രജിനികാന്തിനൊപ്പം ഞെട്ടിച്ച് മഞ്ജുവാര്യര്‍; വേട്ടയ്യനിലെ ആദ്യ ഗാനമെത്തി
Entertainment
രജിനികാന്തിനൊപ്പം ഞെട്ടിച്ച് മഞ്ജുവാര്യര്‍; വേട്ടയ്യനിലെ ആദ്യ ഗാനമെത്തി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 9th September 2024, 5:42 pm

സൂപ്പര്‍സ്റ്റാര്‍ രജിനികാന്തിനെ നായകനാക്കി ടി.ജെ. ജ്ഞാനവേല്‍ രചിച്ച് സംവിധാനം ചെയ്ത ചിത്രമാണ് വേട്ടയ്യന്‍. ജയിലര്‍ എന്ന ബ്ലോക്ക്ബസ്റ്റര്‍ സിനിമക്ക് ശേഷം റിലീസ് ചെയ്യാന്‍ പോകുന്ന രജിനികാന്ത് ചിത്രമാണ് വേട്ടയ്യന്‍ എന്ന പ്രത്യേകതയുമുണ്ട്. സൂര്യയുടെ ജയ് ഭീമിന് ശേഷം ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടെയാണ് ഇത്.

ഒക്ടോബര്‍ 10ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. വേട്ടയ്യനിലെ ‘മനസിലായോ’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് സോണി മ്യൂസിക് സൗത്തിലൂടെ പുറത്ത് വിട്ടത്. ഗാനം കമ്പോസ് ചെയ്തിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.


27 വര്‍ഷങ്ങള്‍ക്ക് ശേഷം രജിനികാന്തിന് വേണ്ടി ഇതിഹാസഗായകനായ മലേഷ്യ വാസുദേവന്റെ ശബ്ദം തിരികെ കൊണ്ടുവരുന്നു എന്ന പ്രത്യേകത ഈ ഗാനത്തിനുണ്ട്. മികച്ച പ്രതികരണമാണ് ഈ പാട്ടിന് ഇപ്പോള്‍ ലഭിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലാണ് വേട്ടയ്യന്‍ റിലീസിന് എത്തുന്നത്.

ചിത്രത്തില്‍ അമിതാഭ് ബച്ചനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മുപ്പത്തി മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അമിതാഭ് ബച്ചനും രജിനികാന്തും ഒന്നിച്ച് അഭിനയിക്കുന്നത്. അദ്ദേഹത്തിന് പുറമെ ഫഹദ് ഫാസില്‍, മഞ്ജുവാര്യര്‍, റാണാ ദഗുബട്ടി, റിതിക സിങ്, ദുഷാര വിജയന്‍ തുടങ്ങിയവരും വേട്ടയ്യനില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

അജിത്തിന്റെ ബിഗ് ബജറ്റ് ചിത്രം തുനിവിലാണ് മഞ്ജു ഒടുവില്‍ തമിഴില്‍ എത്തിയത്. ചിത്രത്തിലെ താരത്തിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുഭാസ്‌കരനാണ് വേട്ടയ്യന്‍ നിര്‍മിക്കുന്നത്. ചിത്രം കേരളത്തില്‍ വമ്പന്‍ റിലീസായി എത്തിക്കുന്നത് ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസാണ്.

Content Highlight: Rajinikanth’s Vettaiyan Movie First Song Out