ഒരു ട്വീറ്റിൽ നിന്നാണ് ആ ചിത്രത്തിനുള്ള ഐഡിയ സംവിധായകന് ലഭിക്കുന്നത്: രാജേഷ് മാധവൻ
Entertainment
ഒരു ട്വീറ്റിൽ നിന്നാണ് ആ ചിത്രത്തിനുള്ള ഐഡിയ സംവിധായകന് ലഭിക്കുന്നത്: രാജേഷ് മാധവൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 12th May 2024, 10:12 am

രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്കിടയിൽ ഏറെ സ്വീകാര്യനായ നടനാണ് രാജേഷ് മാധവൻ.

രാജേഷ് അവതരിപ്പിച്ച സുരേശൻ എന്ന കഥാപാത്രം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു. മുമ്പ് സിനിമയിൽ കാസ്റ്റിങ് ഡയറക്ടറായും അഭിനേതാവായുമെല്ലാം ഭാഗമായിട്ടുണ്ടെങ്കിലും മലയാളികൾക്കിടയിൽ വലിയ സ്ഥാനം നേടികൊടുത്തത് സുരേശൻ എന്ന കഥാപാത്രമായിരുന്നു.

ഇപ്പോഴിതാ ചിത്രത്തിലെ സുരേശന്റെയും സുമലതയുടെയും പ്രണയത്തെ ആസ്പദമാക്കി ഒരു സിനിമ ഇറങ്ങാൻ പോവുകയാണ്. ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’യെന്ന് പേരിട്ടിരിക്കുന്ന ചിത്രം ഈ മാസം 16 ന് ഇറങ്ങും.

ഒരു ട്വീറ്റിൽ നിന്നാണ് ഈ ചിത്രം സംഭവിക്കുന്നതെന്ന് രാജേഷ് പറയുന്നു. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന് ശേഷം ചിത്രത്തിലെ തന്റെ ഭാഗങ്ങൾ സോഷ്യൽ മീഡിയകളിൽ വലിയ ശ്രദ്ധ നേടിയപ്പോഴാണ് സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാളിന് ഈ ഐഡിയ ലഭിച്ചതെന്നും ദേശാഭിമാനി പത്രത്തിന് നൽകിയ അഭിമുഖത്തിൽ രാജേഷ് പറഞ്ഞു.

‘ന്നാ താൻ കേസ് കൊട് ഇറങ്ങിയ സമയത്ത് സുരേശന്റെയും സുമലതയുടെയും കഥാപാത്രങ്ങൾ നന്നായി ശ്രദ്ധിക്കപ്പെട്ടിരുന്നു. സമൂഹമാധ്യമങ്ങളിലും റീൽസിലു മെല്ലാമായി വൈറലായി. ഈ കഥാപാത്രങ്ങളെ വെച്ച് സിനിമ ഇറങ്ങുന്നതിനെക്കുറിച്ചെല്ലാം ചർച്ചകളും ഉണ്ടായിരുന്നു.

സ്പിൻ ഓഫ് ഉണ്ടായാൽ നന്നാകുമെന്ന ഒരു ട്വീറ്റ് സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാൾ എനിക്ക് അയച്ച് തന്ന്,എങ്ങനെയുണ്ട്, നോ ക്കിയാലോ’ എന്ന് ചോദിച്ചു. തമാശ മട്ടിലാണ് ചോദിച്ചത്. ചുറ്റുമുള്ളവരൊക്കെ ഇത് സിനിമയാക്കുന്നതിനെക്കുറിച്ച് പറയുന്നുണ്ടെന്ന് പറഞ്ഞു.

അങ്ങനെയാണ് ‘സുരേശന്റെയും സു മലതയുടെയും ഹൃദയഹാരിയായ പ്ര ണയകഥ’ എന്ന പടം സംഭവിക്കുന്നത്. ന്നാ താൻ കേസ് കൊട് നന്നായി ശ്രദ്ധിക്കപ്പെട്ട സിനിമയാണ്. അതിൽനിന്ന് ഒരു സ്‌പിൻ ഓഫ് ചെയ്യുന്നത് റിസ്‌കുള്ള പരിപാടിയാണ്. ആളുകൾക്ക് ഇഷ്‌ടപ്പെട്ട കഥാപാത്രങ്ങളെ എടുത്താൽ അത് നന്നായി അവതരിപ്പിക്കാൻ കഴിയണം.

കുറച്ചു കൂടി ഉത്തരവാദിത്വം കൂടുകയും ചെയ്യും. ഇതൊരു ചെറിയ സിനിമയല്ല. പ്രതീക്ഷിക്കുന്നതിൽനിന്ന് അധികമായി കുറച്ച് കാര്യങ്ങൾ ഒളിപ്പിച്ച് വച്ചിട്ടുണ്ട്. പയ്യന്നൂർ ഗ്രാമം, കുഞ്ചാക്കോ ബോബന്റെ കൊഴുമ്മൽ രാജീവനൊക്കെ ചിത്രത്തിലുണ്ട്,’രാജേഷ് മാധവൻ പറയുന്നു.

 

Content Highlight: Rajesh Madhav Talk About  His New Movie