നിശ്ചലമായ ക്രിസ്റ്റിയില്‍ ആശ്വാസമായ ഷെല്ലിയച്ചന്‍: ഷോ സ്റ്റീലര്‍ രാജേഷ് മാധവന്‍
Film News
നിശ്ചലമായ ക്രിസ്റ്റിയില്‍ ആശ്വാസമായ ഷെല്ലിയച്ചന്‍: ഷോ സ്റ്റീലര്‍ രാജേഷ് മാധവന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 20th February 2023, 5:39 pm

മാത്യു തോമസ്, മാളവിക മോഹനന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ക്രിസ്റ്റി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. മാത്യു അവതരിപ്പിച്ച റോയിക്ക് മാളവികയുടെ ക്രിസ്റ്റിയോട് തോന്നുന്ന പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം. റോയിയുടെ സ്‌കൂള്‍ കാലഘട്ടത്തില്‍ തുടങ്ങി കോളേജ് കാലഘട്ടം വരെ പോകുന്നതിനാല്‍ കമിങ് ഓഫ് ഏജ് വിഭാഗത്തിലും ക്രിസ്റ്റിയെ ഉള്‍പ്പെടുത്താം.

ഇത്രയധികം കാലഘട്ടത്തിലൂടെ കടന്നുപോകുന്നുണ്ടെങ്കിലും ബെന്യാമിനും ജി.ആര്‍. ഇന്ദുഗോപനും ചേര്‍ന്നെഴുതിയ തിരക്കഥക്ക് പ്രേക്ഷകരെ എന്‍കേജിങ്ങാക്കുന്ന തരത്തില്‍ ഒരു മുന്നേറ്റവും കഥയില്‍ ഉണ്ടാകുന്നില്ല. ക്രിസ്റ്റിയോടുള്ള അടുപ്പം റോയി പല തരത്തിലും പ്രകടിപ്പിക്കുകയും അതിന് ശേഷം സാധാരണ പോലെ എല്ലാവരുടെയും ജീവിതം മുന്നോട്ട് പോകുന്നതുമാണ് സിനിമയില്‍ മുക്കാല്‍ ഭാഗവും കാണിക്കുന്നത്. കഥാഗതിയില്‍ കാര്യമായ ചലനങ്ങളൊന്നും ഉണ്ടാകുന്നില്ല.

ഇതിനിടക്ക് പ്രേക്ഷകര്‍ക്ക് കുറച്ച് ആശ്വാസമാകുന്നത് രാജേഷ് മാധവന്റെ ഷെല്ലി അച്ചനാണ്. രാജേഷ് മാധവന്‍ ആദ്യമായാണ് ഒരു പുരോഹിതനായി എത്തിയത്. എന്നാല്‍ പുരോഹിതന്റേതായ യാതൊരു ഗൗരവവും ഇല്ലാത്ത, കൊച്ചു പിള്ളാരോടൊപ്പം വൈബ് ചെയ്യുന്ന അച്ചനാണ് ഷെല്ലി. റോയിക്കും കൂട്ടുകാര്‍ക്കും വീണ്ടും ഓസ്തി അപ്പം ചോദിക്കാനുള്ള സ്വാതന്ത്ര്യം പോലും ഷെല്ലിയച്ചന്റെ അടുത്തുണ്ട്. ക്ലൈമാക്‌സിനോടടുക്കുമ്പോള്‍ പ്രായമായ സ്ത്രീക്ക് അന്ത്യകൂദാശ നല്‍കാനെത്തുന്ന രംഗമൊക്കെ രസകരമായിരുന്നു. ഇഴഞ്ഞുനീങ്ങുന്ന കഥക്കിടയില്‍ ഇടക്ക് തിയേറ്ററിലിരുന്ന പ്രേക്ഷകര്‍ ചിരിച്ചത് ഷെല്ലിയച്ചന്റെ കൗണ്ടറുകള്‍ക്കായിരുന്നു.

ഇനി പ്രകടനത്തിലേക്ക് വന്നാല്‍ മുമ്പുള്ള പല സിനിമകളിലും കണ്ട മാത്യുവിനെ തന്നെയാണ് ക്രിസ്റ്റിയിലും കാണാനാവുന്നത്. ക്രിസ്റ്റിയുടെ വേദനയും നിസഹായവസ്ഥയും പ്രേക്ഷകര്‍ക്ക് ഫീല്‍ ചെയ്യുന്ന നിലയിലേക്ക് പ്രകടനം ഉയര്‍ത്താന്‍ മാളവികക്കുമായിട്ടില്ല. ഇഴഞ്ഞിഴഞ്ഞ് നീങ്ങുന്ന സിനിമ പല ഭാഗങ്ങളിലും മടുപ്പ് സമ്മാനിച്ചേക്കാം. പൂവാറിന്റെ സൗന്ദര്യം ഒപ്പിയെടുത്ത ആനന്ദ് സി. ചന്ദ്രന്റെ ക്യാമറയും ഗോവിന്ദ് വസന്തയുടെ സംഗീതവും ക്രിസ്റ്റിയുടെ പോസ്റ്റീവ് ഘടകങ്ങളാണ്. ഗോവിന്ദിന്റെ സംഗീതം അതിമനോഹരമാണെങ്കിലും സിനിമ അതിനൊത്ത് ഉയരുന്നില്ല.

Content Highlight: Rajesh Madhavan’s Shelly Achan is giving some relief to the audience in christy movie