| Monday, 8th June 2020, 6:20 pm

'വിജയിക്കാന്‍ വേണ്ടത് ഒറ്റ വോട്ട്'; രണ്ട് സീറ്റിലും വിജയിക്കുന്ന കോണ്‍ഗ്രസ് തന്ത്രത്തെ കുറിച്ച് പറഞ്ഞ് രാജീവ് സത്താവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: രാജ്യസഭ തെരഞ്ഞെടുപ്പിന് മുമ്പ് നിരവധി കോണ്‍ഗ്രസ് എം.എല്‍.എമാരാണ് രാജിവെച്ചത്. കോണ്‍ഗ്രസ് മത്സരിക്കുന്ന രണ്ടാം സീറ്റിലെ വിജയ സാധ്യതയാണ് ഈ രാജികള്‍ ചോദ്യം ചെയ്തത്. എന്നാല്‍ കോണ്‍ഗ്രസിന് രണ്ടാം സീറ്റിലും വിജയിക്കാന്‍ ഒരു വോട്ട് മാത്രമേ വേണ്ടുവെന്ന് ഗുജറാത്ത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാജീവ് സത്താവ്.

‘ഞങ്ങള്‍ക്ക് രണ്ടാം സീറ്റ് വിജയിക്കുന്നതിന് അധികമായി ഒരു വോട്ട് മാത്രം മതി. സംഖ്യകളെ കുറിച്ച് ഞങ്ങള്‍ സംസാരിക്കുന്നില്ല, സീറ്റ് വിജയിക്കുന്നതിനുള്ള ഞങ്ങളുടെ തന്ത്രത്തിന്റെ ഭാഗമായാണ്’, രാജീവ് സത്താവ് പറഞ്ഞു.

2017ല്‍ രാജ്യസഭയിലേക്ക് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ വിജയിച്ചത് രാജീവ് സത്താ ഉദാഹരണമായി ചൂണ്ടിക്കാട്ടി.തങ്ങള്‍ വെറുതെ ഇരിക്കുക അല്ലെന്നും വിജയിക്കാനാവശ്യമായ സംഖ്യക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് രാജ്യസഭ സീറ്റുകളിലേക്കാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ശക്തിസിങ് ഗോഗിലും ഭാരത് സിങ് സോളങ്കിയുമാണ് മത്സരിക്കുന്നത്. രണ്ടാം സീറ്റില്‍ രാജീവ് ശുക്ലയെയാണ് കോണ്‍ഗ്രസ് ആദ്യം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. ബി.ജെ.പി ഈ സീറ്റില്‍ നര്‍ഹരി അമനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെയാണ് കോണ്‍ഗ്രസ് രാജീവ് ശുക്ലയെ പിന്‍വലിച്ച് ഭാരത് സിങ് സോളങ്കിയെ പ്രഖ്യാപിച്ചത്.

വ്യക്തിപരമായ ബന്ധങ്ങളുടെ പേരില്‍ ബി.ജെ.പിയില്‍ നിന്ന് പോലും സോളങ്കിയ്ക്ക് വോട്ടുകള്‍ ലഭിക്കും എന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ് ഈ നീക്കം നടത്തിയത്. മുന്‍ മുഖ്യമന്ത്രി മാധവ് സിങ് സോളങ്കിയുടെ മകനും മുന്‍ സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷനുമാണ് ഭാരത് സിങ് സോളങ്കി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more