| Thursday, 29th October 2020, 1:42 pm

ആ കത്ത് ഞാന്‍ എഴുതിയതല്ല, എന്നാല്‍ ആരോഗ്യവുമായി ബന്ധപ്പെട്ട് പറഞ്ഞ കാര്യങ്ങള്‍ ശരിയാണ്: വിശദീകരണവുമായി രജനീകാന്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: രാഷ്ട്രീയത്തിലേക്ക് ഇനിയില്ലെന്ന് താന്‍ പറഞ്ഞ തരത്തില്‍ പുറത്തുവന്ന കത്ത് വ്യാജമെന്ന് നടന്‍ രജനീകാന്ത്. രജനി മക്കള്‍ മന്‍ട്രവുമായി ചര്‍ച്ച ചെയ്ത ശേഷം കൃത്യമായ സമയത്ത് തന്നെ രാഷ്ട്രീയനിലപാട് പ്രഖ്യാപിക്കുമെന്നും രജനീകാന്ത് പറഞ്ഞു.

എന്റേതെന്ന പേരില്‍ പുറത്തുവന്ന കത്തിനെ കുറിച്ച് എനിക്ക് അറിയില്ല. അതിലുള്ളത് ഞാന്‍ പറഞ്ഞ കാര്യങ്ങളല്ല. എന്നാല്‍ എന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട അതിലുള്ള കാര്യങ്ങളെല്ലാം സത്യമാണ്, എന്നായിരുന്നു രജനീകാന്ത് പറഞ്ഞത്.

പ്രായാധിക്യവും ആരോഗ്യപ്രശ്‌നങ്ങളും കൊവിഡ് 19 സാഹചര്യവും കാരണം താന്‍ രാഷ്ട്രീയ പ്രവേശനത്തില്‍ നിന്നും പിന്‍മാറുകയാണെന്നായിരുന്നു രജനീകാന്തിന്റെ പേരില്‍ പുറത്തുവന്ന കത്തില്‍ പറഞ്ഞിരുന്നത്. രജനി മക്കള്‍ മന്‍ട്രത്തിന് നല്‍കിയ കത്ത് എന്ന പേരിലായിരുന്നു കത്ത് പുറത്തുവന്നത്.

എന്നാല്‍ ഇതിന് പിന്നാലെ തന്നെ രാഷ്ട്രീയ പ്രവേശന വിഷയത്തില്‍ രജനിയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രസ്താവനകളൊന്നും വന്നിട്ടില്ലെന്ന് വ്യക്തമാക്കി അദ്ദേഹത്തിന്റെ പബ്ലിക് റിലേഷന്‍ ഓഫീസര്‍ രംഗത്തെത്തിയിരുന്നു. വിഷയം ചര്‍ച്ചയായതിന് പിന്നാലെയാണ് വിശദീകരണവുമായി രജനീകാന്ത് തന്നെ രംഗത്തെത്തിയത്.

2017 ഡിസംബര്‍ 31നായിരുന്നു താന്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് രജനികാന്ത് പ്രഖ്യാപിച്ചത്. തന്റെ രാഷ്ട്രീയം അധ്യാത്മികതയിലൂന്നിയത് ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ ബി.ജെ.പി ഉള്‍പ്പെടയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ അദ്ദേഹത്തെ സ്വാഗതം ചെയ്തിരുന്നു. ഇതിനിടെ നടന്‍ കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു.

തെരഞ്ഞെടുപ്പുകളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് കമല്‍ഹാസനും രജനീകാന്തും പറഞ്ഞിരുന്നെങ്കില്‍ പിന്നീട് ചര്‍ച്ച എങ്ങുമെത്തിയിരുന്നില്ല.

2019 ലോക്സഭ തെരഞ്ഞെടുപ്പിലും അതിന് ശേഷം നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും രജനീകാന്ത് രാഷ്ട്രീയത്തിലിറങ്ങുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായിരുന്നില്ല. ഇതിന് പിന്നാലെ 2020 ല്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Rajinikanth says leaked letter not mine, but info on my health is true amid speculation over political plans

We use cookies to give you the best possible experience. Learn more