മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ഇപ്പോള്‍ സുപരിചിതനാണ് രാജേഷ് മാധവന്‍. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ‘ന്നാ താന്‍ കേസ് കൊട്’ ചിത്രത്തിലെ സുരേശന്‍ എന്ന കഥാപാത്രം മാത്രം മതി താരത്തെ മലയാളികള്‍ ഓര്‍ക്കാന്‍.
ന്നാ താന്‍ കേസ് കൊട് ചിത്രത്തിന്റെ സ്പിന്‍ ഓഫ് എന്ന പേരില്‍ തിയേറ്ററില്‍ എത്തിയ ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ ‘ എന്ന ചിത്രത്തില്‍ നായകനായും കയ്യടി നേടിയിട്ടുണ്ട്. അഭിനയത്തിന് പുറമേ സഹ സംവിധായകനായും കാസ്റ്റിങ് ഡയറക്ടറായുമെല്ലാം സിനിമകളില്‍ ഭാഗമായിട്ടുള്ള വ്യക്തിയാണ് രാജേഷ് മാധവന്‍.
അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെണ്ണും പൊറാട്ടും’. എസ്. ടി. കെ. ഫ്രെയിംസിന്റെ ബാനറില്‍ സന്തോഷ് ടി. കുരുവിളയാണ് ചിത്രം നിര്‍മിക്കുന്നത്. ‘ന്നാ താന്‍ കേസ് കൊട്’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം എസ്.ടി.കെ. ഫ്രെയിംസ് ഒരുക്കുന്ന ചിത്രമാണിത്.
പൂര്‍ണമായും പുതുമുഖങ്ങളെ അണിനിരത്തുന്ന ‘പെണ്ണും പൊറാട്ടും’ സെമി ഫാന്റസി ചിത്രമായാണ് ഒരുങ്ങുന്നത്. ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ വിശേഷങ്ങളും അതിലേക്ക് നയിച്ച ഇന്‍ഫ്‌ളുവന്‍സിനെ കുറച്ചുമുള്ള ചോദ്യത്തിന് ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ മറുപടി പറയുകയാണ് രാജേഷ് മാധവന്‍.
‘പാലക്കാട് കൊല്ലങ്കോടാണ് സിനിമയുടെ ഷൂട്ടിങ് നടക്കുന്നത്. ഒരു ഗ്രാമത്തില്‍ നടക്കുന്ന കുറച്ച് അതിനാടകീയമായിട്ടുള്ള സംഭവ വികാസങ്ങളാണ് അതില്‍ പറയുന്നത്. എന്റെ ആദ്യത്തെ സിനിമയാണ് അതിന്റേതായ പരിമിതികളുമുണ്ട്,’ രാജേഷ് പറയുന്നു.
ഫിലിംമേക്കര്‍ എന്ന നിലയില്‍ രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ ഇന്‍ഫ്‌ളുവന്‍സ് ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിനും താരം അഭിമുഖത്തില്‍ മറുപടി നല്‍കി.
‘ഞാന്‍ ആദ്യം വര്‍ക്ക് ചെയ്യുന്നത് ദിലീഷ് പോത്തന്റെ കൂടെയാണ്. ആഷിക് അബു, മനു സി. നാരായണന്‍, സെന്ന ഹെഡ്ജ് എന്നിവര്‍ക്കൊപ്പവും വര്‍ക്ക് ചെയ്തു. പിന്നീടാണ് രതീഷേട്ടന്റെ കൂടെ വര്‍ക്ക് ചെയ്യുന്നത്.
അപ്പോള്‍ ഇവര്‍ എല്ലാവരും എന്നെ ഇന്‍സ്പെയര്‍ ചെയ്തിട്ടുണ്ട്. എല്ലാവരില്‍ നിന്നും എനിക്ക് ലഭിച്ചത് ഇതില്‍ ഉപയോഗിച്ചിട്ടുണ്ടാവാം. പക്ഷെ അവരുടെയൊന്നും പേര് ഞാന്‍ പറഞ്ഞു മോശമാക്കുന്നില്ല,’ രാജേഷ് മാധവന്‍ പറഞ്ഞു.
Content Highlight: Rajesh Madhavan Talks About Influence Of Directors