| Wednesday, 22nd May 2024, 6:53 pm

ആ സിനിമയില്‍ ചാക്കോച്ചന് പകരം ഞാനായിരുന്നു നായകന്‍: രാജേഷ് മാധവന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ഇപ്പോള്‍ സുപരിചിതനാണ് രാജേഷ് മാധവന്‍. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ‘ന്നാ താന്‍ കേസ് കൊട്’ ചിത്രത്തിലെ സുരേശന്‍ എന്ന കഥാപാത്രം മാത്രം മതി താരത്തെ മലയാളികള്‍ ഓര്‍ക്കാന്‍.

ന്നാ താന്‍ കേസ് കൊട് ചിത്രത്തിന്റെ സ്പിന്‍ ഓഫ് എന്ന പേരില്‍ തിയേറ്ററില്‍ എത്തിയ ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ ‘ എന്ന ചിത്രത്തില്‍ നായകനായും രാജേഷ് കയ്യടി നേടിയിട്ടുണ്ട്. അഭിനയത്തിന് പുറമേ സഹ സംവിധായകനായും കാസ്റ്റിങ് ഡയറക്ടറായുമെല്ലാം സിനിമകളില്‍ ഭാഗമായിട്ടുള്ള വ്യക്തിയാണ് രാജേഷ് മാധവന്‍.

‘ന്നാ താന്‍ കേസ് കൊട്’ ചിത്രത്തില്‍ ഡെമോ ആയിട്ട് രാജേഷിനെ വെച്ചിട്ടായിരുന്നു ആദ്യം ഷൂട്ട് ചെയ്തത്. അങ്ങനെ ചെയ്യിക്കാനുണ്ടായ കാരണം എന്തായിരുന്നു എന്ന ചോദ്യത്തിന് ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ മറുപടി പറയുകയാണ് താരം.

‘ആ സിനിമ ടോട്ടല്‍ ഒരു പരീക്ഷണമായിരുന്നു. അതില്‍ അത്രയും പുതുമുഖങ്ങളെയാണ് അവതരിപ്പിക്കുന്നത്. അതോടൊപ്പം ഒരു സ്‌റ്റൈല്‍ ട്രൈ ചെയ്തു നോക്കിയിരുന്നു. അത് ഇപ്പോള്‍ ഷൂട്ട് ചെയ്തിരിക്കുന്ന പോലെയല്ലാത്ത വേറൊരു സ്‌റ്റൈലില്‍ ആയിരുന്നു.

അപ്പോള്‍ ആ സ്‌റ്റൈലും ഇത്ര പുതിയ ആള്‍ക്കാരെയും ഒന്ന് ഗ്രൂം ചെയ്ത് എടുക്കുക എന്നുള്ളതിന്റെ ഭാഗമായിട്ടാണ് സിനിമ മൊത്തം ഷൂട്ട് ചെയ്തത്. അങ്ങനെ ആ ഷൂട്ടില്‍ നില്‍ക്കുമ്പോള്‍ ചാക്കോച്ചനെ വിളിച്ചിട്ട് ഒന്ന് ട്രെയല്‍ ഷൂട്ടിന് വരാനായി പറയാന്‍ പറ്റില്ലല്ലോ.

അങ്ങനെയാണ് ഞാന്‍ അത് ചെയ്തത്. പിന്നെ ഭാഷയും ഒരു ഫാക്ടറായിരുന്നു. എല്ലാം പുതിയ ആക്ടേഴ്സായത് കൊണ്ട് അവര്‍ക്ക് ആ ഭാഷ ചാക്കോച്ചനോട് കമ്മ്യുണിക്കേറ്റ് ചെയ്യുവാന്‍ പ്രയാസമായിരുന്നു. അതിന് സമയമെടുക്കും എന്നുള്ളത് കൊണ്ട് ചാക്കോച്ചന്‍ ആദ്യം തന്നെ ഷൂട്ടില്‍ ജോയിന്‍ ചെയ്തിട്ട് കാര്യമില്ലല്ലോ.

അവര്‍ ആദ്യമേ എന്നെ ഒരു നാട്ടുകാരനെ പോലെ കാണുന്നു. അപ്പൊ ആ ഇന്‍ഹിബിഷനും പരിപാടികളും ഒക്കെ ഒഴിവാക്കാനാവും. അത്തരമൊരു ഫ്ളോയിലേക്ക് കൊണ്ടുവരണമായിരുന്നു. അതിനായി ഫുള്‍ സിനിമ ഒരു ഡെമോ ഷൂട്ട് ചെയ്തു. ആദ്യമായിട്ടാവും അങ്ങനെ ഒരു സിനിമ മുഴുവനായും ഡെമോ ഷൂട്ട് എടുക്കുന്നത്.

ഒരു സിനിമ എന്തെങ്കിലും സീന്‍സ് ഒക്കെ റിഹേഴ്സില്‍ ചെയ്യാറൊക്കെയുണ്ട്. പക്ഷെ ഇങ്ങനെ ഫുള്‍ സിനിമ വിത്ത് മ്യൂസിക് സൗണ്ട് എല്ലാം ശരിക്കും ചെയ്തിരുന്നു. ഇതിനായി ഒരു ഫുള്‍ മ്യൂസിക് തന്നെ സെപ്പറേറ്റ് ചെയ്തിട്ടുണ്ടായിരുന്നു,’ രാജേഷ് മാധവന്‍ പറയുന്നു.

Content Highlight: Rajesh Madhavan Talks About Nna Thaan Case Kodu Movie

We use cookies to give you the best possible experience. Learn more