ഒരു രണ്ട് പാട്ട് ഹിറ്റാക്കി തരണം എന്നായിരുന്നു രജനി ആവശ്യപ്പെട്ടത്, അഞ്ച് പാട്ടും ഹിറ്റാക്കി തരാം എന്ന് പറഞ്ഞു; ആ ഹിറ്റ് ഗാനങ്ങളെ കുറിച്ച് വിദ്യാസാഗര്‍
ചെന്നൈ: സംഗീത പ്രേമികളുടെ ഇഷ്ട സംഗീത സംവിധായകനാണ് വിദ്യാസാഗര്‍. വിവിധ ഭാഷകളിലായി നിരവധി ഹിറ്റുപാട്ടുകളാണ് വിദ്യാജി ഒരുക്കിയിരിക്കുന്നത്.
ഓരോ ഗാനങ്ങളും നിരവധി വര്‍ഷങ്ങള്‍ക്കിപ്പോഴും മ്യൂസിക് ചാര്‍ട്ടുകളില്‍ ഹിറ്റ് സ്ഥാനത്താണ്. തമിഴില്‍ വിദ്യാസാഗറിന്റെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു ചന്ദ്രമുഖി. രജനികാന്ത് നായകനായ ചിത്രത്തിലെ ഗാനങ്ങള്‍ എല്ലാം തന്നെ സൂപ്പര്‍ ഹിറ്റായിരുന്നു.
ചിത്രത്തിലെ ഗാനങ്ങളെ കുറിച്ച് വിദ്യാസാഗര്‍ മനസുതുറന്ന ഒരു അഭിമുഖം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ബിഹൈന്റ് വുഡിന് നല്‍കിയ അഭിമുഖത്തിലാണ് ചന്ദ്രമുഖി സിനിമയെ കുറിച്ചും രജനികാന്തിന് താന്‍ നല്‍കിയ ഉറപ്പിനെ കുറിച്ചും വിദ്യാസാഗര്‍ തുറന്നുപറഞ്ഞിരിക്കുന്നത്.
ചിത്രത്തിലെ നായകനായ രജനികാന്ത് ഒരിക്കല്‍ പോലും തന്റെ വര്‍ക്കില്‍ ഇടപ്പെട്ടിരുന്നില്ലെന്നും നിങ്ങളാണ് സംഗീത സംവിധായകന്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്ത് തരണമെന്നുമായിരുന്നു രജനികാന്ത് ആവശ്യപ്പെട്ടത് എന്നാണ് വിദ്യാസാഗര്‍ പറയുന്നത്. തനിക്ക് രജനികാന്തില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് ഇതാണെന്നും അദ്ദേഹം പറഞ്ഞു.
ചിത്രത്തിലെ ഒരു രണ്ട് ഗാനങ്ങള്‍ എങ്ങിനെയെങ്കിലും ഹിറ്റാക്കി തരണമെന്നായിരുന്നു ചന്ദ്രമുഖിയുടെ വര്‍ക്ക് നടക്കുമ്പോള്‍ രജനികാന്ത് തന്നോട് ആവശ്യപ്പെട്ടത്. എന്തിനാണ് രണ്ട് ആക്കുന്നത് അഞ്ച് ഗാനങ്ങളും ഹിറ്റായിരിക്കുമെന്നാണ് താന്‍ മറുപടി നല്‍കിയതെന്നും വിദ്യാസാഗര്‍ പറയുന്നു.
ഒരു തമാശയ്ക്ക് വേണ്ടിയായിരുന്നു ഇത് പറഞ്ഞത്. താനിത് പറഞ്ഞതോടെ രജനികാന്ത് തന്നെ ഒന്ന് നോക്കിയെന്നും വിദ്യാസാഗര്‍ പറഞ്ഞു. ഗാനം ചുമ്മാ ഹിറ്റ് ആയതല്ലെന്നും ഒരുപാട് ഇരുന്ന് വര്‍ക്ക് ചെയ്താണ് ഗാനം പിറന്നതെന്നും വിദ്യാസാഗര്‍ അഭിമുഖത്തില്‍ പറഞ്ഞു.
ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കുന്നതിന് ചില വെല്ലുവിളികള്‍ ഉണ്ടായിരുന്നു. ഒരു മലയാള ചിത്രത്തില്‍ നിന്ന് കന്നഡയില്‍ എത്തി അവിടെ നിന്ന് തമിഴിലേക്ക് റീമേക്ക് ചെയ്ത ചിത്രമായതിനാല്‍ ഗാനങ്ങളില്‍ ചില മാറ്റങ്ങള്‍ വേണ്ടിയിരുന്നെന്നും വിദ്യാസാഗര്‍ പറഞ്ഞു.
ചിത്രത്തിലേക്ക് താന്‍ എത്തിയതിനെ കുറിച്ചും അഭിമുഖത്തില്‍ വിദ്യാസാഗര്‍ പറയുന്നുണ്ട്. 2005ല്‍ പി. വാസു സംവിധാനം ചെയ്ത് ചന്ദ്രമുഖി.യില്‍ രജനീകാന്ത്, പ്രഭു, ജ്യോതിക, നയന്‍താര എന്നിവരായിരുന്നു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും നിര്‍വ്വഹിച്ചത് വിദ്യാസാഗര്‍ ആയിരുന്നു.
മണിച്ചിത്രത്താഴിന്റെ റീമേക്ക് ആയി പി. വാസു തന്നെ സംവിധാനം ചെയ്ത കന്നഡ ചിത്രം ആപ്തമിത്രയുടെ തമിഴ് റീമേക്കാണ് ചന്ദ്രമുഖി. 890 ദിവസം തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ച് ചിത്രം റെക്കോര്‍ഡ് നേടിയിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക