Entertainment
എന്തെങ്കിലും ചെയ്യണ്ടേയെന്ന് പറഞ്ഞ് മഹേഷിന്റെ പ്രതികാരത്തിലേക്ക് വിളിച്ചു; അതുവഴി അടുത്ത സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി: രാജേഷ് മാധവന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 May 15, 02:17 pm
Wednesday, 15th May 2024, 7:47 pm

രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്കിടയില്‍ ഏറെ സ്വീകാര്യനായ താരമാണ് രാജേഷ് മാധവന്‍. താന്‍ സിനിമയിലേക്ക് വന്നതിനെ കുറിച്ചും അസിസ്റ്റന്റ് ഡയറക്ടറായതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് രാജേഷ്.

സിനിമ ആഗ്രഹമുണ്ടായിരുന്നു എന്നും അതുകൊണ്ടാണ് താന്‍ സിനിമയുടെ പുറകെ തന്നെ നടന്നതെന്നുമാണ് താരം പറയുന്നത്. തന്റെ ഏറ്റവും പുതിയ ചിത്രമായ സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥയുടെ പ്രൊമോഷന്റെ ഭാഗമായി സമകാലിക മലയാളത്തോട് സംസാരിക്കുകയായിരുന്നു രാജേഷ് മാധവന്‍.

‘സിനിമ ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ട് ഞാന്‍ സിനിമയുടെ പുറകെ തന്നെ നടന്നു. എന്റെ കൂട്ടുകാരനായ രവിശങ്കര്‍, അവന്‍ ഇപ്പോള്‍ ഞാന്‍ ചെയ്യുന്ന പടത്തിന്റെ എഴുത്തുകാരനാണ്. രവിശങ്കര്‍ ഒരു ഷോര്‍ട്ട് ഫിലിം ചെയ്തിരുന്നു. അതില്‍ ചീഫ് അസോസിയേറ്റായി ഞാനും ഉണ്ടായിരുന്നു.

ആ ഷോര്‍ട്ട് ഫിലിം കൊള്ളാവുന്ന രീതിയില്‍ ശ്രദ്ധിക്കപെട്ടപ്പോള്‍ ഇനി സിനിമ തന്നെയാണെന്ന് എനിക്ക് തോന്നി. അങ്ങനെയാണ് സിനിമയിലേക്ക് ഇറങ്ങുന്നത്. എന്നാല്‍ ഒന്നും നടന്നില്ല. കുറേനാള്‍ കൊച്ചിയില്‍ അലഞ്ഞു. കോടംപാക്കത്തെ പൈപ്പ് വെള്ളക്കാലം പോലെത്തെ ഒരു നാളായിരുന്നു അത്.

ശ്യാം പുഷ്‌കരനെയൊക്കെ പരിചയമുണ്ടായിരുന്നു. വൈകുന്നേരങ്ങളില്‍ ശ്യാമേട്ടന്റെ കൂടെ പോയി ഇരിക്കുമായിരുന്നു. അന്ന് ദിലീഷ് പോത്തനും ശ്യാമേട്ടനുമൊക്കെയാണ് ഉണ്ടാകുക. ഇതിനിടയില്‍ രവി ഗാങ്സ്റ്ററിലും റാണിപത്മിനിയിലും വര്‍ക്ക് ചെയ്തു.

അവന്‍ കോ-റൈറ്ററായിരുന്നു. അവന്റെ കൂട്ടത്തില്‍ ഉണ്ടായിരുന്നതാണ് ഞാന്‍. എന്തെങ്കിലും ചെയ്യണ്ടേയെന്ന് പറഞ്ഞ് എന്നെ മഹേഷിന്റെ പ്രതികാരത്തിലേക്ക് അഭിനയിക്കാന്‍ വിളിച്ചതാണ്. ആ പരിചയമുള്ളത് കൊണ്ട് തൊണ്ടി മുതല്‍ ചെയ്യുമ്പോള്‍ പോത്തന്‍ എന്നെ അതിലേക്കും വിളിച്ചു.

കാസര്‍ഗോഡിന്റെ പശ്ചാത്തലത്തില്‍ ചെയ്യുന്ന സിനിമയായത് കൊണ്ടാണ് എന്നെ അതില്‍ അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക്ക് ചെയ്യാന്‍ പോത്തന്‍ വിളിക്കുന്നത്. അങ്ങനെയാണ് ഞാന്‍ അസിസ്റ്റന്റ് ഡയറക്ടറാകുന്നത്,’ രാജേഷ് മാധവന്‍ പറഞ്ഞു.


CONTENT HIGHLIGHT: Rajesh Madhavan Talks About Thondimuthalum Driksakshiyum