Advertisement
Entertainment
വെള്ള സ്യൂട്ടുമിട്ട് ചുറ്റികയുമായി നാഗാര്‍ജുന; രജിനികാന്ത് ചിത്രം കൂലിയുടെ സെറ്റിലെ വീഡിയോ ലീക്കായി; വൈറല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Sep 18, 02:15 pm
Wednesday, 18th September 2024, 7:45 pm

തുടര്‍ച്ചയായി തമിഴ് സിനിമക്ക് രണ്ട് ഇന്‍ഡസ്ട്രിയല്‍ ഹിറ്റുകള്‍ സമ്മാനിക്കാന്‍ സാധിച്ച സംവിധായകനാണ് ലോകേഷ് കനകരാജ്. വിക്രം, ലിയോ എന്നീ സിനിമകളുടെ വന്‍ വിജയത്തിലൂടെ തമിഴിലെ മുന്‍നിര സംവിധായകനായി മാറാന്‍ ലോകേഷിന് സാധിച്ചിട്ടുണ്ട്.

ലോകേഷിന്റേതായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കൂലി. രജിനികാന്തിനൊപ്പം ലോകേഷ് ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് ഇത്. രജിനികാന്തിന്റെ കരിയറിലെ 171ാമത് സിനിമയാണ് കൂലിയെന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് സിനിമാലോകത്ത് വലിയ ചര്‍ച്ചയായിരുന്നു.

കൂലിയില്‍ നാഗാര്‍ജുന ഉള്‍പ്പെടെയുള്ള വന്‍ താരനിര തന്നെയാണ് ഒന്നിക്കുന്നത്. സൈമണ്‍ എന്ന കഥാപാത്രമായാണ് നാഗാര്‍ജുന എത്തുന്നത്. ഇപ്പോള്‍ സെറ്റിലെ നാഗാര്‍ജുനയുടെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. കൂലിയുടെ ഷൂട്ടിങ്ങിന് ഇടയിലെ ഒരു വീഡിയോയാണ് ഇത്.

സെറ്റില്‍ വെച്ച് ആരുമറിയാതെ എടുത്ത വീഡിയോ എക്‌സില്‍ ഉള്‍പ്പെടെ ട്രെന്‍ഡിങ്ങില്‍ ആവുകയായിരുന്നു. വിശാഖപട്ടണത്ത് വെച്ച് ഷൂട്ട് ചെയ്ത സീനാണ് ലീക്കായിരിക്കുന്നത്. സ്യൂട്ട് ധരിച്ച നാഗാര്‍ജുന ചുറ്റിക കൊണ്ട് ഒരാളെ അടിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്.

അതില്‍ ഒരു വീഡിയോ ദൂരെ നിന്ന് ചിത്രീകരിച്ചതാണെങ്കില്‍ മറ്റൊന്ന് തൊട്ടടുത്ത് നിന്ന് ചിത്രീകരിച്ചതാണ്. നാഗാര്‍ജുന തമിഴില്‍ ഡയലോഗ് പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. ഒപ്പം ഒരു കൂട്ടം ആളുകള്‍ ഓടുന്ന സീനിന്റെ വീഡിയോയും ലീക്കായിട്ടുണ്ട്. വീഡിയോകള്‍ എക്‌സില്‍ ട്രെന്‍ഡിങ്ങിലാണ്.

നാഗാര്‍ജുനയെ കൂടാതെ കൂലിയില്‍ മലയാളിയായ സൗബിന്‍ ഷാഹിറും വേഷമിടുന്നുണ്ട്. ദയാല്‍ എന്ന കഥാപാത്രമായാണ് സൗബിന്‍ എത്തുന്നത്. ഒപ്പം ശ്രുതി ഹാസന്‍, സത്യരാജ്, ഉപേന്ദ്ര ഉള്‍പ്പെടെയുള്ളവരും കൂലിയുടെ ഭാഗമാകുന്നുണ്ട്.

Content Highlight: Rajinikanth Movie Coolie’s Nagarjuna Scene Leaked In Social Media