സെന്‍സര്‍ ചെയ്ത സിനിമ മുറിക്കണമെന്ന് പറയാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് രജനീകാന്ത്
Movie Day
സെന്‍സര്‍ ചെയ്ത സിനിമ മുറിക്കണമെന്ന് പറയാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് രജനീകാന്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 9th November 2018, 12:49 pm

ചെന്നൈ: സര്‍ക്കാര്‍ സിനിമയിലെ രംഗങ്ങള്‍ മുറിച്ചു മാറ്റണമെന്ന എ.ഐ.എ.ഡി.എം.കെ സര്‍ക്കാരിന്റെ നിലപാടിനെ ചോദ്യം ചെയ്ത് രജനീകാന്ത്. സെന്‍സര്‍ബോര്‍ഡ് അംഗീകാരം നല്‍കിയ സിനിമയിലെ രംഗങ്ങള്‍ മാറ്റണമെന്ന് പറയുന്നത് നിയമവിരുദ്ധമാണെന്നും ചിത്രത്തിന്റെ പ്രദര്‍ശനം തടയുന്നതും ബാനറുകള്‍ കേടാക്കുന്നതും അപലപനീയമാണെന്നും രജനീകാന്ത് പറഞ്ഞു.

സെന്‍സര്‍ ചെയ്ത സിനിമകളില്‍ ഇടപെടാനുള്ള സര്‍ക്കാര്‍ നീക്കം ശരിയല്ലെന്ന് നടന്‍ വിശാലും പ്രതികരിച്ചിരുന്നു. വിജയ് ചിത്രങ്ങള്‍ക്കെതിരെ  ഉണ്ടാകുന്ന രാഷ്ട്രീയ ഇടപെടല്‍ ശരിയല്ലെന്ന് നടിയും കോണ്‍ഗ്രസ് വക്താവുമായ ഖുശ്ബുവും പറഞ്ഞു.

“സര്‍ക്കരി”നെതിരെ എ.ഐ.എ.ഡി.എം.കെ ഒന്നടങ്കം പ്രതിഷേധവുമായി ഇറങ്ങിയ സാഹചര്യത്തിലാണ് രജനീകാന്തിന്റെ പ്രതികരണം. സിനിമ ഭീകരവാദത്തെ പ്രേരിപ്പിക്കുന്നതാണെന്നാണ് തമിഴ്‌നാട് നിയമമന്ത്രി സി.വി ഷണ്‍മുഖന്‍ ആരോപിച്ചത്. വിജയ്ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരെ നടപടിയെടുക്കുമെന്ന് മറ്റൊരു മന്ത്രിയായ കടമ്പൂര്‍ സി രാജ ഭീഷണിപ്പെടുത്തിയിരുന്നു.

വ്യാഴാഴ്ച അര്‍ധരാത്രിയോടെ “സര്‍ക്കാര്‍” സംവിധായകന്‍ എ.ആര്‍ മുരുഗദോസിന്റെ വീട്ടില്‍ പൊലീസ് റെയിഡ് നടത്താനെത്തിയിരുന്നു. മുരുഗദോസ് വീട്ടിലില്ലാത്തതിനാല്‍ പൊലീസ് മടങ്ങുകയായിരുന്നു.

ചിത്രത്തിലെ “ഒരു വിരല്‍ പുരട്ചി” എന്ന ഗാനത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ ജനങ്ങള്‍ കത്തിച്ചെറിയുന്ന ദൃശ്യമുണ്ട്. സംവിധായകന്‍ എ.ആര്‍ മുരുഗദോസ് തന്നെ ഈ ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുകയും സര്‍ക്കാരിന്റെ സഹായങ്ങള്‍ കത്തിക്കുകയും ചെയ്യുന്നുണ്ട്. മുഖ്യമന്ത്രിയെ കൂടെയുള്ളവര്‍ അമിത മരുന്നുനല്‍കി കൊലപ്പെടുത്തുന്ന ദൃശ്യങ്ങളും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ചിത്രത്തില്‍ വരലക്ഷ്മി ശരത് കുമാര്‍ അവതരിപ്പിച്ച കഥാപാത്രത്തിനു മുന്‍ മുഖ്യമന്ത്രി ജയലളിതയുമായ സാമ്യമുണ്ടെന്ന് ചര്‍ച്ചയുണ്ടായിരുന്നു.