തിരുവനന്തപുരം: കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട കേസില്‍ നടക്കുന്ന പൊലീസ് അന്വേഷണത്തില്‍ സംതൃപ്തരാണെന്നും പരാതിയില്‍ നിന്നും പിന്മാറില്ലെന്നും നടിയുടെ ബന്ധു രാജേഷ് ബി മേനോന്. കേസില്‍ നിന്നും പിന്മാറുമോ എന്നു ചോദിച്ച് നിരവധിപ്പേര്‍ വരുന്നുണ്ടെന്നും എന്നാല്‍ ഉത്തരം മുന്നേ പറഞ്ഞത് തന്നെയാണെന്നും രാജേഷ് വ്യക്തമാക്കി.
Also read: വിഴിഞ്ഞം കരാര്‍ വില്പ്പനയാണോയെന്ന് കോടതി
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാജേഷ് തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. കേരള മുഖ്യമന്ത്രിയുടെ നീതിയുക്തവും ധീരവുമായ നിലപാടിലും കേരള പൊലീസിന്റെ ഇതുവരെയുള്ള സത്യസന്ധമായ അന്വേഷണത്തിലും തങ്ങള്‍ പരിപൂര്‍ണ സംതൃപ്തരാണെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ നിന്ന് പിന്മാറില്ലെന്നും കേസ് സി.ബി.ഐയ്ക്ക് വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും രാജേഷ് വ്യക്തമാക്കി.
“നിലവില്‍ അന്വേഷണം കൃത്യമായ വഴികളിലൂടെ തന്നെയാണ് പോയ്ക്കൊണ്ടിരിക്കുന്നത് എന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ കേരള പൊലീസില്‍ നിന്നും അന്വേഷണം സി.ബി.ഐയിലേക്ക് മാറ്റുന്നതിന് ഞങ്ങള്‍ ആഗ്രഹിക്കുന്നുമില്ല, അതിന് തയ്യാറുമല്ല.” രാജേഷ് പറഞ്ഞു. നീതിയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ ഞങ്ങളുടെ കൂടെ എന്നുമുണ്ടായിരിക്കണമെന്നു പറഞ്ഞാണ് അദ്ദേഹത്തിന്റെ പോസ്റ്റ് അവസാനിക്കുന്നത്.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
“സുഹൃത്തുക്കളേ …
ഇന്നത്തെ സാഹചര്യത്തില്‍ പ്രത്യക്ഷമായും പരോക്ഷമായും നിരവധി പേരുടെ ചോദ്യങ്ങളും കണ്ടെത്തലുകളും ആകുലതകളും ഞങ്ങളിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. അതില്‍ ആദ്യത്തേത് ഈ കേസില്‍ നിന്നും പിന്മാറുമോ എന്നുള്ളതാണ്. ഇതുനുത്തരം ഞാന്‍ മുന്‍പേ പറഞ്ഞത് തന്നെയാണ്. പിന്മാറാനായിരുന്നെങ്കില്‍ ഒരിക്കലും മുന്നോട്ടു വരുമായിരുന്നില്ല.
മറ്റൊന്ന് കേസിന്റെ ഗതിവിഗതികളില്‍ ഇപ്പോള്‍ സംതൃപ്തരാണോ അതോ അന്വേഷണം സി.ബി.ഐക്ക് വിടുന്നുണ്ടോ എന്നതാണ്. കേരള മുഖ്യമന്ത്രിയുടെ നീതിയുക്തവും ധീരവുമായ നിലപാടിലും കേരള പൊലീസിന്റെ ഇതുവരെയുള്ള സത്യസന്ധമായ അന്വേഷണത്തിലും ഞങ്ങള്‍ പരിപൂര്‍ണ സംതൃപതരാണ്.
അന്വേഷണം അതിന്റെ കൃത്യമായ വഴികളിലൂടെ തന്നെയാണ് പോയ്ക്കൊണ്ടിരിക്കുന്നത് എന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ കേരള പൊലീസില്‍ നിന്നും അന്വേഷണം സി.ബി.ഐയിലേക്ക് മാറ്റുന്നതിന് ഞങ്ങള്‍ ആഗ്രഹിക്കുന്നുമില്ല, അതിന് തയ്യാറുമല്ല. ഞാന്‍ നേരില്‍ അറിയുന്നതും അറിയാത്തതുമായ നിങ്ങള്‍ സുഹൃത്തുക്കളാണ് എന്റെയും എന്റെ കുടുംബത്തിന്റേയും പിന്‍ബലം. നീതിയ്ക്ക് വേണ്ടിയുള്ള ഈ പോരാട്ടത്തില്‍ ഞങ്ങളുടെ കൂടെ എന്നുമുണ്ടായിരിക്കണം”.