അഭിനേതാവും കാസ്റ്റിങ് ഡയറക്ടറുമായി തിളങ്ങിയ രാജേഷ് മാധവന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. പെണ്ണും പൊറാട്ടും എന്നാണ് ചിത്രത്തിന്റെ പേര്.
ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോവുകയാണെന്നും എല്ലാരും കൂടെ ഉണ്ടാവണമെന്നുമാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് രാജേഷ് മാധവന്‍ കുറിച്ചത്. നടന്നു വന്ന വഴികള്‍ക്കു നന്ദിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു വീടിന്റെ ചുമരും ജനലിലൂടെ കാണുന്ന പെണ്‍കുട്ടിയുടെ രൂപവുമാണ് പോസ്റ്ററിലുള്ളത്. പരസ്പരം കയര്‍ത്ത് സംസാരിക്കുകയും ബഹളം വെക്കുകയും ചെയ്യുന്നവരെന്ന് തോന്നിപ്പിക്കുന്ന ചിലരുടെ നിഴലുകളും പോസ്റ്ററിലുണ്ട്. സര്‍ക്കാസനം എന്നും ചുമരില്‍ ചെറുതായി എഴുതിച്ചേര്‍ത്തിട്ടുണ്ട്.
ഒരു കോമഡി ഡ്രാമ എന്റര്‍ടെയ്‌നറായി ഒരുങ്ങുന്ന ചിത്രം എസ്.ടി.കെ ഫ്രെയിംസിന്റെ ബാനറില്‍ സന്തോഷ് ടി. കുരുവിള ആണ് നിര്‍വഹിക്കുന്നത്.
ചിത്രത്തിലെ അഭിനേതാക്കളെ കുറിച്ച് മറ്റ് അണിയറ പ്രവര്‍ത്തകരെ കുറിച്ച് വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. അതേസമയം ഷൂട്ടിങ് ഉടന്‍ ആരംഭിക്കുമെന്നാണ് രാജേഷ് മാധവനും സന്തോഷ് ടി. കുരുവിളയും പറയുന്നത്.
സന്തോഷ് ടി. കുരുവിള നിര്‍മിച്ച മഹേഷിന്റെ പ്രതികാരം, മായാനദി, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, ന്നാ താന്‍ കേസ് കൊട് എന്നീ ചിത്രങ്ങളില്‍ അഭിനേതാവായും കാസ്റ്റിങ് ഡയറക്ടറായും രാജേഷ് മാധവനുണ്ടായിരുന്നു.
തൊണ്ടിമുതലും ദൃക്‌സാക്ഷിയും കുമ്പളങ്ങി നൈറ്റ്‌സ് എന്നീ ചിത്രങ്ങളില്‍ അസിസ്റ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച രാജേഷ് മാധവന്‍ മഹേഷിന്റെ പ്രതികാരത്തിലൂടെയാണ് അഭിനേതാവായി മലയാള സിനിമയിലെത്തുന്നത്.
മഹേഷിന്റെ പ്രതികാരത്തില്‍ ഒരൊറ്റ സീനില്‍ മാത്രമേ വരുന്നുള്ളുവെങ്കിലും നടന്റെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. പിന്നീട് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, കനകം കാമിനി കലഹം, അര്‍ച്ചന നോട്ട് ഔട്ട്, പ്രാപ്പെട, മിന്നല്‍ മുരളി, ന്നാ താന്‍ കേസ് കൊട് എന്നീ സിനിമകളിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒടുവിലിറങ്ങിയ 1744 ആള്‍ട്ടോയിലെ പ്രകടനവും കയ്യടി നേടിയിരുന്നു.
അഭിനയത്തിനൊപ്പം ഇതില്‍ പല ചിത്രങ്ങളുടെയും അണിയറയിലും പ്രത്യേകിച്ച കാസ്റ്റിങ് ഡയറക്ടറായും കൂടി പ്രവര്‍ത്തിച്ച രാജേഷ് മാധവന്‍ ആ നിലയിലും ശ്രദ്ധേയനായിരുന്നു. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ കാസ്റ്റിങ്ങാണ് ഇക്കൂട്ടത്തില്‍ ഏറ്റവും പ്രശംസ നേടിയത്.
Content Highlight: Rajesh Madhavan’s first directorial movie Pennum Porattum’s title announcement poster released