|

'കൊലപാതകത്തിലുള്‍പ്പെട്ട പൊലീസുകാര്‍ക്ക് ശിക്ഷ ഉറപ്പാക്കണം'; തൂത്തുക്കുടി കസ്റ്റഡി മരണത്തില്‍ രജനികാന്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തൂത്തുക്കുടിയിലെ കസ്റ്റഡി കൊലപാതകത്തില്‍ പ്രതികരണവുമായി നടന്‍ രജനികാന്ത്. തൂത്തുക്കുടി കൊലപാതകത്തില്‍ ഉള്‍പ്പെട്ട എല്ലാ പൊലീസുകാരുടെയും ശിക്ഷ ഉറപ്പാക്കണമെന്നും രജനികാന്ത് പറഞ്ഞു.

ട്വിറ്ററിലൂടെയായിരുന്നു രജനീകാന്തിന്റെ പ്രതികരണം.

‘തൂത്തുക്കുടിയില്‍ അച്ഛനെയും മകനെയും ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതും മജിസ്‌ട്രേറ്റിനെ കേസന്വേഷിക്കുന്നതില്‍ പൊലീസ് നിന്ന് തടയാന്‍ ശ്രമിച്ചതും ഒരു പോലെ നടുക്കമുണ്ടാക്കുന്നതാണ്. കൊലപാതകത്തില്‍ ഉള്‍പ്പെട്ട എല്ലാ പൊലീസുകാര്‍ക്കും ശിക്ഷ ഉറപ്പാക്കണം, രജനികാന്ത് പറഞ്ഞു.

തൂത്തുക്കുടിയില്‍ ലോക്ക് ഡൗണ്‍ ലംഘിച്ചെന്ന പേരില്‍ അച്ഛനെയും മകനെയും പൊലീസ് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ പൊലീസിനെതിര പ്രതിഷേധം ശക്തമാണ്.

സിനിമാ-രാഷ്ട്രീയ മേഖലയില്‍ നിന്നുള്ള നിരവധി പേര്‍ പൊലീസിന്റെ ക്രൂരതയ്‌ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അതേസമയം രജനീകാന്ത് ആദ്യമായാണ് വിഷയത്തില്‍ പ്രതികരിക്കുന്നത്.

ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം കേസ് അന്വേഷിക്കാന്‍ വന്ന മജിസ്ട്രേറ്റിനെ അന്വേഷണം തടയുന്നതിനൊപ്പം പൊലീസുകാരന്‍ വെല്ലുവിളിക്കുന്ന സാഹചര്യണ്ടായിരുന്നു. കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ പൊലീസ് ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കൊല്ലപ്പെട്ട ജയരാജനെയും മകന്‍ ഫെനിക്‌സിനെയും അറസ്റ്റു ചെയ്യാന്‍ പൊലീസ് പറഞ്ഞ കാരണവും പരസ്പര വിരുദ്ധമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

കേസില്‍ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ പൊലീസ് സേനയില്‍ കാര്യമായ അഴിച്ചുപണി നടത്തുന്നുണ്ട്. പൊലീസുകാരെ സ്ഥലം മാറ്റുകയും നാല് നഗരങ്ങളിലെ പൊലീസ് തലവന്‍മാരെ മാറ്റുകയും ചെയ്തിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ