രാഷ്ട്രീയത്തിലേക്ക് ഇനിയൊരു തിരിച്ചുവരവില്ലന്ന് പ്രഖ്യാപിച്ച് തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ പോകുകയാണെന്ന പ്രചരണം വ്യാജമാണന്ന് അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് തന്റെ രാഷ്ടീയ പ്രവേശനത്തെപ്പറ്റി പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ രജനികാന്ത് മാധ്യമങ്ങളോട് പ്രതികരിച്ചത്. ചെന്നൈയിലെ തന്റെ വസതിക്ക് മുന്നില്‍വെച്ചായിരുന്നു അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്.
ഗവര്‍ണര്‍ ആര്‍.എന്‍. രവിയോട് രാഷ്ട്രീയത്തെക്കുറിച്ചോ വരാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെക്കുറിച്ചോ എന്തെങ്കിലും ചര്‍ച്ചകള്‍ നടത്തിയോ എന്ന ചോദ്യത്തിന് അതിനെപ്പറ്റി മാധ്യമങ്ങളോട് ഒന്നും വെളിപ്പെടുത്താന്‍ കഴിയില്ലെന്നായിരുന്നു രജനിയുടെ മറുപടി. ഗവര്‍ണറുമായുള്ള കൂടിക്കാഴ്ച ഏകദേശം ഇരുപത്തഞ്ച് മുപ്പത് മിനുട്ടുവരെ മാത്രമാണ് നീണ്ടുനിന്നതെന്നും രജനി പറഞ്ഞു.
തമിഴ്‌നാട്ടിലെ ആത്മീയതയെയും വിശ്വാസങ്ങളെയും ഞാന്‍ ഇഷ്ടപ്പെടുന്നു. തമിഴ് ജനതയുടെ നേട്ടങ്ങള്‍ക്കായി തന്റെ കഴിവിന്റെ പരമാവധി ചെയ്യുമെന്നും രജനികാന്ത് പറഞ്ഞു. പാലും തൈരും പോലുള്ള അടിസ്ഥാന ഭക്ഷ്യ ഉല്‍പന്നങ്ങളുടെ ജി.എസ്.ടിയെക്കുറിച്ചുള്ള ചോദ്യത്തിനും രജനി പ്രതികരിക്കാന്‍ തയ്യാറായില്ല.