മാമന്നന് സ്റ്റൈല്‍ മന്നന്റെ അഭിനന്ദനം; മാരി സെല്‍വരാജിനെ നേരിട്ട് കണ്ടു
Film News
മാമന്നന് സ്റ്റൈല്‍ മന്നന്റെ അഭിനന്ദനം; മാരി സെല്‍വരാജിനെ നേരിട്ട് കണ്ടു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 5th July 2023, 9:38 am

മാമന്നന് അഭിനന്ദനങ്ങളുമായി രജിനികാന്ത്. സംവിധായകന്‍ മാരി സെല്‍വരാജിനെ നേരില്‍ കണ്ട് അഭിനന്ദിച്ചു. സമത്വത്തെ ഉയര്‍ത്തിപ്പിടിക്കുന്നതാണ് മാമന്നനെന്നും ഉദയനിധി സ്റ്റാലിനും വടിവേലുവും ഫഹദ് ഫാസിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

‘സമത്വത്തെ ഉയര്‍ത്തിപ്പിടിച്ച് മാരി സെല്‍വരാജിന്റെ അത്ഭുതകരമായ സൃഷ്ടി. അദ്ദേഹത്തിന് എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍. മികച്ച പ്രകടനം കാഴ്ചവെച്ച വടിവേലു, ഉദയനിധി, ഫഹദ് ഫാസില് എന്നിവര്‍ക്ക് എന്റെ ആശംസകള്‍,’ രജിനി കുറിച്ചു.

അതേസമയം മാമന്നന്‍ മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. വിജയത്തിന് പിന്നാലെ ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ ഉദയനിധി സ്റ്റാലിന്‍ മാരിസെല്‍വരാജിന് മിനി കൂപ്പര്‍ കാര്‍ സമ്മാനമായി നല്‍കിയിരുന്നു. റിലീസ് കേന്ദ്രങ്ങളിലെല്ലാം മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടുകയാണ് ചിത്രം.

ഉദയനിധി തന്നെയാണ് ട്വിറ്ററിലൂടെ വിവരം പങ്കുവെച്ചത്. ‘മാമന്നന്’ ലോകം ചുറ്റാന്‍ ചിറകുകള്‍ നല്‍കിയ എന്റെ മാരി സെല്‍വരാജിന് നന്ദി എന്നാണ് ഉദയനിധി സ്റ്റാലിന്‍ പറഞ്ഞത്.

എ.ആര്‍. റഹ്‌മാനാണ് ചിത്രത്തിന് സംഗീതം നല്‍കിയത്. ഉദയനിധിയുടെ റെഡ് ജയന്റ് മൂവീസാണ് ചിത്രത്തിന്റെ നിര്‍മാണം. തേനി ഈശ്വറാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. ഉദയനിധി സ്റ്റാലിന്റെ അവസാന ചിത്രം കൂടിയായ മാമന്നന്‍ ജൂണ്‍ 29 ബക്രീദ് ദിനത്തിലാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്.

Content Highlight: Rajinikanth congratulates Mamannan and mari selvaraj