| Tuesday, 21st May 2024, 8:04 am

ആ ചിത്രം വീണ്ടും കണ്ടപ്പോൾ, ഇതിനെയാണോ ഞാൻ കുറ്റം പറഞ്ഞത് എന്ന് തോന്നിപ്പോയി: രാജേഷ് മാധവൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളി പ്രേക്ഷകർക്കിടയിൽ ഇപ്പോൾ സുപരിചിതനാണ് രാജേഷ് മാധവൻ. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ സുരേശൻ എന്ന കഥപാത്രം മാത്രം മതി രാജേഷ് മാധവനെ മലയാളികൾ ഓർക്കാൻ.

ന്നാ താൻ കേസ് കൊട് ചിത്രത്തിന്റെ സ്പിൻ ഓഫ് എന്ന പേരിൽ തിയേറ്ററിൽ എത്തിയ ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ എന്ന ചിത്രത്തിൽ നായകനായും കയ്യടി നേടിയിട്ടുണ്ട് രാജേഷ് മാധവൻ.

ലോകത്തിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായ ദി ഗോഡ് ഫാദർ ആദ്യമായി കണ്ട അനുഭവം പങ്കുവെക്കുകയാണ് രാജേഷ് മാധവൻ. പി.ജിക്ക് പഠിക്കുമ്പോൾ തന്റെ ടീച്ചറാണ് ചിത്രം കാണാൻ ആവശ്യപ്പെടുന്നതെന്നും എന്നാൽ അന്ന് ആ സിനിമ ഒട്ടും ഇഷ്ടമായില്ലെന്നും രാജേഷ് പറയുന്നു. എന്നാൽ കുറച്ച് കാലം കഴിഞ്ഞ് വീണ്ടും കണ്ടപ്പോഴാണ് അതിന്റെ ക്വാളിറ്റി മാനസിലായതെന്നും രാജേഷ് പറയുന്നു. സമകാലിക മലയാളത്തോട് സംസാരിക്കുകയായിരുന്നു താരം.

‘സിനിമയ്ക്ക് സാക്ഷരതയുണ്ടെന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞിട്ടുണ്ട്. അത് വളരെ സത്യമാണ്. കാരണം കണ്ടോണ്ടിരിക്കുന്തോറും അതിന്റെ ക്രാഫ്റ്റിനെ കുറിച്ച് നമ്മൾ പഠിച്ചു കൊണ്ടിരിക്കും.

ഞാൻ പി. ജിയിൽ പഠിച്ചു കൊണ്ടിരിക്കുമ്പോൾ എന്റെ ടീച്ചർ എനിക്ക് ഗോഡ് ഫാദർ കാണിച്ചു തന്നു. സത്യം പറഞ്ഞാൽ ആ ചിത്രം കണ്ടിട്ട് എനിക്കൊന്നും മനസിലായില്ല. ഞാൻ ടീച്ചറോട് ചോദിച്ചു, ഇതൊക്കെ എന്താണിപ്പോൾ ഇത്ര വലിയ പരിപാടിയെന്ന്. അന്നൊന്നും മനസിലായില്ല എന്താണ് ആ സിനിമയെന്ന്. കുറച്ച് കാലങ്ങൾ കഴിഞ്ഞിട്ടാണ് ഞാൻ ഗോഡ് ഫാദർ വീണ്ടും കാണുന്നത്. അന്ന് എനിക്ക് തോന്നിയത് ഞാൻ ഇതിനെയാണോ കുറ്റം പറഞ്ഞത് എന്നായിരുന്നു,’രാജേഷ് മാധവൻ പറയുന്നു.

അതിന് ശേഷം താൻ ടീച്ചറെ വിളിച്ച് സോറി പറഞ്ഞെന്നും ടീച്ചർ കരഞ്ഞു പോയെന്നും താരം പറയുന്നു.

‘ഞാൻ ടീച്ചറെ വിളിച്ച് സോറിയൊക്കെ പറഞ്ഞു. ടീച്ചറുടെ കണ്ണൊക്കെ നിറഞ്ഞ് പോയി. കാരണം കൂട്ടത്തിൽ അത്യാവശ്യം സിനിമയൊക്കെ കാണുന്ന എല്ലാത്തിനോടും റെസ്പോണ്ട് ചെയ്യുന്ന ഒരാൾ ഞാനായിരുന്നു. ഞാൻ അങ്ങനെ വിളിച്ചപ്പോൾ ടീച്ചർ പകച്ചു പോയി,’രാജേഷ് മാധവൻ പറയുന്നു,

Content Highlight: Rajesh Madhavan Talk About First Viewing Experience of Godfather Movie

We use cookies to give you the best possible experience. Learn more