കൊച്ചി: മലയാള സിനിമ നേരിടുന്ന ഏറ്റവും വലിയ ആരോപണമാണ് മോഷണം. സിനിമ പുറത്തിറങ്ങുന്നതിന് പിന്നാലെ അതിന്റെ ഒറിജിനല്‍ വേര്‍ഷന്റെ വിശദാംശങ്ങളുമായി മോഷണക്കഥ സോഷ്യല്‍നെറ്റ് വര്‍ക്കുകളില്‍ പരക്കാന്‍ തുടങ്ങും. മലയാള സിനിമ നേരിടുന്ന ഈ ചീത്തപ്പേര് അത്ര പെട്ടെന്നൊന്നും മാറുകയുമില്ല. []
പ്രേക്ഷകരും, ഇന്റര്‍നെറ്റ് ലോകത്തുള്ളവരുമൊക്കെയാണ് മലയാള സിനിമയ്‌ക്കെതിരെ മോഷണക്കുറ്റം ആരോപിച്ചതെങ്കില്‍ ഇപ്പോള്‍ സിനിമാ ലോകത്തുള്ള ഒരാള്‍ തന്നെ ഈ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. മറ്റാരുമല്ല, മലയാള സിനിമയില്‍ മാറ്റത്തിന്റെ തുടക്കമെന്ന് വിശേഷിപ്പിക്കപ്പെട്ട ട്രാഫിക്കിന്റെ സംവിധായകന്‍ രാജേഷ് പിള്ളയാണ് സിനിമയ്‌ക്കെതിരെ ഈ ആരോപണവുമായി രംഗത്തെത്തിയത്.
മലയാളത്തില്‍ മോഷണ സിനിമകളുടെ എണ്ണം കൂടുന്നുവെന്നാണ് രാജേഷ് പിള്ള പറയുന്നത്. വിദേശ സിനിമകളുടെ ഡി.വി.ഡി. കണ്ടുകൊണ്ട് ക്യാമറാമാന് ഷോട്ടുകള്‍ പറഞ്ഞുകൊടുക്കുന്ന സംവിധായകരുണ്ടെന്നും ശത്രുത ഉണ്ടാക്കേണ്ടെന്നു കരുതി കൂടുതല്‍ വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
“ട്രാഫിക്കി” നുശേഷം സംവിധാനം ചെയ്യുന്ന “മോട്ടോര്‍സൈക്കിള്‍ ഡയറീസ്” എന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനായി വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലായിരുന്നു രാജേഷ് പിള്ളയുടെ അഭിപ്രായപ്രകടനം.
ഒരു മോട്ടോര്‍ സൈക്കിളിന്റെ ആത്മകഥയാണ് പുതിയ സിനിമയെന്ന് രാജേഷ് പിള്ള പറഞ്ഞു. എഴുപതുകള്‍ മുതല്‍ 2012 വരെയുള്ള മൂന്ന് കാലഘട്ടങ്ങള്‍ മോട്ടോര്‍ സൈക്കിളിന്റെ കാഴ്ചപ്പാടിലൂടെ പറയുകയാണിതില്‍. കുഞ്ചാക്കോ ബോബനും നിവിന്‍ പോളിയുമാണ് പ്രധാന വേഷങ്ങളില്‍. ദീപു മാത്യുവിന്റെ കഥയ്ക്ക് രാജേഷ് പിള്ള തന്നെ തിരക്കഥയും സംഭാഷണവും എഴുതുന്നു. ഓര്‍ഡിനറിയുടെ സംവിധായകന്‍ സുഗീതും സതീഷും ചേര്‍ന്ന് ഓര്‍ഡിനറി ഫിലിംസിന്റെ ബാനറിലാണ് “മോട്ടോര്‍ സൈക്കിള്‍ ഡയറീസ്” നിര്‍മിക്കുന്നത്.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ “ട്രാഫിക്” തഴയപ്പെട്ടെന്നും മികച്ച ചിത്രത്തിനുള്ള അവാര്‍ഡിന് അതിനെ പരിഗണിക്കേണ്ടിയിരുന്നുവെന്നും പത്രസമ്മേളനത്തില്‍ പങ്കെടുത്ത സുഗീത് പറഞ്ഞു.