റിലീസ് ചെയ്ത് 19 ദിവസം പിന്നിടുമ്പോള്‍ രജിനികാന്ത് ചിത്രം ജയിലര്‍ ചോര്‍ന്നു. ചിത്രത്തിന്റെ ഒ.ടി.ടി റിലീസിന് മുമ്പാണ് എച്ച്.ഡി ക്വാളിറ്റി പ്രിന്റുകള്‍ വ്യാജ ടോറന്റ് സൈറ്റുകളിലും, ടെലഗ്രാം ഉള്‍പ്പടെയുള്ള സാമൂഹിക മാധ്യമങ്ങളിലും പ്രചരിക്കുന്നത്.
പ്രിന്റുകള്‍ ചോര്‍ന്നതിന് പിന്നാലെ എക്സ് ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയപ്ലാറ്റ്‌ഫോമുകളില്‍ സിനിമയുടെ നിര്‍മാണ കമ്പനിയായ സണ്‍ പിക്‌ചേഴ്‌സിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.
ഇത്രയും വലിയ വിജയമായി ഇപ്പോഴും പ്രദര്‍ശനം തുടരുന്ന സിനിമയുടെ എച്ച്.ഡി ക്വാളിറ്റി പ്രിന്റുകള്‍ ചോര്‍ന്നത് തിയേറ്ററില്‍ നിന്ന് സിനിമ കാണാന്‍ ആളുകളെ പിന്തിരിപ്പിക്കും എന്നാണ് വിമര്‍ശനം.
നിര്‍മാണ കമ്പനിയുടെ ശ്രദ്ധക്കുറവ് കൊണ്ടാണ് ഇത്തരത്തില്‍ പ്രിന്റുകള്‍ ചോര്‍ന്നതെന്നും നിരവധി പേര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം ഓഗസ്റ്റ് പത്തിന് റിലീസ് ചെയ്ത ചിത്രം ഇപ്പോഴും വമ്പന്‍ കളക്ഷന്‍ നേടിയാണ് പ്രദര്‍ശനം തുടരുന്നത്. റിലീസ് ചെയ്ത് 19 ദിവസം പിന്നിടുമ്പോള്‍ തമഴിലെ വലിയ ഹിറ്റായി മാറിയിരിക്കുകയാണ് സിനിമ. ജയിലറിന്റെ നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ചിത്രം ഇതിനോടകം 535 കോടി രൂപ നേടിക്കഴിഞ്ഞു.
തമിഴിലെ ഏറ്റവും വലിയ കളക്ഷന്‍ റെക്കോഡ് ആയ എന്തിരന്‍ 2.0 യെ ജയിലര്‍ മറികടകുമോ എന്നാണ് നിലവില്‍ സിനിമാ പ്രേമികള്‍ ഉറ്റുനോക്കുന്നത്.
രജനികാന്ത് തന്നെ നായകനായ ഷങ്കറിന്റെ 2.0 യുടെ കളക്ഷന്‍ 665.8 കോടിയാണ്. മൂന്നാം സ്ഥാനത്തുള്ള പൊന്നിയിന്‍ സെല്‍വന്‍ ഒന്ന് 492 കോടി, നാലാം സ്ഥാനത്തുള്ള വിക്രം 432 കോടി എന്നിങ്ങനെയാണ് തുടര്‍സ്ഥാനങ്ങള്‍. അതേസമയം ജയിലറിന് ഇപ്പോഴും മികച്ച തിയേറ്റര്‍ ഒക്കുപ്പന്‍സി ഉണ്ട്. അതുകൊണ്ട് തന്നെ സിനിമയുടെ ലൈഫ് ടൈം കളക്ഷന്‍ എത്രയായിരിക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് അനലിസ്റ്റുകള്‍.
തമിഴ് സിനിമയിലെ ഏറ്റവും മികച്ച ആദ്യദിന കളക്ഷന്‍ നേടിയ ചിത്രം, അതിവേഗത്തില്‍ തമിഴ്നാട്ടില്‍ നിന്ന് 150 കോടി കളക്ഷന്‍ നേടിയ ചിത്രം, ഒരാഴ്ചയ്ക്കുള്ളില്‍ 400 കോടി ക്ലബ്ബിലെത്തുന്ന ആദ്യ തമിഴ് ചിത്രം, 2023-ലെ ഏറ്റവും ഉയര്‍ന്ന തമിഴ് ഗ്രോസര്‍ എന്നിങ്ങനെയുള്ള റെക്കോഡുകളും ജയിലര്‍ ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞു.
കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ ബോക്സ് ഓഫീസ് കളക്ഷന്‍ നേടിയ തമിഴ് ചിത്രം എന്ന നിലയില്‍ രണ്ടാം സ്ഥാനത്താണ് ഇപ്പോള്‍ ജയിലര്‍ ഉള്ളത്. കമല്‍ഹാസന്റെ വിക്രമാണ് ഒന്നാമത്. വരും ദിവസങ്ങളില്‍ ഈ റെക്കോഡും ചിത്രം മടുകടക്കുമെന്നാണ് കരുതുന്നത്.
കര്‍ണാടകയിലും അധികം വൈകാതെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന തമിഴ് ചിത്രമായി ജയിലര്‍ മാറുമെന്നാണ് റിപ്പോര്‍ട്ട്. തെലുങ്കിലും ചിത്രം രണ്ടാം സ്ഥാനത്തോ മൂന്നാം സ്ഥാനത്തോ ആകുമെന്നാണ് അനലിസ്റ്റുകള്‍ പറയുന്നു. യു.എസില്‍ എക്കാലത്തെയും മികച്ച കളക്ഷന്‍ നേടുന്നതില്‍ രണ്ടാം സ്ഥാനത്താണ് ജയിലര്‍.
യു.എ.ഇയില്‍ ആകട്ടെ കൂടുതല്‍ കളക്ഷന്‍ നേടിയ തമിഴ് ചിത്രമാണ് ജയിലര്‍. ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലും രണ്ടാം സ്ഥാനമാണ് ജയിലര്‍.
അത്തരത്തില്‍ ലോകമെമ്പാടും വലിയ ലാഭം നേടിയാണ് സിനിമ പ്രദര്‍ശനം തുടരുന്നത്. കലാനിധി മാരനാണ് ജയിലര്‍ നിര്‍മിച്ചിരിക്കുന്നത്.
രമ്യ കൃഷ്ണന്‍, ജാക്കി ഷ്‌റോഫ്, വിനായകന്‍, മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍ തുടങ്ങിയ വമ്പന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ജയിലറില്‍ നിന്ന് ഐ.പി.എല്‍ ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ജേഴ്‌സി നീക്കം ചെയ്യണമെന്ന് ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവ് ഇട്ടിരുന്നു.
സിനിമയില്‍ ആര്‍.സി.ബി ജേഴ്‌സിയണിഞ്ഞ വില്ലനെ കാണിച്ചതും ഈ വില്ലന്‍ സ്ത്രീവിരുദ്ധ ഡയലോഗുകള്‍ പറഞ്ഞതും ക്ലബിന് മാനനഷ്ടമുണ്ടാക്കിയതായി കാണിച്ച് ആര്‍.സി.ബി ഉടമകളായ റോയല്‍ ചലഞ്ചേഴ്‌സ് സ്‌പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് നല്‍കിയ പരാതിയിലായിരുന്നു ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. സിനിമയില്‍ നിന്ന് ജേഴ്‌സി നീക്കം ചെയ്യാമെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ കോടതിയെ അറിയിച്ചു.
Content Highlight: Rajinikanth’s Jailer hd leaked online the full movie is available on multiple piracy websites