പഠന കാലത്ത് എസ്.എഫ്.ഐക്കാരനായിരുന്നു, ഇടതുപക്ഷ കാഴ്ചപ്പാടുകള്‍ എന്നിലെ കലാകാരനെ രൂപീകരിക്കുന്നതില്‍ സഹായകമായി: രാജേഷ് മാധവന്‍
Film News
പഠന കാലത്ത് എസ്.എഫ്.ഐക്കാരനായിരുന്നു, ഇടതുപക്ഷ കാഴ്ചപ്പാടുകള്‍ എന്നിലെ കലാകാരനെ രൂപീകരിക്കുന്നതില്‍ സഹായകമായി: രാജേഷ് മാധവന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 20th October 2022, 9:15 pm

ഇടതുപക്ഷ കാഴ്ചപ്പാടുകള്‍ തന്നിലെ കലാകാരനെ രൂപീകരിക്കുന്നതില്‍ സഹായകമായിട്ടുണ്ടെന്ന് നടനും കാസ്റ്റിങ് ഡയറക്ടറുമായ രാജേഷ് മാധവന്‍. പഠിക്കുന്ന കാലത്ത് എസ്.എഫ്.ഐയിലും പിന്നീട് സി.പി.ഐ.എമ്മിലും പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രാജേഷ് മാധവന്‍ പറഞ്ഞു.

‘സ്വന്തം നാടായ കാസര്‍ഗോട്ടെ പെര്‍ളടുക്കത്തിന്റെ ഭാഷയും സംസ്‌കാരവും എന്നിലെ നടനെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായകമായിട്ടുണ്ട്. ബാലസംഘത്തിന്റെ വേനല്‍തുമ്പി കലാജാഥ, ജില്ല പഞ്ചായത്ത് നാടകക്യാമ്പ് തുടങ്ങിയവയിലൂടെയാണ് പിച്ചവെക്കുന്നത്.

പിന്നീട് കുട്ടികള്‍ക്കുവേണ്ടി ഗോപി കുറ്റിക്കോല്‍ നടത്തുന്ന സണ്‍ഡേ തിയേറ്ററിന്റെ ഭാഗമായി. പഠിക്കുന്ന കാലത്ത് എസ്.എഫ്.ഐയിലും പിന്നീട് സി.പി.ഐ.എമ്മിലും പ്രവര്‍ത്തിച്ചു. ഇടതുപക്ഷ കാഴ്ചപ്പാടുകളും എന്നിലെ കലാകാരനെ രൂപപ്പെടുത്തുന്നതില്‍ സഹായകമായി.

കലയോട് എനിക്ക് എന്തെങ്കിലും താല്‍പര്യം ഉണ്ടെങ്കില്‍ അതിന് കാരണം അച്ഛന്‍ മാധവനാണ്. കൂലിപ്പണി ചെയ്താണ് അച്ഛന്‍ ഞങ്ങളെ വളര്‍ത്തിയത്. തുടക്കത്തില്‍ കപ്പണയിലും (കല്ലുവെട്ട്) പിന്നീട് കല്‍പണി മേസ്തിരിയായും പണിയെടുത്ത അച്ഛന്‍ കഥകള്‍ പറഞ്ഞുതരും. മഹാഭാരതമടക്കമുള്ള പുരാണ കഥകളാണ് വളരെ വൈകാരികമായി പറഞ്ഞുതരുക.

പഠിക്കുന്ന കാലത്ത് വീട്ടുകാര്‍ അവരുടെ ബുദ്ധിമുട്ടുകള്‍ ഒരിക്കലും എന്നെ അറിയിച്ചിട്ടില്ല. ഒരിക്കല്‍ ഞാന്‍ എന്തെങ്കിലുമൊക്കെ ആയിത്തീരുമെന്ന പ്രതീക്ഷ അച്ഛനുണ്ടായിരുന്നു. അതുകൊണ്ട് പണ്ട് മുതല്‍ക്കേ ഭയങ്കര സപ്പോര്‍ട്ട് ആയിരുന്നു. അമ്മ രത്‌നാവതിയും ചേച്ചിമാരായ രാജിയും ശ്രീജിയുമെല്ലാം കട്ടക്ക് സപ്പോര്‍ട്ടായി കൂടെ നിന്നു,’ രാജേഷ് മാധവന്‍ പറഞ്ഞു.

ന്നാ താന്‍ കേസ് കൊടാണ് ഒടുവില്‍ പുറത്ത് വന്ന രാജേഷ് മാധവന്റെ ചിത്രം. രാജേഷ് മാധവന്‍ അവതരിപ്പിച്ച സുരേശന്‍ എന്ന കഥാപാത്രം ശ്രദ്ധ നേടിയിരുന്നു. സെന്ന ഹെഗ്‌ഡേ സംവിധാനം ചെയ്യുന്ന 1744 വൈറ്റ് ഓള്‍ട്ടോയാണ് ഇനി പുറത്ത് വരാനിരിക്കുന്ന രാജേഷിന്റെ ചിത്രം. ഷറഫുദ്ദീനാണ് ചിത്രത്തിലെ നായകന്‍.

Content Highlight: Rajesh Madhavan said that during his studies, he worked in SFI and later in CPM