[]ന്യൂദല്‍ഹി: ഐ.പി.എല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല രാജിവെച്ചു. ഐപിഎല്‍ വാതുവെപ്പ് വിവാദവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചത്.
എന്നാല്‍ ബി.സി.സി.ഐ ചെയര്‍മാന്‍ എന്‍. ശ്രീനിവാസന്‍ തല്‍സ്ഥാനത്ത് നിന്ന് രാജിവെച്ചിട്ടില്ല.[]
ഐ.പി.എല്ലിലെ പല മത്സരങ്ങളും വിവാദമായതും, ടീമുകളിലെ കളിക്കാര്‍ ഒത്തുകളിയില്‍ പങ്കാളികളായത് തെളിഞ്ഞ സ്ഥിതിക്ക് ചെയര്‍മാന്‍ സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന് തോന്നിയത് കൊണ്ടാണ് രാജിയെന്ന് കേന്ദ്രമന്ത്രി കൂടിയായ ശുക്ല വ്യക്തമാക്കി.
നേരത്തെ വാതുവെപ്പുമായി ബന്ധപ്പെട്ട് ബി.സി.സി.ഐ സെക്രട്ടറി സഞ്ജയ് ജഗ്ദലെയും ട്രഷറര്‍ അജയ് ഷിര്‍ക്കെയും രാജി വെച്ചിരുന്നു. ഇവരുടെ രാജി ഐ.പി.എല്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ തന്നെ സ്വാധീനിച്ചതായി രാജീവ് ശുക്ല അറിയിച്ചു.
ബി.സി.സി.ഐ ചെയര്‍മാന്‍ എന്‍ ശ്രീനിവാസന്‍ ബി.സി.സി.ഐ.യുടെ അധ്യക്ഷസ്ഥാനം രാജിവെക്കാത്തതില്‍ പ്രതിഷേധിച്ചാണ് ബി.സി.സി.ഐ സെക്രട്ടറിയും, ട്രഷററും നേരത്തെ രാജിവെച്ചത്. വാതുവെപ്പിനെ തുടര്‍ന്ന് നിരവധി പേര്‍ അറസ്റ്റിലാവുകയും, ഉന്നത ഉദ്യോഗസ്ഥര്‍ രാജിവെക്കുകയും ചെയ്ത സാഹചര്യത്തില്‍ ബി.സി.സി.ഐ അധ്യക്ഷന്‍ എന്‍. ശ്രീനിവാസന് രാജിവെക്കാതെ നിര്‍വ്വാഹമില്ലാത്ത അവസ്ഥയിലെത്തിയിരിക്കുകയാണ്.
ജൂണ്‍ എട്ടിന് ബി,സി.സി.ഐ നിര്‍വ്വാഹക സിമിതി യോഗം ചേരാനിരിക്കുന്നതിന് മുമ്പാണ് ഐ.പി.എല്‍ ചെയര്‍മാന്‍ രാജിവെച്ചതെന്ന പ്രത്യകതയും ഇക്കാര്യത്തിലുണ്ട്.
ആ യോഗത്തില്‍ ശ്രീനിവാസന്‍ രാജിവെക്കുമെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്.
ബി.സി.സി.ഐ അധ്യക്ഷന്‍ എന്‍. ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ ശ്രീനിവാസന് മേല്‍ സമ്മര്‍ദ്ദമേറിയത്.
വാതുവെപ്പ് വിവാദത്തെ തുടര്‍ന്ന് രാജസ്ഥാന്‍ റോയല്‍സ് അംഗങ്ങളില്‍ ആരംഭിച്ച അന്വേഷണം ഇപ്പോള്‍ ബി.സി.സി.ഐ തലപ്പത്തേക്ക് എത്തിനില്‍ക്കുകയാണ്.
വാതുവെപ്പ് കേസില്‍ അറസ്റ്റിലായ വിന്ദു ധാരാസിംഗ് ബി.സി.സി.ഐയുടെ മുതിര്‍ന്ന അംഗവുമായി സംസാരിച്ചതിന്റെ ശബ്ദരേഖ മുംബൈ ക്രൈം ബ്രാഞ്ചിന് കഴിഞ്ഞ ദിവസം ലഭിച്ചിരന്നു.
കഴിഞ്ഞ ലോകകപ്പിലും വാതുവെപ്പില്‍ വിന്ദു ഇടപെട്ടതായിട്ടാണ് വിവരം ലഭിച്ചത്. ഐ.പി.എല്‍ വാതുവെപ്പിനെക്കുറിച്ച് ഐ.സി.സി മുന്നറിയിപ്പ് തന്നിരുന്നതായി ഗുരുനാഥ് മെയ്യപ്പന്‍ ചോദ്യം ചെയ്യലില്‍ പോലീസിനോട് പറഞ്ഞിരുന്നു. ഐ.പി.എല്‍ ആറാം സീസണ്‍ ആരംഭിക്കുന്നതിന് മുന്‍പായി വാതുവെപ്പ് ഇടനിലക്കാരില്‍ നിന്നും അകന്നു നില്‍ക്കണമെന്നാണ് ഐ.സി.സി മെയ്യപ്പന് മുന്നറിയിപ്പ് നല്‍കിയിരുന്നത്.
വിന്ദു ധാരാ സിംഗിനെ പോലെയുള്ളവരുമായി അകലം സൂക്ഷിക്കാന്‍ ആന്റി കറപ്ഷന്‍ ആന്‍ഡ് സെക്യൂരിറ്റി യൂണിറ്റിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ മെയ്യപ്പനെ ഉപദേശിച്ചിരുന്നുവെന്ന് പോലീസ് വൃത്തങ്ങള്‍ പറയുന്നു. തനിക്ക് മുന്നറിയിപ്പ് ലഭിച്ചുവെന്ന കാര്യം മെയ്യപ്പന്‍ വിന്ദു ധാരാ സിംഗിനെ അറിയിച്ചിരുന്നു.
ബി.സി.സി.ഐ സെക്രട്ടറിയും, ട്രഷററും ഇപ്പോള്‍ ഐ.പി.എല്‍ ചെയര്‍മാനുമുള്‍പ്പടെയുള്ള ഉന്നത ഉദ്യാഗസ്ഥര്‍ രാജി വെച്ച സ്ഥിതിക്ക് ബി.സി.സി.ഐ അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കാതെ ശ്രീനിവാസന് ഇനി മറ്റ് മാര്‍ഗ്ഗങ്ങളുണ്ടാവില്ല.