| Wednesday, 15th November 2023, 11:59 am

ഫോര്‍ മൈ ബോയ്‌സ്; നീലകുറിഞ്ഞി പൂക്കുന്ന പോലൊരു സിനിമ; ജിഗര്‍തണ്ട ഡബിള്‍ എക്‌സിന് അഭിനന്ദനവുമായി രജിനികാന്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാര്‍ത്തിക് സുബ്ബരാജ് ചിത്രം ജിഗര്‍തണ്ട ഡബിള്‍ എക്‌സിനെ അഭിനന്ദിച്ച് രജിനികാന്ത്. നീലകുറിഞ്ഞി പൂക്കുന്നത് പോലെ അപൂര്‍വമായി സംഭവിച്ച ചിത്രമാണ് ജിഗര്‍തണ്ട ഡബിള്‍ എക്‌സ് എന്ന് രജിനി പറഞ്ഞു. കാര്‍ത്തിക് സുബ്ബരാജിനായി അയച്ച പ്രസ് നോട്ടിലാണ് താരത്തിന്റെ വാക്കുകള്‍.

തമിഴ് സിനിമ മുമ്പൊരിക്കലും കാണാത്ത തരത്തിലുള്ള രംഗങ്ങളാണ് ചിത്രത്തിലുള്ളതെന്നും രജിനികാന്ത് പറഞ്ഞു. ലോറന്‍സിന് ഇങ്ങനെ അഭിനയിക്കാനാകുമോ എന്ന് അത്ഭുതം തോന്നി. എന്‍ഗേജിങ്ങായ തിരക്കഥ കൊണ്ട് പുതുമയാര്‍ന്ന സിനിമ കാര്‍ത്തിക് സുബ്ബരാജ് സമ്മാനിച്ചുവെന്നും രജിനി പറഞ്ഞു.

രാഘവ ലോറന്‍സിനൊപ്പം എസ്.ജെ. സൂര്യയുടേയും പെര്‍ഫോമന്‍സിനെയും രജിനി അഭിനന്ദിച്ചു. സിനിമാറ്റോഗ്രാഫര്‍ തിരുവിന്റെ ക്യാമറയേയും പ്രശംസിച്ച രജിനി സംഗീത സംവിധായകന്‍ സന്തോഷ് നാരായണനെ സംഗീതത്തിന്റെ രാജാവ് എന്നാണ് വിളിച്ചത്. കാര്‍ത്തിക് സുബ്ബരാജിനെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്നും രജിനി പറഞ്ഞു.

രജിനിയുടെ പ്രെസ് നോട്ട് എക്‌സിലൂടെ ഷെയര്‍ ചെയ്ത കാര്‍ത്തിക് സുബ്ബരാജ് ‘ഫോര്‍ മൈ ബോയ്‌സ്’ എന്ന് അദ്ദേഹം പറഞ്ഞത് പ്രത്യേകം പരാമര്‍ശിച്ചു. ചിത്രത്തിലെ രാഘവ ലോറന്‍സ് ചെയ്ത എലിയാസ് സീസറിനെ പറ്റി പറയുന്ന ‘ഫോര്‍ മൈ ബോയ്’ എന്ന ഡയലോഗ് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതാണ് രജിനി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ അഭിനന്ദിക്കാനും ഉപയോഗിച്ചത്. രജിനികാന്തിനെ നായകനാക്കി മുമ്പ് കാര്‍ത്തിക് സുബ്ബരാജ് പേട്ട എന്ന ചിത്രം സംവിധാനം ചെയ്തിരുന്നു.

രജിനിക്ക് പുറമേ സംവിധായകരായ ശങ്കര്‍, മാരി സെല്‍വരാജ് മുതലായവരും ജിഗര്‍തണ്ട ഡബിള്‍ എക്‌സിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. റിലീസ് ദിനം മുതല്‍ തന്നെ മികച്ച അഭിപ്രായമാണ് ജിഗര്‍തണ്ട ഡബിള്‍ എക്‌സിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

നവംബര്‍ പത്തിനാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിന്റെ തിരക്കഥയും കാര്‍ത്തിക്ക് സുബ്ബരാജ്ജ് തന്നെയാണ് നിര്‍വഹിച്ചത്. കാര്‍ത്തികേയന്‍ സന്തനം, എസ്. കതിരേശന്‍, അലങ്കാര പാണ്ട്യന്‍ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. നിമിഷ സജയനും ഷൈന്‍ ടോം ചാക്കോയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

Content Highlight: Rajinikanth congratulates Jigarthanda Double X

We use cookies to give you the best possible experience. Learn more