രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകനായി എത്തിയ ന്നാ താന്‍ കേസ് കൊട് കണ്ട പ്രേക്ഷകര്‍ പെട്ടെന്നൊന്നും മറക്കാത്ത മുഖമാണ് രാജേഷ് മാധവന്റേത്.
ചിത്രത്തില്‍ സുരേഷന്‍ എന്ന ഓട്ടോ ഡ്രൈവറായി മികച്ച പ്രകടനമാണ് രാജേഷ് കാഴ്ചവെച്ചിരിക്കുന്നത്. സ്വഭാവികവും, അങ്ങേയറ്റം റിയലസ്റ്റിക്കുമായ പ്രകടനം കൊണ്ട് സുരേഷന്‍ എന്ന കഥാപാത്രം രാജേഷില്‍ ഭദ്രമായിരുന്നു. നടപ്പുകൊണ്ടും, വസ്ത്ര ധാരണം കൊണ്ടും കഥാപാത്രത്തിന് രാജേഷ് നല്‍കിയിരിക്കുന്ന ഡീറ്റയിലിങ് വളരെ വലുതാണ്.
രതീഷ് ബാലകൃഷ്ണ പൊതുവാള്‍ മുമ്പ് സംവിധാനം ചെയ്ത നിവിന്‍ പോളി ചിത്രം കനകം കാമിനി കലഹത്തിലെ രാജേഷിന്റെ പ്രകടനവും, ടൊവിനോ ചിത്രം മിന്നല്‍ മുരളിയിലെ രാജേഷിന്റെ പൊലീസ് വേഷവും പ്രേക്ഷകര്‍ സ്വീകരിച്ചതാണ്. ചിത്രത്തിലെ ‘മാറാലഹ’ , ‘കണ്‍ക്ലൂസിവ് എവിഡന്‍സ്’ എന്നീ ഡയലോഗുകള്‍ ഹിറ്റ് ആയിരുന്നു.
‘ഞാനല്ല, ആ താടിക്കാരനാണ്’, മഹേഷിന്റെ പ്രതികാരത്തില്‍ നെല്ലിക്കക്കാരനെ സൈക്കിളുകൊണ്ട് ഇടിച്ചിട്ടശേഷം രാജേഷ് മാധവന്‍ പറയുന്ന ഡയലോഗാണിത്. ഈ ഡയലോഗില്‍ തുടങ്ങിയാണ് രാജേഷ് ഇന്ന് ന്നാ താന്‍ കേസ് കൊടിലെ സുരേഷനില്‍ വരെ എത്തിനില്‍ക്കുന്നത്.
കാസര്‍ഗോഡുകാരനായ രാജേഷ് വാമൊഴി കൊണ്ട് ആറാടിയത് തൊണ്ടിമുതലും ദൃക്സാക്ഷിയിലുമാണ്.
ചിത്രത്തില്‍ പീടികക്കാരന്‍ ‘ മാല ബിതീങ്ങ്‌റ്റ്വൊ’ ചോദിക്കുമ്പോള്‍ അന്തംവിട്ടുനില്‍ക്കുന്ന സുരാജിനെപ്പോലെതന്നെയായിരുന്നു പ്രേക്ഷകരും. പിടികിട്ടാത്ത കാസര്‍ഗോഡ് വാമൊഴിയെ മലയാള സിനിമയില്‍ കൃത്യമായി അടയാളപ്പെടുത്താനുള്ള ശ്രമത്തില്‍ രാജേഷ് പങ്കാളിയാണ്.
ഇന്ന് കാസര്‍ഗോഡ് പശ്ചാത്തലമാക്കിയ സിനിമകള്‍ പ്രേക്ഷകര്‍ ഏറ്റെടുക്കുമ്പോള്‍ അതില്‍ ചെറുതല്ലാത്ത പങ്ക് ഈ കാസര്‍ഗോഡുകാരനുമുണ്ട്. മായാനാദിയില്‍ ‘നയന്‍താര ബെസ്റ്റാണ്’ എന്ന് ലിജോ ജോസ് പെല്ലിശേരിയോട് രാജേഷ് പറയുന്ന രംഗവും പ്രേക്ഷകര്‍ അങ്ങനെ വേഗം മറക്കാനിടയില്ല.
സിനിമയുടെ പിന്നണിയിലും രാജേഷ് നിറ സാന്നിധ്യമാണ്. കാസ്റ്റിങ് ഡയറക്ടര്‍ എന്ന നിലയില്‍ ദേശീയ- സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വാരിക്കൂട്ടിയ തിങ്കളാഴ്ച നിശ്ചയം ഉള്‍പ്പെടെയുള്ള നിരവധി ചിത്രങ്ങളില്‍ രാജേഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
ആസിഫ് അലി ചിത്രം തൃശിവപേരൂര്‍ ക്‌ളിപ്തത്തില്‍ നായകനായ ആസിഫ് അലിയുടെ കൂട്ടുകാരനായും രാജേഷ് അഭിനയിച്ചിട്ടുണ്ട്. ആഷിഖ് അബു സംവിധാനം ചെയ്ത മില്‍മയുടെ പരസ്യത്തില്‍ ‘സ്ഥിരം പ്രതിയായും’ രാജേഷ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയിട്ടുണ്ട്.
മമ്മൂട്ടി ചിത്രം സ്ട്രീറ്റ് ലൈറ്റ്‌സ്, രതീഷ് പൊതുവാളിന്റെ തന്നെ സൗബിന്‍ ചിത്രം ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, ടൊവിനോ-ആഷിഖ് അബു ചിത്രം നാരദന്‍, ഐശ്വര്യ ലക്ഷ്മി പ്രധാന വേഷത്തില്‍ എത്തിയ അര്‍ച്ചന 31 നോട്ട് ഔട്ട് എന്നിവയാണ് രാജേഷ് അഭിനയിച്ച മറ്റ് ചിത്രങ്ങള്‍. സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത് വിന്‍സി അലോഷ്യസ്, ഷറഫുദ്ദീന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന 1744 വൈറ്റ് ആള്‍ട്ടോയാണ് രാജേഷിന്റെ വരാനിരിക്കുന്ന ചിത്രം.