വീട്ടുകാര്‍ വലിയ കുറവായാണ് സിനിമയെ കാണുന്നത്, പക്ഷേ അവര്‍ക്ക് ആ കഥാപാത്രം ഇഷ്ടപ്പെട്ടു: രാജേഷ് മാധവന്‍
Film News
വീട്ടുകാര്‍ വലിയ കുറവായാണ് സിനിമയെ കാണുന്നത്, പക്ഷേ അവര്‍ക്ക് ആ കഥാപാത്രം ഇഷ്ടപ്പെട്ടു: രാജേഷ് മാധവന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 28th April 2023, 11:55 pm

കഴിഞ്ഞ വര്‍ഷം ഇറങ്ങിയ മലയാളം ഹിറ്റ് സിനിമകളിലൊന്നായിരുന്നു രതീഷ് ബാലകൃഷ്ണ പൊതുവാള്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘ന്നാ താന്‍ കേസ് കൊട്’ സിനിമ. കാസര്‍ഗോഡ് പശ്ചാത്തലമായൊരുങ്ങിയ സിനിമയില്‍ കുഞ്ചാക്കോ ബോബനാണ് നായകനായത്.

ചിത്രത്തില്‍ രാജേഷ് മാധവന്‍ അവതരിപ്പിച്ച സുരേശന്‍ എന്ന കഥാപാത്രം ശ്രദ്ധ നേടിയിരുന്നു. ഈ കഥാപാത്രം തനിക്ക് വളരെ സ്‌പെഷ്യലാണെന്ന് പറയുകയാണ് രാജേഷ് മാധവന്‍. കാസര്‍ഗോഡ് ഭാഷ സംസാരിക്കുന്ന ഇത്രയും വലിയ കഥാപാത്രം ന്നാ താന്‍ കേസ് കൊടിലല്ലാതെ ചെയ്തിട്ടില്ലെന്നും സിനിമ ഒരു കുറവായിട്ട് കണ്ടിരുന്ന വീട്ടുകാര്‍ക്ക് പോലും ചിത്രം ഇഷ്ടപ്പെട്ടെന്നും ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റിന് നല്‍കിയ അഭിമുഖത്തില്‍ രാജേഷ് മാധവന്‍ പറഞ്ഞു.

‘ഈ കഥാപാത്രത്തെ കുറിച്ചാണ് ആളുകള്‍ എന്നോട് ഏറ്റവും കൂടുതല്‍ പറയുന്നത്. രാജേഷ് എന്ന എന്റെ പേരിനെക്കാളും ആളുകള്‍ എന്നെ അറിയുന്നത് സുരേശേട്ടന്‍ എന്ന പേരിലൂടെയാണ്. കാസര്‍ഗോഡ് ഭാഷയില്‍ കുറച്ച് ലെങ്തിയായിട്ടുള്ള കഥാപാത്രം ചെയ്തിട്ടുള്ളത് സുരേശനാണ്.

എന്റെ വീട്ടുകാര്‍ വലിയ കുറവായാണ് സിനിമയെ കാണുന്നത്. നാട്ടിന്‍പുറത്താണ് അവര്‍. ടി.വിയില്‍ സിനിമ കാണും. തിയേറ്ററില്‍ സിനിമ കാണുന്നത് വളരെ കുറവാണ്. കേസ് കൊട് കാണാന്‍ ഞാന്‍ വീട്ടുകാരെ കൊണ്ടുപോയിരുന്നു. എല്ലാവരും എന്‍ജോയ് ചെയ്തു. എല്ലാവര്‍ക്കും ഭാഷ മനസിലായിട്ടുമുണ്ട്. അത് എനിക്ക് കുറച്ച് സ്‌പെഷ്യലായിരുന്നു,’ രാജേഷ് മാധവന്‍ പറഞ്ഞു.

മദനോത്സസവമാണ് ഒടുവില്‍ പുറത്ത് വന്ന രാജേഷ് മാധവന്റെ ചിത്രം. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തിരക്കഥയൊരുക്കിയ മദനോത്സവത്തില്‍ സുരാജ് വെഞ്ഞാറമൂടാണ് നായകനായത്. നവാഗതനായ സുധീഷ് ഗോപിനാഥാണ് സംവിധാനം. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിതാണ് ചിത്രത്തിന്റെ നിര്‍മാതാവ്.

Content Highlight: rajesh madhavan about nna than case kodu