണ്ടുവന്നു. അതും ധരിച്ച് ഷൂട്ടിങ് സ്ഥലത്തേക്ക് പോയി. എന്നെ കണ്ടയുടനെ മണിരത്‌നം അടിമുടി നോക്കി. കോസ്റ്റ്യൂം ചേഞ്ച് ചെയ്തില്ലേ എന്ന് ചോദിച്ചപ്പോള്‍ ‘ഇത് തന്നെയാ കോസ്റ്റ്യൂം’ എന്ന് ഞാന്‍ മറുപടി പറഞ്ഞു.
കുറച്ചുകഴിഞ്ഞ് മണിരത്‌നം വന്ന് ‘ഓകെ, ഷൂട്ട് തുടങ്ങാം’ എന്ന് പറഞ്ഞു. അന്നത്തെ ദിവസം അങ്ങനെ കഴിഞ്ഞു.
അടുത്ത ദിവസം രാവിലെയായപ്പോള്‍, മേക്കപ്പ് വേണ്ട എന്നാണ് പറഞ്ഞിരിക്കുന്നതെന്ന് മേക്കപ്പ് മാന്‍ ഉറപ്പിച്ച് പറഞ്ഞു. പിന്നെ ദാ വരുന്നു അതേ ലൂസ് പാന്റ്‌സും ലൂസ് ഷര്‍ട്ടും ചെരുപ്പുമൊക്കെ. രണ്ടുമൂന്ന് ദിവസമായപ്പോള്‍ എനിക്ക് ആകെ ബുദ്ധിമുട്ടായിത്തുടങ്ങി.
സ്റ്റോക്ക് ഷോട്ട്‌സ് പോലെ നമ്മളീ സ്റ്റോക്ക് എക്‌സ്പ്രഷന്‍ വെച്ചുള്ള കളിയാണ്. ഭയത്തിനൊന്ന്, പ്രണയത്തിനൊന്ന്, ആശ്ചര്യത്തിനൊന്ന്, സംശയത്തിനൊന്ന് എന്നുള്ള രീതിയില്‍ സ്റ്റോക്ക് എക്‌സ്പ്രഷന്‍ എപ്പോഴും കയ്യിലുണ്ടാവും. അതൊക്കെ പുറത്തെടുക്കുമ്പോള്‍ മണി സര്‍ സമ്മതിക്കുന്നില്ല. ഡയലോഗ് സംസാരിക്കുന്നതും ഓക്കേ ആവുന്നില്ല. ‘you feel…feel’ എന്നാണ് മണിരത്‌നം പറയുന്നത്. എന്ത് ഫീലാണോ എന്തോ!
നമ്മുടെ സ്ഥിരം പരിപാടി, ‘എടുക്കെടാ വണ്ടി, പൊക്കെടാ അയാളെ, തീര്‍ക്കെടാ അവനെ’ എന്ന ലൈനാണ്. ആ നമ്മുടെ അടുത്താണ് ഫീല്‍…ഫീല്‍… എന്ന് പറയുന്നത്. അങ്ങനെ എന്ത് ചെയ്യണം എന്ന് പിടിയില്ലാതെ അവസാനം അവിടെനിന്ന് കമലിനെ ഫോണില്‍ വിളിച്ചു.
‘കമല്‍… ഇവിടെ കാര്യങ്ങള്‍ ശരിക്കും ബുദ്ധിമുട്ടിലാണ്. ഒരു ഷോട്ട് പത്തും പന്ത്രണ്ടും ടേക്കൊക്കെയാ പോകുന്നത്. എന്ത് ചെയ്യണം എന്ന് ഒരു ഐഡിയയും ഇല്ല,’ എന്ന് പറഞ്ഞപ്പോള്‍ കമല്‍ പറഞ്ഞത് ഇങ്ങനെയാണ് ‘എനിക്കറിയാം. ഞാനും ഇതുപോലെ തന്നെയാ കഷ്ടപ്പെട്ടത്. ഒരു ഐഡിയ പറയാം.
തീരെ ബുദ്ധിമുട്ട് തോന്നിയാല്‍ മണിരത്‌നത്തോട് ഒന്ന് അഭിനയിച്ച് കാണിക്കാന്‍ പറഞ്ഞാല്‍ മതി. പുള്ളി അഭിനയിച്ചു കാണിക്കും. അത് ശ്രദ്ധിച്ച് ഉള്ളിലേക്ക് എടുക്കുന്നത് പോലെ കാണിച്ച് നാലഞ്ച് തവണ അങ്ങോട്ടും ഇങ്ങോട്ടും നടക്കുക. കുറച്ചുനേരം ഒരിടത്തിരുന്ന് ആലോചിക്കുന്ന പോലെയൊക്കെ കാണിച്ച് പിന്നെ പുള്ളി ചെയ്തത് പോലെയങ്ങ് ചെയ്യാന്‍ ശ്രമിച്ചാല്‍ പുള്ളിക്കാരന്‍ ഓക്കേ പറഞ്ഞോളും’.
ഞാനും അതുപോലെ മണിരത്‌നം അഭിനയിച്ച് കാണിച്ച ശേഷം ഒരു സിഗരറ്റൊക്കെ വലിച്ച് ഭയങ്കരമായി ആലോചിക്കുന്ന പോലെയൊക്കെ ഇരിക്കും. പിന്നെയങ്ങോട്ട് പെട്ടെന്ന് ‘ഷോട്ട് ഓക്കേ’ ആവാന്‍ തുടങ്ങി. ഇങ്ങനെ മണിരത്‌നത്തെ ഒത്തിരി പറ്റിച്ചിട്ടുണ്ട് ഞങ്ങള്‍ രണ്ടാളും,” രജനീകാന്ത് പറഞ്ഞു.
1987ല്‍ പുറത്തിറങ്ങിയ മണിരത്‌നം ചിത്രം നായകനില്‍ കമല്‍ ഹാസനായിരുന്നു കേന്ദ്ര കഥാപാത്രമായെത്തിയിരുന്നത്. 1991ലായിരുന്നു ദളപതി റിലീസ് ചെയ്തത്.
Content Highlight: Rajinikanth shares a funny incident from the set of Mani Ratnam movie Thalapathi