|

രാജീവ് രവി - നിവിന്‍ പോളി ചിത്രം 'തുറമുഖം' റോട്ടര്‍ഡാം ഫെസ്റ്റിവലിലേക്ക്; ഇന്ത്യയില്‍ നിന്ന് മൂന്ന് ചിത്രങ്ങള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: 2021 ലെ റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് രാജീവ് രവി – നിവിന്‍ പോളി ചിത്രം തുറമുഖം തെരഞ്ഞെടുത്തു. മൂന്ന് സിനിമകളാണ് ഇന്ത്യയില്‍ നിന്ന് മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

തമിഴ് ചിത്രങ്ങളായ കടൈസി വിവസായി, കൂസങ്ങള്‍ എന്നിവയാണ് മറ്റു രണ്ട് ചിത്രങ്ങള്‍. നയന്‍താരയും വിഗ്നേഷ് ശിവനും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രമാണ് കൂസങ്ങള്‍. ചിത്രം ടൈഗര്‍ കോംപിറ്റീഷന്‍ വിഭാഗത്തിലാണ് മത്സരിക്കുന്നത്.

തുറമുഖവും കടൈസി വിവസായിയും ഫെസ്റ്റിവലിലെ ബിഗ് സ്‌ക്രീന്‍ മത്സരവിഭാഗത്തിലാണ് പ്രദര്‍ശിപ്പിക്കുക. മണികണ്ഠനാണ് കടൈസി വിവസായി സംവിധാനം ചെയ്യുന്നത്. മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.

മട്ടാഞ്ചേരി തുറമുഖത്തെ തൊഴിലാളി ജീവിതങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ തുറമുഖം വലിയ പ്രതീക്ഷയോടെയാണ് സിനിമാ ലോകം കാത്തിരിക്കുന്നത്.

കെ.എം ചിദംബരം എഴുതിയ ”തുറമുഖം” എന്ന നാടകത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ഇയ്യോബിന്റെ പുസ്തകത്തിന്റെ തിരക്കഥാകൃത്തും ചിദംബരത്തിന്റെ മകനുമായ ഗോപന്‍ ചിദംബരമാണ് തുറമുഖത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

നിമിഷ സജയന്‍, നിവിന്‍ പോളി, ബിജു മേനോന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, അര്‍ജുന്‍ അശോക് തുടങ്ങി വന്‍ താരനിരയാണ് ഈ പിരീഡ് ഡ്രാമയിലുള്ളത്.

2016 ല്‍ പുറത്തിറങ്ങിയ കമ്മട്ടിപ്പാടത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മണികണ്ഠന്‍ ആചാരിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് മികച്ച സ്വഭാവ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം മണികണ്ഠന്‍ ആചാരിയെ തേടിയെത്തിയിരുന്നു.

കൊറോണകാലത്ത് ആരംഭിച്ച് 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, തൊഴിലാളി പ്രതിരോധങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

തൊഴിലില്ലായ്മ രൂക്ഷമായ കാലത്ത് തൊഴില്‍ വിഭജനത്തിനായി ആവിഷ്‌കരിച്ച് കിരാത സമ്പ്രദായമാണ് ചാപ്പ. കൂട്ടമായി നില്‍ക്കുന്ന തൊഴിലാളികള്‍ക്കു നേരെ ടോക്കണുകള്‍ എറിഞ്ഞു കൊടുക്കുന്ന ഈ സമ്പ്രദായം അവസാനിപ്പിക്കുന്നതിനായി തൊഴിലാളികള്‍ നടത്തിയ ഐതിഹാസികമായ പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Rajeev Ravi – Nivin Pauly THURAMUKHAM to Rotterdam Festival; Three films from India