ബേസിൽ ജോസഫ് നായകനായി ജോതിഷ് ശങ്കർ സംവിധാനം ചെയ്ത സിനിമയാണ് പൊൻമാൻ. ജി.ആർ. ഇന്ദുഗോപൻ എഴുതിയ നാലഞ്ചു ചെറുപ്പക്കാർ എന്ന നോവലിൻ്റെ ചിത്രാവിഷ്കാരമാണ് പൊൻമാൻ. ജി. ആർ. ഇന്ദുഗോപൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്ന് തിരക്കഥ നിർവഹിച്ച ചിത്രത്തിൻ്റെ സംഭാഷണം നിർവഹിച്ചതും ഇന്ദുഗോപനാണ്.
ഇപ്പോൾ അജേഷിനെ താൻ ഒരിക്കൽ മാത്രമാണ് കണ്ടതെന്ന് പറയുകയാണ് നടൻ രാജേഷ് ശർമ. ചിത്രത്തിലെ ദീപക് ദേവ് അവതരിപ്പിച്ച മാർക്കണ്ഡേയ ശർമ എന്ന കഥാപാത്രം യഥാർത്ഥ ജീവിതത്തിൽ രാജേഷ് ശർമ ആയിരുന്നു.
പൊൻമാൻ കണ്ട സമയത്ത് തനിക്ക് കുറ്റബോധം തോന്നിയെന്നും തനിക്ക് മാത്രമല്ല അത് കണ്ട തങ്ങളെല്ലാവർക്കും കുറ്റബോധം തോന്നിയെന്നും രാജേഷ് ശർമ പറയുന്നു. അത്ര മനോഹരമായിട്ട് ആ കഥാപാത്രത്തിനെ അവതരിപ്പിച്ചിട്ടുണ്ടെന്നും അത് നോവലിൽ ഉള്ളതിനേക്കാൾ മനോഹരമാണെന്നും രാജേഷ് ശർമ പറയുന്നു.
യഥാർത്ഥത്തിൽ അജേഷ് എന്ന വ്യക്തിയെ താൻ ഒറ്റവട്ടം മാത്രമാണ് കണ്ടതെന്നും അത് കല്ല്യാണത്തിൻ്റെ സമയത്ത് മദ്യപിക്കുമ്പോൾ മാത്രമാണെന്നും രാജേഷ് കൂട്ടിച്ചേർത്തു. മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു രാജേഷ് ശർമ.
‘പൊൻമാൻ കണ്ട സമയത്ത് എനിക്ക് കുറ്റബോധം പോലെ തോന്നിയിരുന്നു, എനിക്ക് മാത്രമല്ല ഞങ്ങളെല്ലാവർക്കും. കാരണം അത്ര മനോഹരമായിട്ട് അജേഷിനെ അവതരിപ്പിച്ച് വച്ചിട്ടുണ്ട്. നോവലിൽ ഉള്ളതിനേക്കാൾ അപ്പുറം സിനിമയിലേക്ക് വരുമ്പോൾ വേറൊരു ലെവൽ അതിനകത്ത് വന്നിട്ടുണ്ട്. ശരിക്കും അജേഷ് എന്ന് പറയുന്ന വ്യക്തിയെ ഞാൻ ഒറ്റ വട്ടമേ കണ്ടിട്ടുള്ളു. അത് കല്ല്യാണത്തിൻ്റെ സ്ഥലത്ത് കള്ള് കുടിക്കുമ്പോൾ ആയിരുന്നു,’ രാജേഷ് പറയുന്നു.
ബേസിൽ ജോസഫ്, സജിൻ ഗോപു , ലിജോമോൾ ജോസ്, ആനന്ദ് മന്മഥൻ , ദീപക് പറമ്പോൾ എന്നിവർ ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കൊല്ലം ജില്ലയിൽ നടക്കുന്ന കല്ല്യാണവും അതിനോടനുബന്ധിച്ച് നടക്കുന്ന സംഭവങ്ങളുമായിരുന്നു ചിത്രത്തിൻ്റെ പശ്ചാത്തലം.
ചിത്രത്തിൽ ബേസിൽ അവതരിപ്പിച്ച പി.പി അജേഷ് എന്ന വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബേസിലിൻ്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് ആയിരുന്നു ചിത്രത്തിൽ കാണാൻ സാധിച്ചത്.
Content Highlight: Rajesh Sharma Talking About Ponman And Ajesh