| Wednesday, 14th March 2018, 2:29 pm

സ്റ്റീഫന്‍ ഹോക്കിങ്: മാനവികതയുടെ ശാസ്ത്രമുഖം

രാജേഷ് കെ.പി

സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ മരണത്തിന്റെ ദുഃഖം ശാസ്ത്രജ്ഞരിലോ ഒരു കൂട്ടം ശാസ്ത്ര വിദ്യാര്‍ഥികളിലോ , അദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖലകളില്‍ മാത്രമോ ഒതുങ്ങി നില്‍ക്കുന്നില്ല എന്നത് കൗതുകകരമാണ്. സാധാരണ മനുഷ്യന് ഏറെക്കുറെ അപ്രാപ്യമായ ഒരു മേഖലയില്‍ ഗവേഷണം നടത്തുകയും സുപ്രധാനമായ ചില സിദ്ധാന്തങ്ങള്‍ മുന്നോട്ട് വെക്കുകയും ചെയ്ത ഒരു വ്യക്തി എങ്ങനെയാണ് ജനസാമാന്യത്തിന്റെ മനസ്സില്‍ സ്ഥാനം നേടുന്നത് ?

ആരായിരുന്നു സ്റ്റീഫന്‍ ഹോക്കിങ് എന്ന ചോദ്യത്തിന് പലപ്പോഴും ലഭിക്കുന്ന മറുപടി Brief History of Time വായിച്ചിട്ടുണ്ട് എന്നായിരിക്കും. ആപേക്ഷികതാ സിദ്ധാന്തവും ക്വാണ്ടം തിയറിയും, തുടര്‍ന്ന് ഒരു ഗ്രാന്റ് യൂണിഫൈഡ് തിയറിയുടെ അന്വേഷണവും എല്ലാം അടിസ്ഥാന ശാസ്ത്ര വിദ്യാഭ്യാസം ഇല്ലാത്തവര്‍ക്ക് പോലും മനസിലാവുന്ന രീതിയില്‍ എഴുതിയ ഒരു പുസ്തകത്തിന്റെ രചയിതാവ് എന്ന നിലക്കാണ് ഹോക്കിംഗ് ആഗോള ശ്രദ്ധ നേടിയതും അറിയപ്പെടുന്നതും.

സ്ഥല കാലത്തെ പറ്റി [space time] ഹോക്കിങ് എഴുതിയ The large scale structure of space time എന്ന പുസ്തകം ഈ വിഷയത്തിലെ പ്രമുഖമായ ഒരു രചനയാണ്. ശാസ്ത്ര രംഗത്ത് പ്രത്യേകിച്ച് പ്രപഞ്ച സത്യങ്ങളെ കുറിച്ചുള്ള ഗവേഷണത്തില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ തുല്യതയില്ലാത്തവയാണ്. എന്നാല്‍ ഇവയില്‍ നിന്നും ഹോക്കിങ്ങിനെ വ്യത്യസ്തനാക്കുന്നത് സാമൂഹ്യ രാഷ്ട്രീയ നിലപാടുകളിലെ മാനുഷികതയാണ്.

വളരെ ചെറിയ പ്രായത്തില്‍ തന്നെ ALS രോഗബാധിതനായ ഹോക്കിങ് ജീവിതത്തിന്റെ വലിയൊരു പങ്കും വീല്‍ ചെയര്‍ ബന്ധിതന്‍ കൂടെ ആയിരുന്നു. സ്വന്തം രോഗാവസ്ഥയും അതിനെ തുടര്‍ന്നുള്ള പരിമിതികളും ഒരിക്കലും അറിവിന്റെ അന്വേഷണത്തിനോ അവ സഹജീവികള്‍ക്ക് പകര്‍ന്നു കൊടുക്കുന്നതിനോ ഒരു തടസ്സമാകുവാന്‍ ഈ ശാസ്ത്രജ്ഞന്‍ അനുവദിച്ചില്ല. ശാസ്ത്രം രാഷ്ട്രീയത്തിന് അതീതമാണ് എന്ന പൊതുബോധത്തിന്റെ മറുപുറമായിരുന്നു ഈ ശാസ്ത്രജ്ഞന്‍. നിയോ ലിബറലിസം മുതല്‍ ഇസ്രായേല്‍ ഭീകരത വരെയുള്ള വിഷയങ്ങളില്‍ തുറന്ന നിലപാടുകള്‍ എടുക്കുന്നതില്‍ മടി കാണിച്ചിരുന്നില്ല അദ്ദേഹം.


Also Read: ഇടതുപക്ഷം ഇടതുപക്ഷത്തോട് ചെയ്യുന്നത്


ബ്രിട്ടന്റെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് നിര്‍ത്തലാക്കാനുള്ള കണ്‍സര്‍വേറ്റീവ് രാഷ്ട്രീയത്തിന്റെ ശ്രമങ്ങളെ ഗാര്‍ഡിയന്‍ പത്രത്തില്‍ എഴുതിയ ഒരു ലേഖനത്തില്‍ അദ്ദേഹം നിശിതമായി വിമര്‍ശിക്കുകയുണ്ടായി. ആരോഗ്യ മേഖല എന്തുകൊണ്ട് സര്‍ക്കാരിന്റെ കൈകളില്‍ ആയിരിക്കണം എന്നതും ചികിത്സ എന്നത് എല്ലാവര്‍ക്കും തുല്യമായി ലഭിക്കേണ്ട ഒരു മൌലികാവകാശമാണ് എന്നതും അതില്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് വഹിച്ച പങ്കിന്റെ ഒരു ഗുണഭോക്താവ് ആണ് താനെന്നു അദ്ദേഹം തുറന്നു പറയുന്നു.

ശാസ്ത്ര ഗവേഷണത്തെ പ്രതികൂലമായി ബാധിക്കും എന്ന കാരണത്താല്‍ ബ്രെക്‌സിടിനെ എതിര്‍ക്കാന്‍ ആഹ്വാനം ചെയ്ത അദ്ദേഹം ബ്രെക്‌സിറ്റ് പരാജയപ്പെട്ടപ്പോള്‍ പരാജയ കാരണം വിശകലനം ചെയ്ത് നടത്തിയ അഭിപ്രായവും ശ്രദ്ധേയമായിരുന്നു. ദന്തഗോപുരങ്ങളിലെ ആഹ്വാനങ്ങള്‍ ജനങ്ങള്‍ക്ക് കേള്‍ക്കെണ്ടതില്ല എന്നും വര്‍ധിച്ചു വരുന്ന സാമ്പത്തിക അസമത്വത്തോടുള്ള ജനങ്ങളുടെ സ്വാഭാവിക പ്രതികരണം ആണ് ഇതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സാങ്കേതികവിദ്യ ഇല്ലാതാക്കുന്ന ജോലികളും അത് സാധാരണ ജനങ്ങളുടെ ജീവിതത്തെ വറുതിയിലേക്ക് തള്ളിവിടുന്ന സാഹചര്യവും മനുഷ്യരാശിയുടെ നിലനില്‍പ്പിനു നേരെയുള്ള ഭീഷണികള്‍ ആകാതിരിക്കാന്‍ അധികാരവും അറിവും ഉള്ളവര്‍ ദന്തഗോപുരങ്ങളില്‍ നിന്ന് ഇറങ്ങി വന്ന് കൂട്ടായി പ്രവര്‍ത്തിക്കേണ്ടതിനെപ്പറ്റി അദ്ദേഹം ഊന്നിപ്പറഞ്ഞിരുന്നു. കാലാവസ്ഥ വ്യതിയാനങ്ങളെ നേരിടാന്‍ ശാസ്ത്ര സാങ്കേതിക വിദ്യ പരിഹാരമാകുന്ന പക്ഷം അതിന്റെ ഗുണ ഫലങ്ങള്‍ മനുഷ്യരാശിക്ക് മൊത്തം ഗുനപരമാവേണ്ടതിന്റെ ആവശ്യകതയും ഈ മനുഷ്യസ്‌നേഹി ഉറക്കെ ഉന്നയിച്ചിരുന്ന ഒന്നാണ്. പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്മാറാനുള്ള ട്രംപിന്റെ തീരുമാനത്തേയും അദ്ദേഹം നിശിതമായി വിമര്‍ശിച്ചിരുന്നു.

2013ല്‍ ഇസ്രായേല്‍ പ്രസിഡന്റിന്റെ ക്ഷണം നിരസിച്ച ഹോക്കിങ് ഫലസ്തീന്‍ വിഷയത്തില്‍ വ്യക്തമായ നിലപാടെടുത്ത് BDS മൂവ്‌മെന്റിനെ പിന്തുണച്ചത് ശ്രദ്ധേയമായിരുന്നു. ശാസ്ത്രലോകത്ത് ബി.ഡി.എസ് മൂവ്‌മെന്റിന് ലഭിച്ച വലിയ അംഗീകാരങ്ങളില്‍ ഒന്നായിരുന്നു ഇത്. സമ്മേളനത്തില്‍ നിന്ന് വിട്ടു നില്‍ക്കാനുള്ള ഹോക്കിങ്ങിന്റെ തീരുമാനം വിമര്‍ശന വിധേയമായെങ്കിലും ഫലസ്തീന്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു ഹോക്കിങ് ചെയ്തത്.

2009 ലെ ഇസ്രായേലിന്റെ ഗാസ ബോംബിങ്ങിനെ നിശിതമായ ഭാഷയില്‍ വിമര്‍ശിച്ച ഹോക്കിംഗ് ശാസ്ത്രവും സാങ്കേതിക വിദ്യയും രാഷ്ട്രീയത്തോടും മാനവികതയോടും മുഖം തിരിച്ചു നില്‍ക്കേണ്ട ഒന്നല്ല എന്ന് ലോകത്തിന് കാട്ടിക്കൊടുത്തു.

ശാസ്ത്രലോകത്തിന് ഒരു മികച്ച ശാസ്ത്രജ്ഞനെ നഷ്ടമായപ്പോള്‍ ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടത് അവരെ കുറിച്ചുകൂടെ ചിന്തിക്കുന്ന, നിലപാടുകള്‍ എടുക്കുന്ന ഒരു മനുഷ്യസ്‌നേഹിയെ ആണ്. ആ മനുഷ്യന്‍ നമ്മോടൊപ്പം ജീവിച്ച ചെറിയ കാലത്തിന്റെ ചെറിയ ചരിത്രത്തില്‍ സങ്കീര്‍ണമായ ഗണിത സമവാക്യങ്ങള്‍ക്കൊപ്പം, അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകള്‍ കൂടെ ഓര്‍മ്മിക്കപ്പെടേണ്ടതാണ്.

രാജേഷ് കെ.പി

We use cookies to give you the best possible experience. Learn more