Advertisement
വര്‍മനില്ലെങ്കില്‍ ജയിലറില്ല; വിനായകനെ വീണ്ടും പുകഴ്ത്തി രജിനികാന്ത്
Entertainment news
വര്‍മനില്ലെങ്കില്‍ ജയിലറില്ല; വിനായകനെ വീണ്ടും പുകഴ്ത്തി രജിനികാന്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Sep 18, 05:09 pm
Monday, 18th September 2023, 10:39 pm

നെല്‍സണ്‍ ദിലീപ്കുമാറിന്റെ സംവിധാനത്തില്‍ രജിനികാന്ത് നായകനായി എത്തിയ ജയിലര്‍ വലിയ വിജയമാണ് കരസ്ഥമാക്കിയത്. ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തിയ നടന്‍ വിനായകന് വലിയ കയ്യടികള്‍ ലഭിച്ചിരുന്നു. ഇപ്പോഴിതാ വര്‍മന്‍ എന്ന കഥാപാത്രത്തെ വീണ്ടും പ്രശംസിച്ച് എത്തിയിരിക്കുകയാണ് രജിനികാന്ത്.

കഥ കേള്‍ക്കുമ്പോള്‍ തന്നെ വര്‍മന്‍ എന്ന കഥാപാത്രം സെന്‍സേഷണലാകുമെന്ന് അറിയാമായിരുന്നുവെന്നും വിനായകന്‍ അത് മികച്ച രീതിയില്‍ അഭിനയിച്ചിട്ടുണ്ടെന്നുമാണ് രജിനികാന്ത് പറഞ്ഞത്.

ജയിലര്‍ സിനിമയുടെ വിജയഘോഷ ചടങ്ങിലായിരുന്നു രജിനികാന്ത് ഇക്കാര്യം പറഞ്ഞത്. വര്‍മന്‍ എന്നൊരു കഥാപാത്രം ഉണ്ടെങ്കില്‍ മാത്രമേ ജയിലറുള്ളൂവെന്നും അത്രയും മികച്ച രീതിയില്‍ ആ കഥാപാത്രം വിനായകന്‍ ചെയ്തിട്ടുണ്ടെന്നും രജിനികാന്ത് പറയുന്നു.

‘വിനായകന്‍ ഇന്ന് ഇവിടെ വന്നിട്ടില്ല, ഒരു രാവണന്‍ ഉണ്ടായത് കൊണ്ടാണ് രാമന്‍ ഉണ്ടായത്, അതെപോലെയാണ് വര്‍മനും ജയിലറും, വര്‍മന്‍ ഇല്ലെങ്കില്‍ ജയിലറില്ല. മികച്ച രീതിയിലാണ് ജയിലറില്‍ വിനായകന്‍ അഭിനയിച്ചിരിക്കുന്നത്. സിനിമയുടെ കഥ കേള്‍ക്കുമ്പോള്‍ തന്നെ വര്‍മന്‍ മികച്ചതാകുമെന്ന് അറിയാമായിരുന്നു,’ രജിനികാന്ത് പറയുന്നു.

അതേസമയം ജയിലര്‍ സിനിമയുടെ റീ റെക്കോഡിങ് നടക്കുന്നതിന് മുമ്പ് വരെ സിനിമ ആവേറേജിന് മുകളില്‍ നില്‍ക്കുന്നതായിട്ടാണ് തനിക്ക് തോന്നിയതെന്ന് രജിനികാന്ത് പറഞ്ഞിരുന്നു.

ലോകമെമ്പാടുനിന്നും മികച്ച കളക്ഷനാണ് സിനിമ സ്വന്തമാക്കിയിരിക്കുന്നത്. കലാനിധി മാരനാണ് ജയിലര്‍ നിര്‍മിച്ചിരിക്കുന്നത്. രമ്യ കൃഷ്ണന്‍, ജാക്കി ഷ്‌റോഫ്, വിനായകന്‍, മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍ തുടങ്ങിയ വമ്പന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Content Highlight: Rajinikanth about vinayakan in jailer