ജയിലര്‍ സിനിമയുടെ റീ റെക്കോഡിങ് നടക്കുന്നതിന് മുമ്പ് വരെ സിനിമ ആവേറേജിന് മുകളില്‍ നില്‍ക്കുന്നതായിട്ടാണ് തനിക്ക് തോന്നിയതെന്ന് രജിനികാന്ത്. സിനിമയുടെ വിജയാഘോഷം നടക്കുന്ന വേദിയില്‍ നടത്തിയ പ്രസംഗത്തിലാണ് രജിനി ഇക്കാര്യം പറഞ്ഞത്.
‘സത്യം പറഞ്ഞാല്‍ ജയിലര്‍ റീ റെക്കോഡിങ് മുമ്പ് വരെ അവറേജിന് മുകളില്‍ നില്‍ക്കുന്ന സിനിമ ആയിട്ടാണ് തോന്നിയത്, അനിരുദ്ധ് ആണ് സിനിമയെ മാറ്റി മറിച്ചത്. എനിക്ക് ഹിറ്റ് തരണം അവന്റെ സുഹൃത്ത് നെല്‍സണും ഹിറ്റ് കൊടുക്കണം എന്ന ചിന്തയിലാണ് അനിരുദ്ധ് വര്‍ക്ക് ചെയ്തത്,’ രജിനി പറയുന്നു.
സിനിമയില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും രജിനി നന്ദിയും പറയുന്നുണ്ട്. അതേസമയം രജിനിയുടെ പരാമര്‍ശത്തിന് പിന്നാലെ താരത്തിനെതിരെ വിമര്‍ശനവും ഉയരുന്നുണ്ട്.
സംവിധായകനെ വേദിയിലിരുത്തി അപമാനിച്ചു എന്ന തരത്തിലാണ് രജിനിയുടെ വാക്കുകളെ നിരവധി പേര്‍ കാണുന്നത്. ട്വിറ്ററില്‍ ഉള്‍പ്പടെ രജിനിയുടെ പ്രസംഗത്തിന്റെ വിഡീയോ പങ്കുവെച്ച് നിരവധി പേര്‍ ഇത് പറയുന്നുണ്ട്.
13 വര്‍ഷങ്ങള്‍ക്ക് ശേഷം രജിനികാന്തിന് മികച്ച ഹിറ്റ് സമ്മാനിച്ച ഒരു സംവിധായകനെ ഇത്തരത്തില്‍ അപമാനിച്ചത് തീര്‍ത്തും മോശമായി എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വാദങ്ങള്‍.
പക്ഷെ രജിനികാന്ത് അത് സംവിധായകന്‍ നെല്‍സണെ അപമാനിക്കാന്‍ പറഞ്ഞതല്ലെന്നും അനിരുദ്ധ് രവിചന്ദ്രറുടെ സംഗീതം ജയിലറില്‍ ഉണ്ടാക്കിയ മാറ്റത്തെ പറ്റി സംസാരിച്ചതാണെന്നും പറയുന്നവരുമുണ്ട്.
ലോകമെമ്പാടുനിന്നും മികച്ച കളക്ഷനാണ് സിനിമ സ്വന്തമാക്കിയിരിക്കുന്നത്. കലാനിധി മാരനാണ് ജയിലര്‍ നിര്‍മിച്ചിരിക്കുന്നത്. രമ്യ കൃഷ്ണന്‍, ജാക്കി ഷ്‌റോഫ്, വിനായകന്‍, മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍ തുടങ്ങിയ വമ്പന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.