| Tuesday, 31st January 2023, 7:50 pm

തമിഴ് പാട്ടുകളാകും നന്‍പകലിന്റെ ബി.ജി.എമ്മെന്ന് ഷൂട്ടിന്റെ സമയത്ത് പോലും അറിഞ്ഞില്ല: രാജേഷ് ശര്‍മ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രകടനങ്ങളിലും കഥയിലെ വ്യത്യസ്തതയിലും മേക്കിങ്ങിലും മികവ് പുലര്‍ത്തിയ ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. ചിത്രത്തില്‍ പ്രേക്ഷകര്‍ ശ്രദ്ധിച്ച മറ്റൊരു ഘടകമായിരുന്നു പശ്ചാത്തല സംഗീതം. പഴയ തമിഴ് പാട്ടുകളും തമിഴ് ഡയലോഗുകളുമായിരുന്നു ബി.ജി.എമ്മായി ഉപയോഗിച്ചിരുന്നത്. ഇതും വെറുതെ പശ്ചാത്തലമായി ഇടാതെ സന്ദര്‍ഭങ്ങളോട് ചേരുന്ന രീതിയിലാണ് ഉപയോഗിച്ചത്.

എന്നാല്‍ തമിഴ് പാട്ടുകളാണ് പശ്ചാത്തലത്തില്‍ ഉപയോഗിച്ചതെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് പറയുകയാണ് ചിത്രത്തില്‍ ഡ്രൈവറായെത്തിയ രാജേഷ് ശര്‍മ. ഡൂള്‍ന്യൂസിന് വേണ്ടി അമൃത ടി. സുരേഷ് നടത്തിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എഡിറ്റിങ്ങിന്റെ സമയത്താവാം ഇക്കാര്യം തീരുമാനിച്ചതെന്നും റിലീസ് ചെയ്തതിന് ശേഷം ഫേസ്ബുക്കില്‍ വന്ന കുറിപ്പുകളിലൂടെയാണ് ഇക്കാര്യം അറിഞ്ഞതെന്നും രാജേഷ് ശര്‍മ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘ബാക്ക്ഗ്രൗണ്ട് മ്യൂസിക്കിനെ പറ്റിയുള്ള ചര്‍ച്ചകളൊന്നും സെറ്റില്‍ നടന്നിട്ടില്ല. അതിനെ പറ്റിയൊന്നും ഞങ്ങള്‍ക്കറിയില്ലായിരുന്നു. എഡിറ്റിന്റെ സമയത്ത് ഉണ്ടായ പ്ലാനിങ്ങാവാം തമിഴ് പാട്ടുകള്‍ ഉപയോഗിക്കാമെന്നുള്ളത്. തിയേറ്ററിലാണ് ഫൈനല്‍ കട്ട് ഞാന്‍ കാണുന്നത്. 19ന് റിലീസ് ചെയ്ത സിനിമ 21നാണ് കാണുന്നത്. ഏറ്റവും മുമ്പില്‍ മൂന്നാമത്തെ റോയിലിരുന്നാണ് സിനിമ കാണുന്നത്. ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇല്ലെന്നുള്ളത് സോഷ്യല്‍ മീഡിയയില്‍ വന്ന കുറിപ്പുകളില്‍ കണ്ടിരുന്നു. അതിന് പിന്നില്‍ വലിയ ഹോംവര്‍ക്ക് ഉണ്ടെന്നുള്ളത് ഉറപ്പാണ്,’ രാജേഷ് ശര്‍മ പറഞ്ഞു.

ചിത്രത്തെ പറ്റി പല വ്യാഖ്യാനങ്ങള്‍ വരുന്നതിനെ പറ്റിയും രാജേഷ് ഡൂള്‍ന്യൂസിനോട് സംസാരിച്ചു. ‘എല്‍.ജെ.പി എന്ന മഹാന്‍ ഞങ്ങളോട് ഒന്നും പറഞ്ഞിരുന്നില്ല. മമ്മൂട്ടിയോട് പോലും പറഞ്ഞിട്ടുണ്ടോ എന്നെനിക്ക് അറിയില്ല. വേളാങ്കണ്ണിയില്‍ പോയി തിരിച്ച് വരുന്ന സംഘത്തില്‍ നിന്നും ഒരാളെ കാണാതെ പോകുന്നു. തുടര്‍ന്ന് വരുന്ന സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് റിയാക്ഷന്‍ കൊടുക്കുക. അത്രയേ പറഞ്ഞുള്ളൂ. അവിടെ അഭിനേതാക്കള്‍ ഏറ്റവും നല്ല മെറ്റീരിയലുകളായിരുന്നു. ചലിക്കുന്ന പ്രോപ്പര്‍ട്ടീസ് എന്ന് വേണമെങ്കില്‍ പറയാന്‍ പറ്റും.

പിന്നെ അത്യാവശ്യം ഇമ്പ്രൊവൈസേഷന്‍ കൊടുക്കുക. സാധാരണ നാടകത്തില്‍ ആളുകള്‍ പറയുന്ന ചില വാക്കുകള്‍ ഉപയോഗിച്ചോട്ടെ എന്ന് ഹരീഷിനോട് ഞാന്‍ ചോദിച്ചിരുന്നു. തട്ട്, ക്യാമ്പ് എന്നൊക്കെ പറയുന്ന വാക്കുകള്‍. അതിന് എനിക്ക് അനുവാദം തന്നിരുന്നു. മറ്റാരെങ്കിലുമൊക്കെ അങ്ങനെ പോയി ചോദിച്ചോ എന്നെനിക്ക് അറിയില്ല.

പല വാക്കുകള്‍ ചേര്‍ന്ന് ഒരു ആശയത്തെ പ്രസവിക്കുന്നതാണ് ഒരു കവിത. അത് ഇന്ന രീതിയിലെ വായിക്കാന്‍ പാടുള്ളൂ എന്ന് കവിക്ക് പറയാന്‍ പറ്റില്ല. വായിക്കുന്ന ആളിനെ അനുസരിച്ച് ഇരിക്കും അതിലെ ആശയം. ഒരു വിഷയത്തെ പല തരത്തില്‍ വായിക്കപ്പെടുമ്പോഴാണ് അത് കവിത ആവുന്നത്. അങ്ങനെയൊരു കവിതയായി എന്നതാണ് നന്‍പകല്‍ നേരത്ത് മയക്കത്തിന് സംഭവിച്ചത്.

പിന്നെ ജെയിംസ് ഒരു നാടകക്കാരനാണ്. ചോളപാടത്തിനപ്പുറത്ത് ഒരു കഥയുണ്ടെന്ന് വേണമെങ്കില്‍ അയാള്‍ക്ക് ഓര്‍ക്കാം. കഥാപാത്രത്തിന്റെ വേഷമഴിച്ച് വെക്കുന്ന ഒരു രീതിയുണ്ട്. ജെയിംസിന്റെ വേഷമഴിച്ച് വെച്ച് സുന്ദരമാവുകയും സുന്ദരത്തിന്റെ വേഷമഴിച്ച് ജെയിംസാവുകയും ചെയ്യുന്ന രസകരമായ കൊടുക്കല്‍ വാങ്ങലുണ്ട്. അതുവരെ പല നിലപാടുകളില്‍ നമുക്ക് വരാമെങ്കിലും ആ നിലപാടുകളെയെല്ലാം തകിടം മറിക്കുന്ന ഒരു മാജിക്കല്‍ റിയലിസം ക്ലൈമാക്സില്‍ നടക്കുന്നുണ്ട്,’ രാജേഷ് ശര്‍മ പറഞ്ഞു. അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

Content Highlight: Rajesh Sharma says that he did not know that Tamil songs were used in the background in nanpakal nerathu mayakkam 

We use cookies to give you the best possible experience. Learn more