ട്രെയിനില്‍ പട്ടിണി കിടന്നു; പലരോടും യാചിച്ചു; ഉറുമ്പിനെപ്പോലെ പണം ശേഖരിച്ചു; ജെ.എന്‍.യു പ്രവേശനത്തെക്കുറിച്ച് ആത്മഹത്യ ചെയ്ത ദളിത് വിദ്യാര്‍ത്ഥി രജിനി ക്രിഷ് പറഞ്ഞത്
India
ട്രെയിനില്‍ പട്ടിണി കിടന്നു; പലരോടും യാചിച്ചു; ഉറുമ്പിനെപ്പോലെ പണം ശേഖരിച്ചു; ജെ.എന്‍.യു പ്രവേശനത്തെക്കുറിച്ച് ആത്മഹത്യ ചെയ്ത ദളിത് വിദ്യാര്‍ത്ഥി രജിനി ക്രിഷ് പറഞ്ഞത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th March 2017, 7:36 am

 

 

ന്യൂദല്‍ഹി: വളരെയേറെ കഷ്ടപ്പെട്ടാണ് താന്‍ ജെ.എന്‍.യുവില്‍ പ്രവേശനം നേടിയതെന്ന് വ്യക്തമാക്കികൊണ്ടുള്ള ദളിത് വിദ്യാര്‍ത്ഥി രജിനി ക്രിഷിന്റെ കുറിപ്പ്. യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം ലഭിച്ചതിന്റെ സന്തോഷം പങ്കുവെച്ച് 2016 ജൂലെയ് 26ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് താനനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ചും കഠിനപ്രയത്‌നത്തെക്കുറിച്ചും രജിനി ക്രിഷ് പറഞ്ഞത്.


Also read കന്നഡ എഴുത്തുകാരന്‍ യോഗേഷ് മാസ്റ്റര്‍ക്കെതിരെ കറുത്ത മഷി പ്രയോഗം; ദൈവങ്ങളെ കുറിച്ച് എഴുതിയാല്‍ കൂടുതല്‍ കടുത്ത ശിക്ഷ നേരിടുമെന്ന് ഭീഷണി 


ജെ.എന്‍.യു സര്‍വ്വകലാശാലയിലെ പി.എച്ച്.ഡി വദ്യാര്‍ത്ഥിയായ രജനി ക്രിഷിനെ മുനീര്‍ക്കയിലെ സുഹൃത്തിന്റെ വീട്ടിലായിരുന്നു ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാലയിലെ മുന്‍ ചരിത്ര വിദ്യാര്‍ത്ഥിയായിരുന്ന രജനിയുടെ ആത്മഹത്യയുടെ കാരണം വ്യക്തമല്ലെങ്കിലും ക്യാമ്പസിലെ ദളിത് വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള മനോഭാവവും അസമത്വവുമാണ് മരണകാരണമെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. തമിഴ്‌നാട് സേലം സ്വദേശിയാണ് രജിനി ക്രിഷ്.

ഫേസ്ബുക്ക് പോസ്റ്റില്‍ നാലാമത്തെ പരിശ്രമത്തിനൊടുവിലാണ് തനിക്ക് പ്രവേശനം ലഭിച്ചതെന്നു പറഞ്ഞ രജിനി ക്രിഷ് മൂന്നു തവണ ജെ.എന്‍.യു എം.എ എന്‍ട്രന്‍സ് പരീക്ഷ എഴുതിയെന്നും രണ്ടുതവണ ജെ.എന്‍.യു എം.ഫില്‍ പി.എച്ച്.ഡി പ്രവേശനപ്പരീക്ഷയും രണ്ട് തവണ ഇന്‍ര്‍വ്യൂവിലും പങ്കെടുത്തെന്നും പറയുന്നു.


Dont miss ‘ഇത് എക്കാലത്തേയും വലിയ ചതി, ജനങ്ങളെയാണ് അധിക്ഷേപിച്ചിരിക്കുന്നത്’ ബി.ജെ.പിയ്ക്ക് പിന്തുണ നല്‍കിയതിനെതിരെ ഗോവന്‍ ഫോര്‍വേര്‍ഡ് പാര്‍ട്ടിയില്‍ പ്രതിഷേധം 


ഒരിക്കലും വിട്ടു കൊടുക്കാന്‍ താന്‍ തയ്യാറായിരുന്നില്ലെന്നു വ്യക്തമാക്കുന്ന ക്രിഷ് ഓരോ വര്‍ഷവും ജെ.എന്‍.യുവില്‍ എത്താനായി ഞാന്‍ പലതരത്തിലുള്ള വിടുപണിയും ചെയ്തിട്ടുണ്ടെന്നും ഉറുമ്പിനേപ്പോലെയാണ് പണം ശേഖരിച്ചതെന്നും പറയുന്നുണ്ട്. “പൈസയ്ക്കുവേണ്ടി ആളുകളോട് യാചിച്ചു. ട്രെയിന്‍ യാത്രയിക്കിടയില്‍ ഭക്ഷണം കഴിച്ചതേയില്ല.” ക്രിഷ് വിവരിക്കുന്നു.

കഠിന പ്രയത്‌നത്തിലൂടെയായിരുന്നു പ്രവേശനം ലഭിച്ചതെന്നു വ്യക്തമാക്കിയ ക്രിഷ്. കേന്ദ്ര സര്‍വകലശാലയില്‍ പഠിക്കാനെത്തിയ ഏക ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജ് വിദ്യാര്‍ത്ഥി താനാണെന്നും സേലം ജില്ലയില്‍ നിന്നുള്ള ഏക വിദ്യാര്‍ത്ഥിയും താനാണെന്നും പോസ്റ്റില്‍ കുറിച്ചിരുന്നു.

ഫേസ്ബുക്ക് പോസ്റ്റ്
“ജെ.എന്‍.യുവിലേക്കുള്ള എന്റെ നാലാമത്തെ വരവാണിത്. മൂന്നു തവണ ജെ.എന്‍.യു എം.എ എന്‍ട്രന്‍സ് പരീക്ഷ എഴുതി. രണ്ടുതവണ ജെ.എന്‍.യു എം.ഫില്‍/പി.എച്ച്.ഡി പ്രവേശനപ്പരീക്ഷ. രണ്ട് തവണ ഇന്‍ര്‍വ്യൂവിലും പങ്കെടുത്തു.

നിങ്ങള്‍ക്കറിയുമോ. ആദ്യ രണ്ട് തവണയും ഞാന്‍ ഇംഗ്ലീഷ് നന്നായി പഠിച്ചിരുന്നില്ല. പക്ഷെ ഞാന്‍ ശ്രമിച്ചു. എന്താണെന്നാല്‍ വിട്ടു കൊടുക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല. ഓരോ വര്‍ഷവും ജെ.എന്‍.യുവില്‍ എത്താനായി ഞാന്‍ പലതരത്തിലുള്ള വിടുപണിയും ചെയ്തിട്ടുണ്ട്. ഉറുമ്പിനേപ്പോലെ പണം ശേഖരിച്ചു. പൈസയ്ക്കുവേണ്ടി ആളുകളോട് യാചിച്ചു. ട്രെയിന്‍ യാത്രയിക്കിടയില്‍ ഭക്ഷണം കഴിച്ചതേയില്ല.

ആദ്യ രണ്ടു തവണയും തമിഴ്നാട്ടില്‍ നിന്നാണ് ഞാന്‍ വന്നത്. പിന്നീടുള്ള രണ്ടു തവണയും ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ നിന്നായിരുന്നു. നിനക്ക് ഇത്തവണ കിട്ടുമെന്ന് ഞാന്‍ ഓരോ വര്‍ഷം പോകുമ്പോഴും ആളുകള്‍ പറയുമായിരുന്നു. ഞാനും നന്നായി ശ്രമിച്ചിരുന്നു. കാരണം വിട്ടുകൊടുക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല. കഠിനാധ്വാനം ഒരിക്കലും പരാജയപ്പെടില്ലെന്ന് ഞാനുറച്ച് വിശ്വസിച്ചിരുന്നു.

എല്ലാവര്‍ഷവും സര്‍വ്വകലാശാലയിലെ നെഹ്റു പ്രതിമക്ക് കീഴില്‍ ഇരിക്കും. എന്നിട്ട് നെഹ്റുവിനോട് ചോദിക്കും ” ദയവ് കാണിക്കണം നെഹ്റുജീ. വീട്ടിലെ എല്ലാവരും കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്ന ഒരു കുടുംബമാണ് എന്റേത്. എനിക്ക് വിദ്യാഭ്യാസം നല്‍കണമെന്ന് നിങ്ങള്‍ക്കില്ലേ?”

കഴിഞ്ഞ ഇന്‍ര്‍വ്യൂവില്‍ 11 മിനിട്ടിന് ശേഷം ഒരു മാഡം എന്നോട് പറഞ്ഞു ഞാന്‍ ലളിത ഭാഷയിലാണ് സംസാരിക്കുന്നതെന്ന്. ഇത്തവണ ഇന്റര്‍വ്യൂവില്‍ ഞാന്‍ എട്ട് മിനിട്ട് സംസാരിച്ചു. എല്ലാ ചോദ്യങ്ങള്‍ക്കും ഞാന്‍ ഉത്തരം നല്‍കി. നീ നന്നായി സംസാരിച്ചെന്ന് മൂന്ന് പ്രൊഫസര്‍മാര്‍ പറഞ്ഞു.

ഇപ്പോഴെനിക്കൊരു കാര്യം മനസ്സിലായി. കേന്ദ്ര സര്‍വ്വകലാശാലയില്‍ പഠിക്കാനെത്തിയ ഏക ഗവണ്‍മെന്റ് ആര്‍ട്സ് കോളേജ് വിദ്യാര്‍ത്ഥി ഞാനാണ്. സേലം ജില്ലയില്‍ നിന്ന് ജെ.എന്‍.യുവില്‍ പഠിക്കാനെത്തിയതും ഞാന്‍ മാത്രമാണ്. ഹൈദരാബാദ് യൂണിവേഴ്സ്റ്റിയില്‍ നിന്ന് മോഡേണ്‍ ഇന്ത്യന്‍ ഹിസറ്ററിയില്‍ പ്രവേശനം ലഭിച്ചിരിക്കുന്നതും എനിക്ക് മാത്രമാണ്.

എന്റെ സൂപ്പര്‍വൈസര്‍ ബി ഈശ്വര്‍ ബൊനേലയ്ക്ക് അകമഴിഞ്ഞ നന്ദി. എന്നിലെ ഗവേഷകനെ അദ്ദേഹം കണ്ടെത്തി. പ്രൊപ്പോസല്‍ വീണ്ടും എഴുതാന്‍ പ്രോത്സാഹിപ്പിച്ചത് അദ്ദേഹമാണ്. 38 തവണയാണ് ഞാനത് എഴുതിയത്. ഈ ചരിത്ര നിമിഷത്തില്‍ ഒരുപാട് പേരോട് നന്ദി പറയാനുണ്ട്. അതുകൊണ്ട് ഞാനൊരു പുസ്തകം എഴുതാന്‍ തീരുമാനിച്ചു ” ജെ.എന്‍.യുവിലേക്ക് ഒരു ചെലവില്ലായാത്ര”. പ്രവീണ്‍ ദോന്തി വളരെ നന്ദി, ജെഎന്‍യുവിലെ എന്റെ ആദ്യ ചിത്രമാണിത്. മഗിഴ്ച്ചി..”