ഇയ്യോബിന്റെ പുസ്തകത്തിലേക്ക് ഓഫര്‍ വന്നെങ്കിലും വേണ്ടെന്നുവെച്ചു: രാജേഷ് മാധവന്‍
Film News
ഇയ്യോബിന്റെ പുസ്തകത്തിലേക്ക് ഓഫര്‍ വന്നെങ്കിലും വേണ്ടെന്നുവെച്ചു: രാജേഷ് മാധവന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 21st October 2022, 11:18 pm

സംവിധായകന്‍ ദിലീഷ് പോത്തന്റെയടുത്ത് തിരക്കഥ പറയാന്‍ പോയപ്പോഴാണ് മഹേഷിന്റെ പ്രതികാരത്തില്‍ അഭിനയിപ്പിച്ചതെന്ന് നടനും കാസ്റ്റിങ് ഡയറക്ടറുമായ രാജേഷ് മാധവന്‍. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആദ്യമായി സിനിമയില്‍ മുഖം കാണിച്ചതിന് പിന്നിലെ കഥ രാജേഷ് മാധവന്‍ പങ്കുവെച്ചത്.

‘സംവിധായകന്‍ ശ്യാം പുഷ്‌കരനെ പരിചയമുണ്ടായിരുന്നു. അതിലൂടെയാണ് സുഹൃത്തിനൊപ്പം തിരക്കഥ പറയാന്‍ നടനും സംവിധായകനുമായ ദിലീഷ് പോത്തന്റെ അടുത്ത് പോയത്. എന്നെ കണ്ട ദിലീഷ് പോത്തന്‍ ഇവനെക്കൊണ്ട് അഭിനയിപ്പിക്കാം എന്നു പറയുകയായിരുന്നു. അങ്ങനെ ആ വേഷത്തിലേക്ക് എത്തി. ശ്യാം പുഷ്‌കരന്‍ വഴി ‘ഇയ്യോബിന്റെ പുസ്തകം’ സിനിമയിലേക്ക് ചെറിയ റോളിലേക്ക് അതിനുമുമ്പ് ഓഫര്‍ വന്നെങ്കിലും വേണ്ടെന്നുവെച്ചിരുന്നു.

സിനിമ പിന്നണിപ്രവര്‍ത്തനത്തിലായിരുന്നു എനിക്ക് ത്രില്‍. സിനിമക്കാരനാകണം എന്നു മാത്രമാണ് ആഗ്രഹിച്ചത്. നടനാകണമെന്ന് ഒരിക്കല്‍പോലും ആഗ്രഹിച്ചിട്ടില്ല. നല്ലൊരു സംവിധായകനാകുക എന്നതാണ് എന്നെ മോഹിപ്പിക്കുന്നത്. ഇതുവരെ അഭിനയിച്ച 20ഓളം സിനിമയിലും റോളിനുവേണ്ടി ഞാന്‍ ആരുടെയും അടുത്തുപോയിട്ടില്ല. സുഹൃത്തുക്കള്‍ വഴിയാണ് എല്ലാ സിനിമകളിലും എത്താനായത്,’ രാജേഷ് പറഞ്ഞു.

ജീവിതത്തില്‍ ആദ്യമായി അഭിനയമോഹം വന്നതെപ്പോഴാണെന്നും രാജേഷ് പറഞ്ഞു. ‘ഒന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് എന്റെ ചേച്ചി രാജി നാട്ടില്‍ ഒരു നാടകത്തില്‍ അഭിനയിക്കുന്നത്. പൂതപ്പാട്ട് നാടകത്തില്‍ പൂതമായി ചേച്ചി സ്‌റ്റേജില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ എനിക്ക് ഭയങ്കര ഇഷ്ടം തോന്നി. ആ ഇഷ്ടം മനസ്സിന്റെയുള്ളില്‍ കയറിക്കൂടി എന്നു പറയാം. പിന്നീട് അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ നാടക സെലക്ഷന് പോയി.

വേഷമൊന്നും കിട്ടിയില്ല. നിരാശ തോന്നിയെങ്കിലും പ്രയത്‌നം അവസാനിപ്പിച്ചില്ല. ഏഴില്‍ എത്തിയപ്പോള്‍ മണിപ്രസാദ് ചേട്ടന്‍ സ്‌കൂളില്‍ വര്‍ഷാവര്‍ഷം ചെയ്യുന്ന നാടകത്തിലേക്ക് ആളെ തികക്കാന്‍ എന്നെയും കൂട്ടി. പക്ഷേ, കിട്ടിയ അവസരത്തില്‍ നന്നായി കഷ്ടപ്പെട്ടതിലൂടെ ഉപജില്ലതലത്തില്‍ മികച്ച നടനാകാന്‍ കഴിഞ്ഞു,’ രാജേഷ് കൂട്ടിച്ചേര്‍ത്തു.

Content Highlight: rajesh madhavan syas he was offered a small role in the film iyyobinte pusthakam