രജിനികാന്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് വേട്ടയ്യന്‍. ജ്ഞാനവേല്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം ഒക്ടോബര്‍ പത്തിന് തീയേറ്ററുകളിലെത്തും. രജിനികാന്തിന് പുറമെ മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍, അമിതാഭ് ബച്ചന്‍ തുടങ്ങി വലിയൊരു താരനിരതന്നെ ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നുണ്ട്.
വേട്ടയ്യന്റെ സംവിധായകന്‍ ജ്ഞാനവേല്‍ തന്റെ അടുത്ത് കഥ പറയാന്‍ വന്നതിനെ കുറിച്ച് സംസാരിക്കുകയാണ് രജിനികാന്ത്. അദ്ദേഹം ആദ്യം വന്ന് കഥ പറഞ്ഞപ്പോള്‍ തനിക്ക് ഇഷ്ടപെട്ടെന്നും എന്നാല്‍ സിനിമ നിര്‍മിക്കാന്‍ കുറെ പണച്ചെലവുള്ളതുകൊണ്ട് തന്നെ കഥയില്‍ കുറെ കൂടെ കൊമേര്‍ഷ്യല്‍ എലമെന്റ് ചേര്‍ത്താല്‍ ആലോചിക്കാമെന്ന് താന്‍ പറഞ്ഞെന്നും രജിനികാന്ത് പറയുന്നു.
അത് കേട്ട് ജ്ഞാനവേല്‍ പത്ത് ദിവസത്തെ സമയം ചോദിച്ചെന്നും അതിനിടയില്‍ രണ്ടു തവണ തന്നെ ഫോണ്‍ വിളിച്ച് നെല്‍സന്റെയോ ലോകേഷിന്റെയോ പോലുള്ള സിനിമകള്‍ പ്രതീക്ഷിക്കരുതെന്ന് പറഞ്ഞെന്നും രജിനികാന്ത് കൂട്ടിച്ചേര്‍ത്തു. അവരുടേതുപോലുള്ള സിനിമകള്‍ ആണ് വേണ്ടതെങ്കില്‍ ലോകേഷിനെയും നെല്‍സനെയും വിളിക്കുമായിരുന്നില്ലേയെന്ന് താന്‍ ചോദിച്ചെന്നും പത്ത് ദിവസത്തിന് ശേഷം ജ്ഞാനവേല്‍ പറഞ്ഞ കഥ കേട്ട് താന്‍ ഇമ്പ്രെസ്സ് ആയെന്നും രജിനികാന്ത് പറയുന്നു. വേട്ടയ്യന്റെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എന്റെ മകള്‍ ഐശ്വര്യയാണ് ജ്ഞാനവേലിന്റെ കഥയൊന്ന് കേട്ട് നോക്ക് എന്നെന്നോട് പറഞ്ഞത്. അതിന് മുമ്പ് ഞാന്‍ ജ്ഞാനവേലിന്റെ ജയ് ഭീം കണ്ടിട്ടുണ്ടായിരുന്നു. അദ്ദേഹം എന്നോട് കഥ പറഞ്ഞു, എനിക്ക് അത് ഇഷ്ടപ്പെട്ടു. വളരെ നല്ല കഥയായിരുന്നു. എന്നാലും, സിനിമ നിര്‍മിക്കുന്നതിന് ധാരാളം പണം പോകുമെന്നതിനാല്‍, കഥ കുറച്ചുകൂടെ കൊമേര്‍ഷ്യല്‍ ആകാമോ എന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. കൊമേര്‍ഷ്യല്‍ എലമെന്റുകള്‍ ചേര്‍ത്ത ശേഷം കഥ തിരികെ കൊണ്ടുവന്നാല്‍ അതിനെക്കുറിച്ച് ആലോചിക്കാമെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു.
ജ്ഞാനവേല്‍ എന്നോട് പത്ത് ദിവസമാണ് ആവശ്യപ്പെട്ടത്, പക്ഷേ അതിനിടയില്‍ അദ്ദേഹം എന്നെ രണ്ട് തവണ വിളിച്ചു. എന്നിട്ട് പറഞ്ഞു, ‘സാര്‍, ഞാന്‍ ഇത് കൊമേര്‍ഷ്യല്‍ ആയി തന്നെ ചെയ്യാം, പക്ഷേ നെല്‍സണ്‍ ദിലീപ്കുമാറിനെയും ലോകേഷ് കനകരാജിനെയും പോലുള്ള സംവിധായകര്‍ ചെയ്യുന്നതുപോലുള്ള ഒരു സിനിമയായിരിക്കുമെന്ന് പ്രതീക്ഷിക്കരുത്. അവര്‍ ചെയ്യുന്നതുപോലെ ആരാധകരെ ആവേശത്തിലാകുന്ന സിനിമ തന്നെ നമുക്ക് ചെയ്യാം പക്ഷെ അത് എന്റെ രീതിയിലായിരിക്കും’ എന്ന് അദ്ദേഹം എന്നോട് പറഞ്ഞു.
സര്‍, അതാണ് എനിക്കും വേണ്ടത്. അവരെ പോലെ ഒരു സിനിമയാണെകില്‍ ഞാന്‍ നെല്‍സന്റെയോ ലോകേഷിന്റെയോ അടുത്തേക്ക് പോകുമായിരുന്നു. പത്ത് ദിവസത്തിനുള്ളില്‍ അദ്ദേഹം മടങ്ങിയെത്തി അപ്ഡേറ്റ് ചെയ്ത കഥ എന്നോട് വിവരിച്ചു, ഞാന്‍ അത് കേട്ട് ശെരിക്കും ഇമ്പ്രെസ്സായി,’ രജിനികാന്ത് പറയുന്നു.
Content Highlight: Rajinikanth reveals TJ Gnanavel’s response to his request for a more commercial Vettaiyan